ADVERTISEMENT

വൈപ്പിൻ∙ വിദ്യാർഥികൾക്കിടയിൽ പ്രചരിക്കുന്ന വിവിധതരം മിഠായികളെ കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി  സ്കൂൾ അധികൃതർ. ഇത്തരം പല മിഠായികളും ആവർത്തിച്ച് കഴിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ വിദ്യാർഥികളിൽ  ആസക്തി ഉണ്ടാക്കുന്നുവെന്ന് രക്ഷിതാക്കളിൽ നിന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണിത്. സ്കൂളുകളുടെ പരിസരത്തെ കടകൾ കേന്ദ്രീകരിച്ചാണ് ഇത്തരം മിഠായികളുടെ വിപണനം നടക്കുന്നത്.

മധുരവും പുളിയുമൊക്കെ കലർന്ന വ്യത്യസ്ത രുചികളിലുള്ള ഒട്ടേറെ തരം മിഠായികളാണ്  പുതുതായി കുട്ടികളെ ലക്ഷ്യമിട്ട് കടകളിൽ എത്തുന്നത്.ഇവയിൽ പലതും ഒരു ദിവസം തന്നെ പലവട്ടം കഴിക്കുന്ന ശീലം കുട്ടികളിൽ കാണുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു. പേനയുടെ റീഫില്ലുകൾ പോലെയുള്ള ചെറിയ കുഴലുകളിൽ നിറച്ച ലിക്വിഡ് സ്വീറ്റ്സിനും ഇപ്പോൾ കുട്ടികൾക്കിടയിൽ വലിയ പ്രചാരമുണ്ട്. കഴിച്ചശേഷം വലിച്ചെറിയുന്ന ഈ പ്ലാസ്റ്റിക് കുഴലുകൾ സ്കൂളുകളുടെ പരിസരത്ത് നിറഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് ഇവയുടെ അമിത ഉപയോഗം ശ്രദ്ധയിൽ പെട്ടത്. ഇത്തരം മിഠായികളിൽ സിന്തറ്റിക് കളറുകളും കൃത്രിമ രുചികളും ചേർക്കുന്നതായി കവറുകളിൽ തന്നെ സൂചിപ്പിച്ചിട്ടുണ്ട്.

ചെറുപ്രായത്തിൽ ഇവയുടെ നിരന്തര ഉപയോഗം കുട്ടികളിൽ ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന സംശയത്തിനു പുറമേയാണ് ലഹരി അടങ്ങിയിട്ടുണ്ടോയെന്ന ആശങ്കയും ഉയർന്നിട്ടുള്ളത്. അമിതമായ ആസക്തി ഉണ്ടാക്കുന്ന പല മിഠായികളും ഉണ്ടാക്കുന്നത് കേരളത്തിൽ അല്ലെന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ  ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, എക്സൈസ് വകുപ്പ് എന്നിവർ  ഇവയുടെ  ഉറവിടം, അടങ്ങിയിരിക്കുന്ന വസ്തുക്കൾ എന്നിവയെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഇത്തരം മിഠായികളുടെ വിപണനത്തിൽ നിന്ന്  വ്യാപാരി സമൂഹം പിന്മാറണമെന്നും ആവശ്യം ഉയർന്നി‌ട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com