ഈ പോക്ക് വലിയ അപകടത്തിലേക്ക്; ഇന്നലെ കൊച്ചിയിൽ അനുഭവപ്പെട്ടത് സമീപകാലത്തെ കൂടിയ വായുമലിനീകരണം

HIGHLIGHTS
  • ഇന്നലെ കൊച്ചിയിൽ അനുഭവപ്പെട്ടത് സമീപകാലത്തെ കൂടിയ വായുമലിനീകരണം
  • അടിയന്തര അധികൃത ഇടപെടൽ വേണ്ട സ്ഥിതി
ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച പുലർച്ചെ വരെ കൊച്ചിയിലെ തൽസമയ മലിനീകരണതോത് രേഖപ്പെടുത്തിയ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റ എയർ ക്വാലിറ്റി ഇൻഡക്സ്, ബ്രീസോമീറ്റർ ആപ്പുകൾ രേഖപ്പെടുത്തിയ കൂടിയ അളവിലുള്ള വായു മലിനീകരണ സൂചിക.
SHARE

കൊച്ചി∙ അന്തരീക്ഷത്തിൽ കൂടിയ തോതിൽ രാസഗന്ധം അനുഭവപ്പെട്ട ഇന്നലെ പുലർച്ചെ കൊച്ചിയിൽ രേഖപ്പെടുത്തിയതു സമീപകാലത്തെ ഏറ്റവും കൂടിയ വായുമലിനീകരണം. നഗരത്തിലും പരിസര പ്രദേശങ്ങളിലും ചൊവ്വാഴ്ച രാത്രി 9 മുതൽ പലർക്കും അനുഭവപ്പെട്ട രാസഗന്ധം ശ്വാസതടസ്സത്തിനും കാരണമായി.

ഈ സമയം രാസപദാർഥങ്ങൾ അടങ്ങിയ ബാഷ്പകണങ്ങളുടെ സാന്നിധ്യം മലിനീകരണ നിയന്ത്രണ ബോർഡ്‍ വൈറ്റിലയിൽ സ്ഥാപിച്ചിട്ടുള്ള മാലിന്യ മാപിനിയിൽ സമീപകാലത്തെ ഏറ്റവും കൂടിയ തോതിൽ പുലർച്ചെ 8 മണി വരെ രേഖപ്പെടുത്തി. ‌ശുദ്ധവായുവിന്റെ ഗുണനിലവാരം അളക്കാനുള്ള ബ്രീസോമീറ്ററുകളിലും അന്തരീക്ഷത്തിലെ സൂക്ഷ്മകണികളുടെ സാന്നിധ്യം അനാരോഗ്യകരമായ അളവിൽ (272 പോയിന്റ്) രേഖപ്പെടുത്തി.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ വ്യവസായ നഗരങ്ങൾക്കും കൂടിയ അളവിൽ വാഹന മലിനീകരണം നടക്കുന്ന വൻനഗരങ്ങൾക്കും ഒപ്പം ആദ്യ 12 സ്ഥാനങ്ങളിൽ തുടർച്ചയായി കൊച്ചിയുണ്ട്. രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ മലിനീകരണം രേഖപ്പെടുത്താറുള്ള മുംബൈയിലെ വില്ലെപാ‍ർലെ, ഐടിഒ ഡൽഹി എന്നിവിടങ്ങളിലെ മലിനീകരണത്തിന്റെ തോത് ഇന്നലെ കൊച്ചിയേക്കാൾ താഴെയാണു രേഖപ്പെടുത്തിയത്.

ശ്വസകോശ രോഗങ്ങൾ വർധിക്കുന്നു 

അന്തരീക്ഷത്തിലെ രാസമാലിന്യങ്ങളുടെ അളവ് തുടർച്ചയായി കൂടിയ അളവിൽ നിലനിൽക്കുന്നതിനാൽ സമീപകാലത്തു ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ചുമ, ശ്വാസകോശ രോഗങ്ങളുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. കേരള തീരത്തെ കരയും കടലും തമ്മിലുള്ള താപനിലയിലെ അന്തരം കൊച്ചിയിൽ ഇപ്പോൾ വളരെ കുറവാണ്. അന്തരീക്ഷ ഊഷ്മാവിൽ വന്നിട്ടുള്ള ഈ മാറ്റം കാരണം കടൽക്കാറ്റിന്റെയും കരക്കാറ്റിന്റെയും മന്ദഗതിയും അന്തരീക്ഷത്തിൽ ബാഷ്പകണങ്ങളും സൂക്ഷ്മകണികകളും കൂടുതൽ കാലം തങ്ങിനിൽക്കാൻ വഴിയൊരുക്കിയിട്ടുണ്ട്.

മലിനീകരണ സൂചിക 50 കടന്നാൽ സൂക്ഷിക്കണം 

വായുമലിനീകരണ സൂചിക 50 പോയിന്റ് കടന്നാൽ പ്രായമായവരും ഗർഭിണികളും കുഞ്ഞുങ്ങളും ശ്രദ്ധിക്കണം. കൊച്ചിയിലെ മലിനീകരണത്തിന്റെ തോത് ഈ നിലയിൽ തുടർന്നാൽ ആസ്മയുള്ളവർക്കു ബുദ്ധിമുട്ടാവും. ദീർഘകാലം ഈ സാഹചര്യം തുടർന്നാൽ ശ്വാസകോശത്തിനു ജീർണത സംഭവിച്ചു പ്രതിരോധ ശേഷി കുറഞ്ഞു ന്യൂമോണിയയുണ്ടാവും. ഹൃദയസംബന്ധമായ അസുഖമുള്ളവരെയും ഇത്തരത്തിലുള്ള വായുമലിനീകരണം പ്രതികൂലമായി ബാധിക്കും. കോവിഡ് കാലത്തെ പോലെ മുഖാവരണം ഉപയോഗിക്കണം. ശ്വാസതടസ്സം അനുഭവപ്പെടുന്ന സാഹചര്യമുണ്ടായാൽ പരമാവധി വീടിനുള്ളിൽ കഴിച്ചുകൂട്ടണം. വേണ്ടിവന്നാൽ വൈദ്യസഹായം തേടണം. ഡോ. പി.എസ്.ഷാജഹാൻ, സെക്രട്ടറി, അക്കാദമി ഓഫ് പൾമനോളജി ആൻഡ് ക്രിറ്റിക്കൽ കെയർ ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS