ആലുവ∙ നഗരത്തിലെ ഒരു ഫ്ലാറ്റിലെ താമസക്കാർ നന്നായൊന്ന് ഉറങ്ങിയിട്ട് ഒരാഴ്ചയായി. വരാന്തയിലൂടെ നടക്കാൻ പോലും പേടിക്കുകയാണ് അവർ. ഫ്ലാറ്റിലെ ഒരു വീട്ടിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ പിടികൂടാൻ കഴിയാത്തതാണ് അങ്കലാപ്പിനു കാരണം. നാലഞ്ചു യുവാക്കൾ ചേർന്നു വാടകയ്ക്ക് എടുത്തതാണ് വീട്.
അവരിൽ ഒരാൾ മുൻവശത്തെ വാതിൽ തുറന്നപ്പോൾ വരാന്തയിൽ കിടന്ന പാമ്പ് ഇഴഞ്ഞ് അകത്തു കയറി. അതോടെ വാതിൽ പൂട്ടി കക്ഷി സ്ഥലംവിട്ടു. വീടിനുള്ളിൽ പാമ്പുണ്ടെന്നും അകത്തു കയറരുതെന്നും മുന്നറിയിപ്പു നൽകുന്ന കുറിപ്പ് വാതിലിൽ പതിച്ചിട്ടാണു പോയത്. വീടിന്റെ താക്കോൽ ഉടമയുടെ പക്കലില്ല. താമസക്കാരുടെ കയ്യിലാണ്. അവരുടെ ഫോൺ സ്വിച്ച് ഓഫ്. വാതിൽപ്പടിയിലെ ദ്വാരത്തിലൂടെ പാമ്പ് പുറത്തു കടക്കാതെ മുൻപിൽ കോൺക്രീറ്റ് കട്ട വച്ച് അടച്ചിട്ടുണ്ട്.