മൂവാറ്റുപുഴ∙ സ്ത്രീ വേഷം ധരിച്ചെത്തി മോഷണം നടത്തുന്നയാളെ രാത്രി നാട്ടുകാർ പിടിച്ചു. നൈറ്റി ധരിച്ചെത്തി അർധരാത്രി ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല പറിക്കാൻ ശ്രമിച്ച അടിമാലി ചാറ്റുപാറ തട്ടേൽ മനീഷിനെ (38) ആണു നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയത്.ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
രണ്ടാർകര ദർശന നഗറിൽ താമസിക്കുന്ന കുരുപ്പത്തടത്തിൽ നസീമ മൂസയുടെ വീട്ടിൽ കയറിയ മോഷ്ടാവ് ഇവരുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഉറക്കമുണർന്ന ഇവർ ബഹളം വച്ചതോടെ മോഷ്ടാവ് ഇറങ്ങിയോടി. ബഹളം കേട്ടെത്തിയ നാട്ടുകാർ പിന്നാലെ ഓടി ഇയാളെ പിടികൂടുകയായിരുന്നു. കുറ്റ്യാനിക്കൽ അലി, കല്ലറക്കകുടി ബിബിൻ എന്നിവരുടെ വീടുകളിലും ഇയാൾ മോഷണ ശ്രമം നടത്തിയിരുന്നു. അലിയുടെ വീടിന്റെ പിൻഭാഗത്തെ വാതിലിന്റെ കുറ്റി തകർത്തെങ്കിലും അകത്ത് കയറാനായില്ല.