ADVERTISEMENT

ഫോർട്ട്കൊച്ചി∙ ജർമൻ സ്വദേശി റാൽഫ് (65) ഏതാനും ദിവസങ്ങളായി ഫോർട്ട്കൊച്ചി ബീച്ച് ശുചീകരിക്കുന്നതിന്റെ തിരക്കിലാണ്. രാവിലെ 6ന് കടപ്പുറത്ത് എത്തി പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും അടിച്ചുകൂട്ടി അവ സ്വന്തം ചെലവിൽ വാങ്ങിയ പ്ലാസ്റ്റിക് കൂടുകളിൽ നിറച്ചു മാറ്റിവയ്ക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. കടപ്പുറത്ത് എത്തിയ നാട്ടുകാരിൽ ചിലർ ഇതിന്റെ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ റാൽഫിന്റെ സേവന മാതൃക വൈറലായി.

പലരും അടുത്തെത്തി അഭിനന്ദിക്കാറുണ്ടെങ്കിലും സന്തോഷം ചിരിയിൽ ഒതുക്കി പണി തുടരും റാൽഫ്.‘ഫോർട്ട്കൊച്ചിയുടെ സാംസ്കാരിക പൈതൃകവും പ്രകൃതിഭംഗിയും ആരെയും ആകർഷിക്കുന്നതാണ്. ഫോർട്ട്കൊച്ചി ബീച്ച് വൃത്തിയായി കിടക്കണമെന്ന് ആഗ്രഹമുണ്ട്. അതു കൊണ്ടാണ് ഇവിടെ വരുമ്പോഴെല്ലാം ബീച്ച് ശുചീകരിക്കുന്നത്’. റാൽഫ് പറയുന്നു. 2019, 2020 വർഷങ്ങളിൽ റാൽഫ് ഫോർട്ട്കൊച്ചി സന്ദർശിച്ചിരുന്നു. ഇത്തവണ 6 ആഴ്ച മുൻപാണ് കേരളത്തിൽ എത്തിയത്. കൊച്ചിയിൽ എത്തിയിട്ട് 3 ആഴ്ച. 27നു കോവളത്തേക്ക് പോകും.

ജർമനിയിൽ കായിക പരിശീലകനും ലൈഫ് ഗാർഡുമാണ് റാൽഫ്. നൂറുകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന കടപ്പുറത്തിന്റെ അവസ്ഥ ശോചനീയമാണ്. ഡിടിപിസിയും കൊച്ചിൻ ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയും ശുചീകരണത്തിന് തൊഴിലാളികളെ വച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമല്ലെന്ന സ്ഥിതിയാണ്. റാൽഫ് കൂട്ടിവച്ച മാലിന്യചാക്കുകൾ ഇന്നലെ നഗരസഭയുടെ ആരോഗ്യവിഭാഗം നീക്കം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com