ADVERTISEMENT

കൊച്ചി∙ മതിയായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ കോർപറേഷൻ കാണിച്ച വീഴ്ചയാണു ബ്രഹ്മപുരത്തെ വൻ തീപിടിത്തത്തിനു കാരണമായത്. ബ്രഹ്മപുരത്തു തീപിടിച്ചപ്പോൾ  ഫയർ ഹൈഡ്രന്റ് ഉൾപ്പെടെ മതിയായ അഗ്നിരക്ഷാ സംവിധാനങ്ങളൊന്നും പ്രവർത്തിച്ചില്ല. തീയണയ്ക്കാൻ എത്തിയ അഗ്നിരക്ഷാ സേനയ്ക്ക് ആദ്യദിവസം മതിയായ തോതിൽ വെള്ളമെത്തിക്കുന്നതിൽ പോലും കോർപറേഷൻ പരാജയപ്പെട്ടു. വേനൽകാലത്ത് ബ്രഹ്മപുരത്തു പതിവായി തീപിടിക്കുന്നതിനാൽ  മതിയായ സുരക്ഷ‌ാ സംവിധാനവും ഫയർ ഹൈഡ്രന്റകളും ഒരുക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ചതാണ്.  

വ്യാഴാഴ്ച ബ്രഹ്മപുരത്ത് തീ പടർന്നപ്പോൾ ഇവ പ്രവർത്തിച്ചില്ല. ഇതു മൂലം തുടക്കത്തിൽ തീ പടരുന്നതു തടയാൻ കഴിഞ്ഞില്ല. വേനലിൽ കടമ്പ്രയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതും പുഴയിൽ ചെളി നിറഞ്ഞതും കാരണമാണു ഫയർ ഹൈഡ്രന്റുകൾ പ്രവർത്തിക്കാതിരുന്നതെന്നാണ് മേയറുടെ വാദം. എന്നാൽ, വേനൽകാലമെത്തുമ്പോൾ ഇവ പ്രവർത്തന സജ്ജമാണെന്ന് ഉറപ്പാക്കുന്നതിൽ കോർപറേഷന്റെ വീഴ്ച വ്യക്തം. വാഹനങ്ങൾക്കു ചെല്ലാൻ പോലും കഴിയാത്ത വിധം പ്ലാസ്റ്റിക് മാലിന്യക്കുന്നുകൾ നിറഞ്ഞ പ്രദേശമായി ബ്രഹ്മപുരത്തെ മാറ്റിയതു കോർപറേഷനാണ്. 

ആവശ്യത്തിനു റോഡുകളില്ല. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ സംസ്കരണ പ്ലാന്റിൽ മാലിന്യത്തിന്റെ സംസ്കരണമൊന്നും നടക്കുന്നില്ല. മാലിന്യം കൊണ്ടു വന്നു ബ്രഹ്മപുരത്തു തള്ളുക മാത്രമാണു ചെയ്തിരുന്നത്. അതുകൊണ്ടാണു കോടികൾ ചെലവാക്കിയിട്ടും ഇവിടം മാലിന്യം നിറഞ്ഞത്. കെട്ടിക്കിടക്കുന്ന മാലിന്യം സംസ്കരിക്കാൻ 55 കോടി രൂപയുടെ ബയോമൈനിങ് പദ്ധതി ബ്രഹ്മപുരത്തു പുരോഗമിക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. 

ബയോമൈനിങ് ചെയ്തെടുത്ത ആർഡിഎഫാണ് (വൈദ്യുതി പ്ലാന്റുകളിൽ കത്തിക്കാൻ ഉപയോഗിക്കാവുന്ന മാലിന്യം) തീപിടിത്തത്തിനുള്ള യഥാർഥ കാരണമെന്നു കോർപറേഷൻ അധികൃതർ തന്നെ സംശയിക്കുന്നു. അങ്ങനെയെങ്കിൽ ബയോമൈനിങ് നടത്തുന്നതിലും സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നു കരുതണം.

മാസ്ക് ധരിക്കുക, രക്ഷപ്പെടുക

വിഷപ്പുക ശ്വസിക്കുന്നതു മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ കുറച്ചു ദിവസത്തേക്ക് മാസ്ക് പതിവായി ധരിക്കണമെന്നു രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ പറഞ്ഞു. തുറസ്സായ സ്ഥലങ്ങളിൽ പോകരുത്. വീടിന്റെ ജനലും വാതിലുകളും കുറച്ചു ദിവസത്തേക്കു തുറന്നിടരുത്. ഗ്ലാസുകൾ തുറന്നിട്ടു വാഹനങ്ങളിൽ യാത്ര ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

∙ രോഗങ്ങളില്ലാത്തവർക്ക് വിഷപ്പുക ശ്വസിച്ചാൽ ശ്വാസകോശ രോഗമായ അലർജിക് ബ്രോങ്കൈറ്റിസിനു സാധ്യത.

∙ ആസ്മ രോഗികളിൽ ആസ്തമയും ശ്വാസംമുട്ടലും വർധിക്കും. ഇൻഹേലർ ഉപയോഗിക്കേണ്ടി വരാം. ചിലപ്പോൾ ഡോക്ടറെ കാണേണ്ട‌ിയും വന്നേക്കാം.

∙ ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്ക് (സിഒപിഡി) ശ്വാസംമുട്ടൽ കൂടും

∙ വിഷപദാർഥങ്ങൾ ശ്വാസകോശത്തിൽ അടിഞ്ഞു കൂടി ഭാവിയിൽ ശ്വാസകോശം ചുരുങ്ങുന്ന രോഗമുണ്ടാകാൻ സാധ്യത.

∙ പുകയിലെ ചാരം വീണ് കണ്ണിലും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും നീറ്റലുണ്ടാകും.

ഹരിത ട്രൈബ്യൂണൽ ഇടപെടും 

‘ബ്രഹ്മപുരത്തു സിസിടിവി ക്യാമറകളും തീപിടിത്തം തടയാൻ ഫയർ ഹൈഡ്രന്റുകളും സ്ഥാപിക്കണമെന്നു പലവട്ടം ആവശ്യപ്പെട്ടതാണ്. എന്നാൽ കോർപറേഷൻ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല. എന്തുകൊണ്ടാണ് ഇത്തരത്തിൽ വീഴ്ച വരുത്തുന്നതെന്നു മനസ്സിലാകുന്നില്ല. അടുത്ത ദിവസം സ്ഥലം സന്ദർശിക്കും. വിശദമായ റിപ്പോർട്ട് ദേശീയ ഹരിത ട്രൈബ്യൂണലിനു സമർപ്പിക്കും’- ∙ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള, ചെയർമാൻ, ദേശീയ ഹരിത ട്രൈബ്യൂണൽ, സംസ്ഥാനതല മേൽനോട്ട സമിതി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com