ADVERTISEMENT

കൊച്ചി∙ . സ്വകാര്യ ബസുകാരുടെ സമര ഭീഷണി ഉൾപ്പെടെ സമ്മർദ തന്ത്രങ്ങൾ ബസുകളുടെ നിയമ ലംഘനം സംബന്ധിച്ച പരിശോധനയ്ക്കു തടസ്സമാകരുതെന്ന് ഹൈക്കോടതി. അശ്രദ്ധമായി വണ്ടിയോടിച്ച് ആളെ കൊന്നാലും നിയമപ്രകാരം നടപടി പാടില്ലെന്ന നിലപാട്  അനുവദിക്കാനാവില്ലെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. മാധവ ഫാർമസി ജംക്‌ഷനിൽ വെട്ടിച്ചു കയറിയ സ്വകാര്യ ബസിന് അടിയിൽപ്പെട്ടു ബൈക്ക് യാത്രക്കാരൻ മരിച്ചതിനെ തുടർന്നാണു കോടതി കേസ് എടുത്തത്. അശ്രദ്ധമായി ബസ് ഓടിച്ചതാണ് അപകടത്തിനു കാരണമെന്ന് പ്രഥമദൃഷ്ട്യാ കാണുന്നതായി ദൃശ്യങ്ങൾ പരിശോധിച്ച കോടതി പറഞ്ഞു.

ജീവൻ വച്ചുള്ള കളി ഇനി അനുവദിച്ചു കൂടാ. ഉത്തരവുകൾ പലതുണ്ടായിട്ടും ഡ്രൈവർമാർ അതിന്റെ ഗൗരവം മനസ്സിലാക്കി പെരുമാറുന്നില്ല. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും തുടരുന്നത് കോടതി ഉത്തരവുകളോടുള്ള അവഗണനയാണെന്നു കോടതി പറഞ്ഞു. ഡ്രൈവർ ശ്രദ്ധിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു എന്ന് കോടതിയിൽ ഹാജരായ ഡിസിപി എസ്. ശശിധരൻ പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കിയെന്നും അറിയിച്ചു. പരിശോധന ശക്തമാക്കിയാൽ ഒരു വിഭാഗം ബസ് ഡ്രൈവർമാരും ഉടമകളും സമര ഭീഷണി മുഴക്കുമെന്നു സർക്കാർ അറിയിച്ചു.

കോടതി ഉത്തരവിട്ടാൽ കുറച്ചു കാലം അതു നടപ്പാക്കുമെങ്കിലും പിന്നെയെല്ലാം പഴയപടി ആകുന്നതാണു പതിവെന്ന് കേസിൽ കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂറി ശ്രദ്ധയിൽപെടുത്തി. ഇനിയതു പറ്റില്ലെന്നു പറഞ്ഞ കോടതി, ഡ്രൈവർമാർ നിയമം പാലിച്ചാൽ പല അപകടങ്ങളും ഒഴിവാക്കാനാകുമെന്ന് ആവർത്തിച്ചു. സമയക്രമം പാലിക്കാൻ വേണ്ടി സ്വകാര്യ ബസുകൾ ആളെ കൊല്ലുന്ന പോലെ ഓടിക്കുന്നത് ഉദ്യോഗസ്ഥർ നോക്കി നിൽക്കരുത്. സീബ്ര ലൈൻ ചട്ടലംഘനം ഉൾപ്പെടെ ശ്രദ്ധയിൽപ്പെട്ടാൽ ട്രാഫിക് പൊലീസ് നടപടിയെടുക്കണം.

