വൈപ്പിൻ∙ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്ത യുവാവിനെയും തടയാൻ ശ്രമിച്ച സുഹൃത്തിനെയും വധിക്കാൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ. പള്ളിപ്പുറം കോൺവെന്റിന് പടിഞ്ഞാറ് വടശ്ശേരി വീട്ടിൽ അനു ആന്റണി (മെബിൻ–39), തേവാലിൽ സജീഷ് (കുമ്പിടി–38 ) എന്നിവരാണ് മുനമ്പം പൊലീസിന്റെ പിടിയിലായത്.
കോൺവെന്റിന് പടിഞ്ഞാറ് വച്ച് വാക്കുതർക്കത്തെ തുടർന്ന് വീരപ്പൻചിറ പ്രദീപിന് മർദനമേറ്റിരുന്നു. ഇതു ചോദ്യം ചെയ്ത മകൻ പ്രജിത്തിനേയും തടയാൻ ശ്രമിച്ച സുഹൃത്ത് മഹേഷിനേയും ഇവർ ആക്രമിക്കുകയായിരുന്നു. മഹേഷിനെ വയറ്റിൽ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു.
Also read: പ്രണയദിനത്തിൽ കെഎസ്ആർടിസിയുടെ നൂറാം വിനോദയാത്ര
അനു ആന്റണിയും സജീഷും മുനമ്പം, വടക്കേക്കര സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിലെ പ്രതികളും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരുമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഇരുവരും തിരിച്ചറിയാതിരിക്കാൻ മുഖത്ത് രൂപമാറ്റം വരുത്തി തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.
മുനമ്പം ഇൻസ്‌പെക്ടർ എ.എൽ.യേശുദാസ്, എസ്ഐ ടി.കെ.രാജീവ്, എഎസ്ഐ എം.വി.രശ്മി എസ്‌സിപിഒ പി.എ.ജയദേവൻ, സിപിഒമാരായ കെ.എ.ബെൻസി, കെ.പി.അഭിലാഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.