ADVERTISEMENT

കൊച്ചി∙ വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പദ്ധതിയുടെ മുൻ സിഇഒ യു.വി.ജോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ‍‍ഡി) വീണ്ടും ചോദ്യം ചെയ്തു. കേസിലെ ഒന്നാം പ്രതിയായ സന്തോഷ് ഈപ്പനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്ത ശേഷമാണ് ഇന്നലെ രാവിലെ ചോദ്യം ചെയ്യലിനു ഹാജരാകാൻ യു.വി.ജോസിനോടു നിർദേശിച്ചത്.

യുