നെട്ടൂർ ∙ 'പെറ്റ്സ് ഹൈവി'ൽ നിന്നു നായ്ക്കുട്ടിയ മോഷ്ടിച്ച സംഭവത്തിൽ കേസ് വേണ്ടെന്നു കടയുടമ മുഹമ്മദ് ബാസിത് കോടതിയെ അറിയിച്ചു. പ്രതികളായ കർണാടകയിലെ എൻജിനീയറിങ് വിദ്യാർഥികൾ നിഖിൽ (23), ശ്രേയ (23) എന്നിവർക്കു കോടതി ജാമ്യം അനുവദിച്ചു. ഇവരെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. നായ്ക്കുട്ടിയെ തിരികെക്കിട്ടിയ സാഹചര്യത്തിൽ പ്രതികളോടു ക്ഷമിച്ചതായി ബാസിത് പറഞ്ഞു. എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാക്കണം എന്ന വ്യവസ്ഥയോടെ നായ്ക്കുട്ടിയെ ബാസിതിനു കോടതി വിട്ടുനൽകി.
കർണാടകയിലെ കർക്കലയിൽനിന്നു കസ്റ്റഡിയിലെടുത്ത നായ്ക്കുട്ടിയെയും പ്രതികളെയും ഇന്നലെ പുലർച്ചയോടെയാണു പനങ്ങാട് സ്റ്റേഷനിൽ എത്തിച്ചത്. മരട് മൃഗാശുപത്രിയിൽ ആരോഗ്യ പരിശോധന നടത്തിയതിനു ശേഷമാണു നായ്ക്കുട്ടിയെ കോടതിയിൽ ഹാജരാക്കിയത്. 45 ദിവസം പ്രായമുള്ള 'ഷിറ്റ്സു' ഇനത്തിൽപെട്ട 15,000 രൂപ വിലയുള്ള നായ്ക്കുട്ടിയെയാണ് ഇവർ മോഷ്ടിച്ചു കടന്നത്. കേരളത്തിൽ വാരാന്ത്യം ആഘോഷിച്ചു ബൈക്കിൽ മടങ്ങവേ 28നു രാത്രി ഏഴോടെയായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളിലാണു മോഷണം കണ്ടെത്തിയത്.