മൂവാറ്റുപുഴ∙ ബസിൽ തളർന്നു വീണ യുവതിയുടെ ജീവൻ രക്ഷിക്കാൻ കെഎസ്ആർടിസി ബസ് ആംബുലൻസായി. ഹെഡ് ലൈറ്റിട്ട് ഹോൺ മുഴക്കി അതിവേഗത്തിൽ പാഞ്ഞ ബസ് മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുന്നിൽ എത്തി യുവതിക്ക് അടിയന്തര ചികിത്സ ഉറപ്പാക്കി.
പത്തനംതിട്ട മല്ലപ്പള്ളി ഡിപ്പോയിലെ പാലക്കാട് സൂപ്പർ ഫാസ്റ്റ് ബസാണ് ആംബുലൻസായി മാറിയത്. മല്ലപ്പള്ളിയിൽ നിന്നു പാലക്കാട്ടേക്കു പോകുന്നതിനിടെ യാത്രക്കാരിയായ യുവതി ബസിൽ ബോധം നഷ്ടമായി തളർന്നു വീണു. യാത്രക്കാർ വിവരം അറിയിച്ചതോടെ ഡ്രൈവർ പ്രസാദും കണ്ടക്ടർ ജുബിനും ബസ് ആശുപത്രിയിലേക്കു തിരിച്ചു വിട്ടു.
ഡ്രൈവറുടെയും കണ്ടക്ടറുടെയും തീരുമാനത്തെ യാത്രക്കാർ ഒരേ മനസ്സോടെ അനുകൂലിച്ചു. സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ ചികിത്സാസൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്നാണ് ബസ് മൂവാറ്റുപുഴ സബൈൻ ആശുപത്രിയിലേക്കു പോയത്. യുവതിക്കു ചികിത്സ ഉറപ്പാക്കിയ ശേഷമാണു ബസും യാത്രക്കാരും യാത്ര തുടർന്നു.