ADVERTISEMENT

മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയെ (എംവിഐപി)  ചൂഴ്ന്നു നിൽക്കുന്ന സാമ്പത്തിക അസ്ഥിരതയും അറ്റകുറ്റപ്പണി ഇല്ലാത്തതിനാൽ കനാലുകൾക്ക് ഉണ്ടായിട്ടുള്ള ബലക്ഷയവും ആശങ്ക ഉയർത്തുന്നു. പണ്ടപ്പിള്ളി, വഴിയാഞ്ചിറ എന്നിവിടങ്ങളിൽ കനാലുകൾ ബലക്ഷയം മൂലം തകർന്നു. പണ്ടപ്പിള്ളിയിൽ കനാൽ തകർന്നതോടെ ആരക്കുഴ, മാറാടി പഞ്ചായത്തുകളിലെ ജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇവിടത്തെ കാർഷിക മേഖലയെയും ഇതു ബാധിച്ചു.

തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, കടത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം എന്നീ നിയോജക മണ്ഡലങ്ങളിലെ 37 പഞ്ചായത്തുകളിലും 5 മുനിസിപ്പാലിറ്റികളിലും കൂടി കടന്നു പോകുന്ന കനാലുകൾക്കു സമാനമായ വിധത്തിൽ എന്തെങ്കിലും സംഭവിച്ചാൽ കാർഷിക മേഖല നേരിടുന്ന പ്രത്യാഘാതം വലുതായിരിക്കും. കൃഷി ഭൂമിയിലേക്കു ജലസേചനം സാധ്യമാക്കുക മാത്രമല്ല വേനൽക്കാലത്തു വരണ്ടുകിടക്കുന്ന കിഴക്കിന്റെ ശുദ്ധജല വാഹിനി കൂടിയായി മാറുന്നുണ്ട് എംവിഐപി കനാലുകൾ. 5 പതിറ്റാണ്ടു പിന്നിട്ട എംവിഐപി പദ്ധതിയുടെ താളം തെറ്റുമ്പോൾ കിഴക്കൻ കാർഷിക മേഖല കിതയ്ക്കുകയാണ്.

ധൂർത്തും കാലദൈർഘ്യവും അനാസ്ഥയും അഴിമതിയും ഒക്കെ ആരോപിക്കപ്പെടുമ്പോഴും എംവിഐപി കനാലുകൾ ഇല്ലായിരുന്നെങ്കിൽ ജില്ലയുടെ കാർഷിക മേഖല എന്ന പെരുമ കിഴക്കൻ മേഖലയ്ക്കു ലഭിക്കുമായിരുന്നില്ല. 18173 ഹെക്ടർ കൃഷി ഭൂമിയിലേക്കു വെള്ളം എത്തിക്കുന്നതു 3 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന എംവിഐപിയുടെ 323 കിലോമീറ്റർ കനാൽ ശൃംഖലയാണ്. വേനൽക്കാലത്തു പ്രദേശത്തെ സ്വാഭാവിക ജലസ്രോതസ്സുകൾ വറ്റാതെ നിലനിർത്തുന്നതും കനാലുകളിലൂടെ എത്തുന്ന ജലമാണ്.

20.86 കോടി രൂപ ചെലവു പ്രതീക്ഷിച്ച് 1974ൽ ആണ് പദ്ധതി ആരംഭിച്ചത്. പദ്ധതി 2020ൽ 98% പൂർത്തിയാക്കി കമ്മിഷൻ ചെയ്യുമ്പോൾ സർക്കാരിനു ചെലവായത് 1082 കോടി രൂപയാണ്. മൂലമറ്റം പവർ ഹൗസിൽ നിന്നു വൈദ്യുതി ഉൽപാദനത്തിനു ശേഷം പാഴായി പോകുന്ന ജലം പ്രയോജനപ്പെടുത്തി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ കാർഷിക മേഖലയിൽ ജലസേചനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതിക്കു തുടക്കമിട്ടത്. നാലര പതിറ്റാണ്ടിനു ശേഷം 2021ൽ ആണു പദ്ധതി കമ്മിഷൻ ചെയ്തത്.

പദ്ധതി നടത്തിപ്പ് അനിശ്ചിതത്വത്തിൽ

എംവിഐപി പദ്ധതിയുടെ തുടർച്ചയ്ക്കു വർഷാവർഷം അനുമതി നൽകുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഒരു വർഷം പൂർത്തിയാക്കിയശേഷം അടുത്ത വർഷത്തേക്ക് അനുമതി തേടണം. അനുമതി ലഭിക്കുന്നതുവരെ ഉദ്യോഗസ്ഥർക്കു ശമ്പളം പോലും മുടങ്ങും. കഴിഞ്ഞ വർഷം പകുതി മുതൽ ഉദ്യോഗസ്ഥർക്കു ശമ്പളം മുടങ്ങി. തുടർച്ചയായ പ്രതിഷേധങ്ങൾക്കൊടുവിലാണു 2023 ഡിസംബർ വരെ പദ്ധതി തുടരാൻ അനുമതി നൽകിയത്. ഒരു വർഷം എംവിഐപി പദ്ധതിയുടെ നടത്തിപ്പിന് 6 കോടിയോളം രൂപയാണു വേണ്ടത്.

