വൈപ്പിൻ∙ ചെറായി പൂരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത രണ്ടു പേർ കൂടി അറസ്റ്റിലായി. മുനമ്പം സ്വദേശികളായ സനൂപ് (34), വിഷ്ണു (29) എന്നിവരാണ് പിടിയിലായത്.തിരക്ക് നിയന്ത്രിക്കാൻ ഉത്സവപ്പറമ്പിൽ കെട്ടിയിരുന്ന വടം മറികടക്കുന്നത് തടയാൻ ശ്രമിച്ച പൊലീസുകാരനെ ഇവർ കയ്യേറ്റം ചെയ്യുകയും ഷർട്ട് കീറുകയും ചെയ്തു. തുടർന്നാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പൊലീസിനെ കയ്യേറ്റം ചെയ്ത 3 പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അതിനിടെ ചെറായി ഗൗരീശ്വര ക്ഷേത്രത്തിൽ പൂയ ആഘോഷത്തിനിടെ ഉണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 7 പേർ ഉൾപ്പെടെ 12 പേർക്കെതിരെ മുനമ്പം പൊലീസ് കേസെടുത്തു. കുഴുപ്പിളളി സ്വദേശികളായ വിഷ്ണു (26), അജിലേഷ്(23) അഭി(24),അശ്വിൻ(24), അതിത്ത്(22),വിഷ്ണു വേണു(24) എന്നിവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. വൈകിട്ട് വടക്കു നിന്ന് എത്തിയ കാവടി ഘോഷയാത്രയ്ക്കൊപ്പം ഉണ്ടായിരുന്ന ഡിജെ വാഹനത്തിനു പിന്നാലെ നൃത്തം ചെയ്തു വന്ന സംഘത്തിൽ പെട്ട ഇവർ ചെറായി ചിലങ്ങര അഡോനിസ് ജോൺസൺ (28) എന്ന യുവാവിനെ മർദിക്കുകയായിരുന്നു.
കരിമ്പിൻ തണ്ടും ഇരുമ്പു വടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. യുവാവിന് തലയ്ക്കും ദേഹത്തും പരുക്കുണ്ട്. ദേഹത്ത് തട്ടിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദനമെന്ന് പൊലീസ് പറഞ്ഞു. അതിനിടെ ആചാരങ്ങളുടെ ഭാഗമായി നടത്തുന്ന കാവടി ഘോഷയാത്രയിൽ ഡിജെ വാഹനം പോലുള്ളവ ഉൾപ്പെടുത്തുന്നത് ഒഴിവാക്കാൻ സംഘാടകർ തയാറാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇത്തരം പരിപാടികൾക്ക് മറ്റിടങ്ങളിൽ പോലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരുന്നതിനിടെ ആയിരക്കണക്കിനു പേർ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിൽ അവ ഉൾപ്പെടുത്തുന്നത് കാര്യങ്ങൾ നിയന്ത്രണം വിടാൻ ഇടയാക്കുമെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.