ADVERTISEMENT

കൊച്ചി ∙ ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സമരഭരിതമായ അന്തരീക്ഷത്തിൽ കോർപറേഷൻ ബജറ്റ് അവതരണത്തിലേക്കു നീങ്ങുന്നു. നിയമ പ്രകാരം 31നു മുൻപു ബജറ്റ് അവതരിപ്പിച്ചു പാസാക്കേണ്ടത് കോർപറേഷന്റെ ബാധ്യതയാണ്. അതിനാൽ യുഡിഎഫ്, ബിജെപി പ്രതിഷേധങ്ങൾ കണക്കിലെടുക്കാതെ ബജറ്റിലേക്കു നീങ്ങാനാണ് എൽഡിഎഫ് നീക്കം. ബജറ്റ് അവതരണത്തീയതി നിശ്ചയിച്ചിട്ടില്ല. ബജറ്റ് അവതരണത്തിനു മുന്നോടിയായുള്ള വികസന സെമിനാർ ഇന്നു ടൗൺഹാളിൽ നടക്കും. മേയർ എം. അനിൽകുമാർ പങ്കെടുക്കുന്ന വികസന സെമിനാറിൽ പങ്കെടുക്കേണ്ടെന്നാണു യുഡിഎഫ് തീരുമാനം.

അതേ സമയം ഡിവിഷനിൽ ആവശ്യമായ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ യുഡിഎഫ് കൗൺസിലർമാർ എഴുതി നൽകും. മേയർ അധ്യക്ഷത വഹിക്കുകയാണെങ്കിൽ ബജറ്റ് അവതരണത്തിലും യുഡിഎഫ് വിട്ടു നിൽക്കും. കഴിഞ്ഞ ദിവസം കൗൺസിൽ യോഗവുമായി ബന്ധപ്പെട്ടു പൊലീസുമായുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ യുഡിഎഫ് കൗൺസിലർ എ.ആർ. പത്മദാസിന്റെ കാലിൽ സ്റ്റീൽ ദണ്ഡ് ഇടുകയും കുറഞ്ഞത് 2 മാസത്തെ വിശ്രമമുൾപ്പെടെ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ കലുഷിതമായ സാഹചര്യത്തിൽ മേയറുമായി ഇനിയൊരു നീക്കുപോക്കു വേണ്ടെന്ന നിലപാടിലാണു യുഡിഎഫ്. സുനിത ഡിക്സനെതിരെ യുഡിഎഫ് കൗൺസിലർമാർ കൊണ്ടു വന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് എൽഡിഎഫ് കൗൺസിലർമാർ വിട്ടു നിൽക്കുകയും ചെയ്തു.

അന്തരീക്ഷം സമരഭരിതം; പ്രവർത്തനത്തെ  ബാധിക്കും 

സാമ്പത്തികവർഷം അവസാനിക്കുന്ന ഈ മാസത്തിൽ സമരഭരിതമായ അന്തരീക്ഷമുണ്ടായതു കോർപറേഷന്റെ പ്രവർത്തനത്തെ ഉൾപ്പെടെ ബാധിച്ചിട്ടുണ്ട്. അവസാന മാസത്തിൽ തിരക്കിട്ടു ചെയ്തു തീർക്കാറുള്ള പല ജോലികളെയും സമരം ബാധിക്കുമെന്നുറപ്പ്. ബജറ്റുമായി ബന്ധപ്പെട്ട ഏകദേശം കാര്യങ്ങളെല്ലാം കോർപറേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. എങ്കിലും മാർച്ച് ആദ്യം ചേരാറുള്ള വികസന സെമിനാർ ഉൾപ്പെടെയുള്ളവ വൈകി. കഴിഞ്ഞ വർഷം മാർച്ച് 24നായിരുന്നു ബജറ്റ് അവതരണം. ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ വൻകിട പദ്ധതികളെ കുറിച്ചുള്ള പ്രഖ്യാപനം ബജറ്റിൽ ഇടംപിടിക്കാനുള്ള സാധ്യത കുറവാണ്.

കോർപറേഷന് പിഴ: പിച്ചച്ചട്ടിയുമായി യുഡിഎഫിന്റെ പ്രതിഷേധം

കൊച്ചി ∙ കോർപറേഷന്റെ കെടുകാര്യസ്ഥതയുടെയും ദുർഭരണത്തിന്റെയും വിധിയാണു ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ 100 കോടി രൂപ പിഴയെന്നു യുഡിഎഫ് കൗൺസിലർമാർ. ട്രൈബ്യൂണൽ ചുമത്തിയ പിഴ 14 കോടിയിൽ നിന്നു 100 കോടിയിലേക്ക് എത്തിക്കാൻ മാത്രമാണു മേയർക്കു കഴിഞ്ഞിട്ടുള്ളതെന്നു യുഡിഎഫ് നേതാക്കളായ ആന്റണി കുരീത്തറ, എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ കുറ്റപ്പെടുത്തി. 100 കോടി രൂപ പിഴയുടെ പശ്ചാത്തലത്തിൽ പിച്ചച്ചട്ടിയെടുത്തു യുഡിഎഫ് കൗൺസിലർമാർ പ്രതീകാത്മക പ്രതിഷേധം നടത്തി.

ഭരണ സംവിധാനത്തിന്റെയും ഭരണകർത്താവിന്റെയും പരിപൂർണ പരാജയത്തെ കുറിച്ചു ട്രൈബ്യൂണൽ ഉത്തരവിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ ഉത്തരവാദിത്തം ഏറ്റെടുത്തു മേയർ രാജിവയ്ക്കണം. ബ്രഹ്മപുരത്തു കാര്യക്ഷമമായി ഇടപെടാതെ പ്രവൃത്തി പരിചയമില്ലാത്ത സോണ്ട ഇൻഫ്രാടെക്കിനു വഴിവിട്ടു ബയോമൈനിങ് കരാർ നൽകുകയാണു ചെയ്തത്. എന്നാൽ തീപിടിത്തമുണ്ടായപ്പോൾ മാലിന്യമുണ്ടായതു തന്റെ കാലത്തല്ല എന്നു പറയുന്നത് ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com