റോഡിൽ മുൻഗണന നോക്കിയാൽ കാൽനടക്കാർ തുടങ്ങി ചെറുവാഹനങ്ങളെല്ലാം കഴിഞ്ഞാണു ബസ് പോലെയുള്ള വലിയ വാഹനങ്ങളുടെ സ്ഥാനം. ബസുകൾ ഓടിക്കുന്നതു കൂടുതലും ചെറുപ്പക്കാരാണ്. ഡ്രൈവിങ്ങിന്റെ രീതി കണ്ടാൽ ചിലരെങ്കിലും ലഹരിയുടെ പിടിയിലാണോ എന്നു തോന്നാം. സ്കൂൾ ബസുകളിൽ ഉള്ളതു പോലെ സ്വകാര്യ ബസുകളിലും പരാതികൾ അറിയിക്കാനുള്ള ഫോൺ നമ്പർ എഴുതി വയ്ക്കാനാകുമോ എന്നും കോടതി ചോദിച്ചു.

നിയന്ത്രണമില്ലാത്ത മരണപ്പാച്ചിൽ

കൊച്ചി ∙ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടയിൽ അശ്രദ്ധ മൂലം സംഭവിക്കുന്ന അപകടങ്ങൾ  വർധിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ ബാനർജി റോഡിലുണ്ടാകുന്ന രണ്ടാമത്തെ അപകടമാണ് ഇന്നലത്തേത്. നഗരത്തിലെ റോഡപകടങ്ങളിൽ മിക്കപ്പോഴും ഇരകളാകുന്നത് ഇരുചക്ര വാഹന യാത്രക്കാരോ വഴിയാത്രക്കാരോ ആണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങളെ ഗൗനിക്കാതെയാണു പലപ്പോഴും സ്വകാര്യ ബസുകളുടെ ഓട്ടം. വാഹനങ്ങളെ മറികടക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളൊന്നും മത്സരയോട്ടത്തിനിടയിൽ വിലപ്പോകില്ല. ഇങ്ങനെ അശ്രദ്ധമായി വാഹനമോടിക്കുന്നതിന് ഇടയിലാണു പലപ്പോഴും അപകടങ്ങളുണ്ടാകുന്നതും ആളുകൾ മരിക്കുന്നതും.

പൊലീസും മോട്ടർ വാഹന വകുപ്പും പരിശോധനകളും നടപടികളും ശക്തമാക്കിയിട്ടുണ്ട്. എന്നിട്ടും അപകടങ്ങളുണ്ടാകുന്നു. ഗതാഗത നിയമങ്ങൾ പാലിക്കാൻ ഓരോരുത്തരും തയാറായെങ്കിൽ മാത്രമേ അപകടങ്ങൾ കുറയ്ക്കാൻ കഴിയുകയുള്ളൂവെന്ന് ഗതാഗത വിദഗ്ധർ പറയുന്നു. റോഡുകളിലെ അനധികൃത പാർക്കിങ് ഉൾപ്പെടെ അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.

വാഹനങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ചു നഗരത്തിലെ റോഡുകളുടെ വീതി കൂട്ടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുന്നില്ലെന്നു സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (പിബിഒഎ) ജില്ല സെക്രട്ടറി കെ.ബി. സുനീർ പറഞ്ഞു. അപകടം നടന്ന മാധവ ഫാർമസി ജംക്‌ഷനിൽ ഹൈക്കോടതി ഭാഗത്തു നിന്നു വരുന്ന ബസുകൾക്കു സിഗ്നലില്ലാതെ തന്നെ കച്ചേരിപ്പടി ഭാഗത്തേക്കു പോകാം. എന്നാൽ എംജി റോഡിലേക്കു തിരിയാനുള്ള വാഹനങ്ങൾ സിഗ്നൽ കാത്തു നിൽക്കുമ്പോൾ കഷ്ടിച്ച് ഒരു ബസിനു കടന്നു പോകാനുള്ള സ്ഥലമേയുള്ളൂ. ഇത്രത്തോളം ഇടുങ്ങിയ രീതിയിലാണു നഗരത്തിലെ റോഡുകൾ. ചില അപവാദങ്ങളുണ്ടാകാമെങ്കിലും ഭൂരിഭാഗം ബസ് ഡ്രൈവർമാരും നല്ല രീതിയിലാണു വാഹനമോടിക്കുന്നതെന്നും സുനീർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com