കൊച്ചി∙ ജില്ലയിലെ കോൺഗ്രസ് പുനഃസംഘടന പട്ടിക രണ്ടാഴ്ച കൂടി വൈകും. പുതുതായി നിയമിക്കേണ്ട മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരുടെയും ഡിസിസി ഭാരവാഹികളുടെയും പേരുകൾ ഞായറാഴ്ചയ്ക്കു മുൻപ് സമർപ്പിക്കണമെന്നാണ് കെപിസിസി നിർദേശിച്ചിരുന്നത്. 15ന് മുൻപെങ്കിലും പട്ടിക സമർപ്പിക്കാനുള്ള ചർച്ചകളാണ് അണിയറയിൽ നടക്കുന്നത്. പുനഃസംഘടന പട്ടിക തയാറാക്കാൻ കെപിസിസി നിയോഗിച്ച ജില്ലാതല സമിതി രണ്ടു ദിവസത്തിനകം യോഗം ചേരും.
ഒരു വർഷം മുൻപ് തയാറാക്കിയ പുനഃസംഘടന പട്ടികയെ അടിസ്ഥാനമാക്കിയാകും ചർച്ച. അന്നു പട്ടിക ഏകദേശ രൂപമായെങ്കിലും തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാൽ നടപടി നിർത്തിവയ്ക്കുകയായിരുന്നു. മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരെയും ഡിസിസി ഭാരവാഹികളെയും നിശ്ചയിക്കാൻ കെപിസിസി പൊതു മാനദണ്ഡം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലകളിൽ ഏകാഭിപ്രായത്തോടെ ഇതിൽ മാറ്റം വരുത്താനുള്ള മൗനാനുവാദമുണ്ടെന്നാണ് നേതാക്കൾ നൽകുന്ന സൂചന. പുനഃസംഘടനക്കു ശേഷം 6 വൈസ് പ്രസിഡന്റുമാരും 28 ജനറൽ സെക്രട്ടറിമാരും ട്രഷററുമാകും ഡിസിസിയിൽ ഉണ്ടാകുക.
81 ഡിസിസി ജനറൽ സെക്രട്ടറിമാർ നിലവിലുണ്ട്. ഇവരിൽ ഭൂരിഭാഗത്തിനും പദവി നഷ്ടപ്പെടും. നിലവിലെ ജനറൽ സെക്രട്ടറിമാരിൽ പത്തോ പതിനഞ്ചോ പേരെ മാത്രമാകും നിലനിർത്തുക. ശേഷിക്കുന്ന സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പുതുമുഖങ്ങൾ വരും. പദവിയൊഴിയുന്ന ബ്ലോക്ക് പ്രസിഡന്റുമാരിൽ മികച്ച പ്രവർത്തന റെക്കോർഡുള്ളവരെ ഡിസിസി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കും. ജില്ലയിലെ 28 ബ്ലോക്ക് പ്രസിഡന്റുമാരിൽ പകുതി പേരെങ്കിലും ഒഴിയേണ്ടി വരുമെന്നാണ് സൂചന. നൂറിലധികം മണ്ഡലം പ്രസിഡന്റുമാരിൽ ഭൂരിഭാഗവും പുതുമുഖങ്ങളാകും.
തദ്ദേശ സ്ഥാപന അധ്യക്ഷരെ പാർട്ടി പദവികളിലേക്ക് പരിഗണിക്കേണ്ടതില്ലെന്നു കെപിസിസി നിർദേശിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള ജില്ലാതല പുനഃസംഘടനാ സമിതിയിൽ ജില്ലയിൽ നിന്നുള്ള കെപിസിസി ഭാരവാഹികളും പാർട്ടി എംപിമാരും എംഎൽഎമാരുമാണ് അംഗങ്ങൾ. ഈ മാസം അവസാനം നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനു മുൻപ് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കണമെന്ന നിലപാടിലാണ് കെപിസിസി. ഗ്രൂപ്പുകളിലെ ഏകോപനമില്ലായ്മയും പട്ടികയുടെ കാര്യത്തിൽ താമസമുണ്ടാക്കുന്നുണ്ട്.