കളമശേരി∙ രാത്രിയിൽ ഫാക്ടറികളിൽ നിന്നുള്ള വിഷപ്പുക; പകൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചുണ്ടാകുന്ന വിഷപ്പുക. രാപകൽ വ്യത്യാസമില്ലാതെ വിഷപ്പുക ശ്വസിച്ച് നാട്ടുകാർ മാറാരോഗങ്ങൾക്ക് അടിപ്പെടുന്നു. സീപോർട്ട്– എയർപോർട്ട് റോഡിൽ റോഡിന് ഇരുവശവും പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ വൻതോതിലാണ് വലിച്ചെറിയപ്പെടുന്നത്. പിന്നീട് ഇവയ്ക്ക് തീയിടുന്നു. ദിവസങ്ങളോളം മാലിന്യത്തിലെ തീ കെടാതെ കത്തുന്നതു മൂലമുള്ള വിഷപ്പുക, സമീപവാസികൾക്കു മാത്രമല്ല, ഇതുവഴി പോകുന്ന വാഹന യാത്രക്കാർക്കും ആരോഗ്യപ്രശ്നമുണ്ടാക്കുന്നു.
Also read: മൊബൈൽ യൂണിറ്റ് പാഞ്ഞെത്തി; ജൂലിക്ക് അദ്ഭുത രക്ഷപ്പെടൽ
‘വലിച്ചെറിയൽ മുക്ത കേരളം’ പദ്ധതി നടപ്പാക്കാനോ, മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി നടപടിയെടുക്കാനോ നഗരസഭ ശ്രദ്ധിക്കുന്നില്ല. തിങ്കളാഴ്ച രാവിലെ 10ന് സീപോർട്ട് – എയർപോർട്ട് റോഡിന്റെ ഇരുവശവും മാലിന്യം കത്തി വിഷപ്പുക നിറഞ്ഞു. ശ്വാസതടസ്സവും കണ്ണിന് എരിച്ചിലുമായി ജനങ്ങളും യാത്രക്കാരും ബുദ്ധിമുട്ടി. ഫയർഫോഴ്സിനെ വിളിക്കാനോ ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചു തീ കെടുത്താനോ ശ്രമമുണ്ടായില്ല. നഗരസഭാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയില്ല. ആരോഗ്യവിഭാഗത്തിലെ 2 ശുചീകരണത്തൊഴിലാളികൾ എത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാലിന്യം ഇപ്പോഴും പരിസരത്ത് പുകയുകയാണ്.