കുറുപ്പംപടി∙കീഴില്ലം –കുറിച്ചിലക്കോട് റോഡിലെ കുറുപ്പംപടി മുതൽ നെല്ലിമോളം വരെയുള്ള ഭാഗം നന്നാക്കാത്തതിൽ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ട്രോളി പൊതുജനത്തിന്റെ പോസ്റ്ററുകൾ. പ്രദേശത്തെ ഏറ്റവും വലിയ ഉത്സവമായ രായമംഗലം കൂട്ടുമഠം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയം ഉത്സവം നാളെ നടക്കാനിരിക്കെയാണു റോഡ് നന്നാക്കാത്തതിനെതിരെ ജനരോഷം. ‘കുറുപ്പംപടി നെല്ലിമോളം റോഡ് കൂട്ടുമഠം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നല്ല രീതിയിൽ ടാർ ചെയ്തു തന്ന എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ഉത്സവാശംസകൾ’ എന്നാണ് ഫ്ലെക്സ് ബോർഡ്.
ഏറ്റവും വലിയ കുഴിയുള്ള യുവതാര ജംക്‌ഷനിൽ മണ്ണിട്ടു മൂടിയത് ഇരട്ടി ബുദ്ധിമുട്ടായി ജനത്തിന്. പൊടിശല്യം മൂലം സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. പൊതുമരാമത്ത് വകുപ്പും കേരള റോഡ് ഫണ്ട് ബോർഡും (കെആർഎഫ്ബി) തമ്മിലുള്ള വടംവലിയാണ് റോഡ് നന്നാക്കാത്തതിനു പ്രധാന കാരണം. അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് വകുപ്പ് 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നിരത്ത് വിഭാഗം ചീഫ് എൻജിനീയർക്കു സമർപ്പിച്ചിരുന്നു. അറ്റകുറ്റപ്പണി കെആർഎഫ്ബിയാണ് ചെയ്യേണ്ടതെന്നു ചൂണ്ടിക്കാട്ടി ചീഫ് എൻജിനീയർ എസ്റ്റിമേറ്റ് തിരികെ നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ ഡിവിഷൻ പൊതുമരാമത്ത് വിഭാഗം എക്സിക്യുട്ടിവ് എൻജിനീയർ കെആർഎഫ്ബി എക്സിക്യുട്ടിവ് എൻജിനീയർക്കു കത്ത് നൽകി. റോഡിലെ അറ്റകുറ്റപ്പണിക്കു നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
റോഡിന്റെ മൂന്നാം കിലോമീറ്റർ മുതൽ 6–ാം കിലോമീറ്റർ വരെ അറ്റകുറ്റപ്പണി കെആർഎഫ്ബിക്ക് ആണെന്ന എസ്റ്റിമേറ്റിലെ പരാമർശം തെറ്റാണെന്നു മറുപടി കത്തിൽ പറയുന്നു. മൂന്നാം കിലോമീറ്റർ വരെയാണ് കെആർഎഫ്ബി അറ്റകുറ്റപ്പണി നടത്തിയത്. ബാക്കി ചെയ്യേണ്ടത് പൊതുമരാമത്ത് വകുപ്പാണെന്നാണ് അവരുടെ വാദം. ചീഫ് എൻജിനീയർ എസ്റ്റിമേറ്റ് തിരികെ നൽകിയത് തെറ്റിദ്ധാരണ മൂലമാണെന്നു കെആർഎഫ്ബി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഈ റോഡ് പൂർണമായി ടാർ ചെയ്തിട്ട് 17 വർഷമായി. കുറുപ്പംപടി മുതൽ നെല്ലിമോളം വരെ വരെ വലിയ കുഴികളാണ്. സ്വകാര്യ ബസുകളും സ്കൂൾ ബസുകളും പോകുന്ന റോഡാണിത്.