ഏലൂർ∙ ഏറെ മോഹിച്ച് ആറാം ക്ലാസുകാരൻ ഹമീസ് വാങ്ങിയ സൈക്കിൾ കള്ളൻ കൊണ്ടുപോയി. 3 ദിവസം പണിപ്പെട്ട് ഫമീസും പിതാവ് ഷെറീഫും തേടിപ്പിടിച്ചു സൈക്കിൾ കണ്ടെത്തിയപ്പോൾ മനസ്സുലച്ച കാഴ്ച; സൈക്കിൾ കഷണങ്ങളായി കിടക്കുന്നു. കള്ളൻ കളമശേരി ഗ്ലാസ് കോളനി പണ്ടാരവേലികുളം വീട്ടിൽ അഖിൽ വർഗീസ് (20) പൊലീസ് പിടിയിലായി.ഹമീസിന്റെ നിർബന്ധം സഹിക്കാതെ 8,000 രൂപ കൊടുത്താണു പിതാവ് ഷെറീഫ് 4 മാസം മുൻപ് സൈക്കിൾ വാങ്ങിക്കൊടുത്തത്.
Also read: മകൻ മുന്നറിയിപ്പ് നൽകും മുൻപേ കേബിൾ കുരുങ്ങി അമ്മയുടെ മരണം; അനാസ്ഥയുടെ കുരുക്ക്
ഞായറാഴ്ച മദ്രസയിൽ പോയതു സൈക്കിളിലാണ്. പഠനം കഴിഞ്ഞിറങ്ങിയപ്പോൾ സൈക്കിൾ കാണാനില്ല. തുടർന്ന് ഫമീസും ഷെറീഫും ചേർന്ന് സൈക്കിളിനായി അന്വേഷണം തുടങ്ങി. ഗ്ലാസ് കോളനി ഭാഗത്തു സൈക്കിൾ കണ്ടെന്നു സുഹൃത്ത് അറിയിച്ചതനുസരിച്ച് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. സൈക്കിളിന്റെ ഫ്രെയിമുമായി ഒരു പയ്യൻ വന്നിരുന്നെന്നും പഴയതല്ലെന്നു മനസ്സിലാക്കി വാങ്ങാതെ തിരിച്ചയച്ചെന്നും സമീപത്തെ പാഴ്‌വസ്തു കച്ചവടക്കാരൻ അറിയിച്ചു.
അദ്ദേഹം നൽകിയ വിവരം അനുസരിച്ച് നടത്തിയ അന്വേഷണം ഗ്ലാസ് കോളനിയിൽ എത്തിച്ചു. ഒരു വീടിനു മുന്നിൽ സൈക്കിളിന്റെ ഫ്രെയിം കണ്ടെത്തി. പൊലീസ് എത്തി അന്വേഷണം നടത്തിയപ്പോൾ സൈക്കിൾ ഭാഗങ്ങളാക്കി പല വീടുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. പൊലീസ് അവയെല്ലാം കണ്ടെത്തി. ഒടുവിൽ, മോഷ്ടാവായ അഖിലിനേയും പിടികൂടി.