ആലങ്ങാട് ∙ കർഷകനായ ജിമ്മിയുടെ വീട്ടുമുറ്റം കണ്ടാൽ റോഡരികിലൂടെ പോകുന്ന ആരും ഒന്ന് എത്തിനോക്കും. ബൊഗെയ്ൻവില്ലയെന്നു വിളിക്കുന്ന കടലാസ് പൂക്കളുടെ വൈവിധ്യമാണിവിടെ. ബൊഗെയ്ൻവില്ല ആലങ്ങാട് ഒളനാട് തൊണ്ടിക്കുളം സ്വദേശി ജിമ്മി കല്ലൂരിന്റെ വീട്ടിലെ നിറസാന്നിധ്യമാണ്. മൂന്നര പതിറ്റാണ്ടായി ജിമ്മി ബൊഗെയ്ൻവില്ല കൃഷി ആരംഭിച്ചിട്ട്. ആദ്യകാലങ്ങളിൽ പച്ചക്കറിക്കൃഷി ചെയ്തിരുന്ന ജിമ്മിക്ക് അലങ്കാര ചെടികളോടു തോന്നിയ കൗതുകമാണ് ബോഗെയ്ൻവില്ല കൃഷിയിൽ എത്തി നിൽക്കുന്നത്. രോഗപ്രതിരോധശേഷിയും കീടങ്ങളുടെ ആക്രമണം കുറവും ഏറെ വിപണന സാധ്യതയും ഈ കർഷകനെ ഇതിലേക്കു കൂടുതൽ അടുപ്പിച്ചു.
രാജ്യത്തിനകത്തും പുറത്തുമുള്ള ഇരുന്നൂറോളം വ്യത്യസ്ത ഇനം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. 2 അടി മുതൽ 10 അടി വരെ നീളമുള്ളവയാണ് ഇവയെല്ലാം. ഹവായി വൈറ്റ്, മിസ് വേൾഡ്, ചൈന റെഡ്, കിങ് ഓറഞ്ച്, റാസ് ബേറിയ, റോമാ വാരികാട്, യെലോ ജൂലി, ബ്രൈഡ് വൈറ്റ്, സൺറൈസ് തുടങ്ങിയ ഒട്ടേറെ വ്യത്യസ്ത ഇനങ്ങൾ ഇവിടെയുണ്ട്. വർഷം മുഴുവൻ പൂക്കൾ ഉണ്ടാകുന്ന ഇനങ്ങളുമുണ്ട്. തൈ ഉൽപാദിപ്പിച്ച് ആവശ്യക്കാർക്കു നേരിട്ടും ഓൺലൈനായും വിപണനം ചെയ്യുന്നുണ്ട്. പ്രധാന വരുമാന മാർഗവും ഇതാണെന്നു ജിമ്മി പറഞ്ഞു.ജിമ്മിയും ഭാര്യ റെക്സിയും രണ്ടു മക്കളും ചേർന്നാണു ചെടികളുടെ പരിപാലനം.