ADVERTISEMENT

ആലുവ∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് സ്ഥാപിച്ചിരുന്ന 79 സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിട്ട് 5 വർഷം പിന്നിടുന്നു. തെളിവുകളുടെ അഭാവം മൂലം ഇതിനിടെ തുമ്പുണ്ടാക്കാൻ കഴിയാതെ പോയത് അറുപതോളം കേസുകൾ. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ദേശീയപാത ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രമുഖ ഷെഡ്യൂൾഡ് ബാങ്കിന്റെ സഹകരണത്തോടെ 2017ൽ സ്ഥാപിച്ച ക്യാമറകളാണ് കേടായത്. ആദ്യ വർഷം അറ്റകുറ്റപ്പണി കൃത്യമായി നടത്തിയെങ്കിലും 2018ലെ പ്രളയത്തിൽ ഭൂരിഭാഗം ക്യാമറകളും ഡിവിആറുകളും അനുബന്ധ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും തകരാറിലായി. ക്യാമറകൾ നന്നാക്കാൻ പിന്നീട് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം നടന്നില്ല.

ഒടുവിൽ ആ നീക്കം ഉപേക്ഷിച്ചു. ക്യാമറകൾ നിശ്ചലമായതോടെ മോഷണം, വാഹനാപകടം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തെളിവു ശേഖരണം മുടങ്ങി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപിച്ചിരിക്കുന്ന ക്യാമറകളെയാണ് ആലുവ ഈസ്റ്റ് പൊലീസ് ഇപ്പോൾ തെളിവു ശേഖരണത്തിന് ആശ്രയിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ പലരും അതൃപ്തി അറിയിക്കുന്നതു പതിവാണ്. പൊലീസ് ആയതിനാൽ തടസ്സപ്പെടുത്തുന്നില്ല എന്നേയുള്ളൂ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ദൃശ്യങ്ങൾ ലഭിച്ചിരുന്ന റൂറൽ ജില്ലാ പൊലീസ് കൺട്രോൾ റൂമിൽ ഇപ്പോൾ ചിലയിടത്തെ ദൃശ്യങ്ങൾ മാത്രമേ കിട്ടുന്നുള്ളൂ.

പ്രളയത്തിനു മുൻപു വരെ റെയിൽവേ സ്റ്റേഷൻ, ആലുവ പാലസ്, കെഎസ്ആർടിസി, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, ദേശീയപാത എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ 50 ഇഞ്ച് എൽഇഡി ടിവിയിൽ തെളിഞ്ഞിരുന്നു. ഇപ്പോൾ മോണിറ്റർ ഓണാക്കിയാൽ ‘നോ സിഗ്നൽ’ എന്നു മാത്രമേ കാണൂ. നഗരസഭയുടെ നേതൃത്വത്തിൽ 53 എച്ച്ഡി ക്യാമറകൾ സ്ഥാപിക്കുന്ന ജോലി നടക്കുകയാണ്. അതിനൊപ്പം പൊലീസിന്റെ പഴയ ക്യാമറകൾ കൂടി പ്രവർത്തനക്ഷമമാക്കിയാൽ ഏറെ പ്രയോജനകരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com