എന്നാൽ 2020– 2021 വർഷത്തിൽ 3.5 കോടിയാണ് അനുവദിച്ചത്. 2021– 2022 ആയപ്പോൾ‍ ഇത് 1.90 കോടിയായി കുറഞ്ഞു. ഇതുകൊണ്ടു തന്നെ പ്രധാന കനാലുകളിൽ ഉൾപ്പെടെ അറ്റകുറ്റപ്പണികൾ നടന്നില്ല. 380 ഉദ്യോഗസ്ഥരാണ്  എംവിഐപിയിൽ ആദ്യഘട്ടങ്ങളിൽ ഉണ്ടായിരുന്നത്.  ഇതിൽ 100 തസ്തിക ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇതു പദ്ധതിയുടെ നടത്തിപ്പിനെ ബാധിച്ചിട്ടുണ്ട്. ചെലവു കുറയ്ക്കാൻ‍ 3 ജില്ലകളിലായി പ്രവർത്തിച്ചിരുന്ന ഒട്ടേറെ ഓഫിസുകൾ അടച്ചു പൂട്ടി.  ജില്ലയിൽ മൂവാറ്റുപുഴയിലാണു സർക്കിൾ ഓഫിസും 2 ഡിവിഷൻ ഓഫിസും ഒരു സബ് ഡിവിഷൻ ഓഫിസും പ്രവർത്തിക്കുന്നത്. പിറവത്തു 2 ഡിവിഷൻ ഓഫിസും ഒരു സബ് ഡിവിഷൻ ഓഫിസും മുട്ടത്ത് ഒരു സബ് ഡിവിഷൻ ഓഫിസും പ്രവർത്തിക്കുന്നുണ്ട്.

തനതു വരുമാന മാർഗം ഇല്ല

കാർഷിക ആവശ്യത്തിനു വെള്ളം എത്തിക്കാൻ ആരംഭിച്ച പദ്ധതിക്കു തനതായ വരുമാന മാർഗം ഒന്നുമില്ല. എന്നാൽ ശമ്പള ഇനത്തിലും അറ്റകുറ്റപ്പണികൾക്കുമായി മാസം തോറും സർക്കാരിനു വൻതുകയാണു ചെലവാകുന്നത്. തനതായ വരുമാന മാർഗം സൃഷ്ടിക്കുക മാത്രമാണു സാമ്പത്തിക കുരുക്കിൽ നിന്നു രക്ഷപ്പെടാനുള്ള മാർഗം. ആവശ്യത്തിനു വെള്ളവും ആവശ്യത്തിൽ കൂടുതൽ ഭൂമിയും കൈവശം ഉള്ള പദ്ധതിക്ക് ഇതു പ്രയോജനപ്പെടുത്താൻ സാധിച്ചാൽ പരിഹാരം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

പദ്ധതിക്കായി 1250 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ഇതിന്റെ സിംഹഭാഗവും ഉപയോഗിച്ചിട്ടില്ല. കനാലിന്റെ ഇരുവശത്തുമായി ഏക്കറുകണക്കിനു ഭൂമിയാണു വെറുതേ കിടക്കുന്നത്. ഇതു വലിയ തോതിൽ കയ്യേറിയിരിക്കുകയാണ്. ഇതു തിരിച്ചു പിടിക്കാനും വരുമാനം ലഭിക്കുന്ന വിവിധ പദ്ധതികൾക്കായി പ്രയോജനപ്പെടുത്താനും സാധിച്ചാൽ വലിയ ആശ്വാസമാകും. കയ്യേറിയ സ്ഥലത്തു കൃഷിയും നിർമാണ പ്രവർത്തനങ്ങളും നടക്കുമ്പോൾ തടയാൻ പോലും ഉദ്യോഗസ്ഥർക്കു കഴിയുന്നില്ല. തൊഴിൽ ഉറപ്പു പദ്ധതി പ്രയോജനപ്പെടുത്തി അതതു തദ്ദേശ സ്ഥാപന പരിധിയിലെ കനാലുകൾ വൃത്തിയാക്കാൻ കഴിഞ്ഞാലും വലിയ തുക എംവിഐപിക്കു സാധിക്കും. ഒരു വർഷം ഇത്തരത്തിൽ ഒരു നീക്കം ഉണ്ടായെങ്കിലും പിന്നീട് ഉണ്ടായില്ല.

കനാലുകൾ ഇനിയും ഇടിയാം

നിലവിലെ സാഹചര്യത്തിൽ കനാലുകൾ ഇനിയും ഇടിയാനുള്ള സാധ്യത ഏറെയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചതുപ്പു നിലങ്ങൾ നികത്തിയാണു പല സ്ഥലങ്ങളിലും കനാലുകൾ നിർമിച്ചത്. ഉറപ്പു കുറവായിരിക്കും. ഇവിടങ്ങളിൽ കൃത്യമായ അറ്റകുറ്റപ്പണി നടന്നില്ലെങ്കിൽ കനാലുകളിൽ മരങ്ങളും മറ്റും വളരാനും വേരുകൾ ആഴ്ന്നിറങ്ങി  ബലക്ഷയം ഉണ്ടാകുകയും തകരുകയും ചെയ്യും. കാടും മാലിന്യം നിറഞ്ഞു കിടക്കുന്ന കനാലുകളിലേക്കു വെള്ളം ഒഴുക്കുന്നതു സമ്മർദം വർധിപ്പിക്കുന്നതാണു കനാലുകൾ  ഇടിയുന്നതിനു പ്രധാന കാരണം. തുടർച്ചയായി രണ്ടിടത്ത് പൊട്ടിയിട്ടും കാടു നിറഞ്ഞു കിടക്കുന്ന കനാലുകളിൽ അറ്റകുറ്റപ്പണികൾ നടത്താൻ ഇപ്പോഴും അധികാരികൾ കനിഞ്ഞിട്ടില്ല എന്നതാണു കിഴക്കൻ കാർഷിക മേഖലയുടെ നെഞ്ചിടിപ്പു വർധിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com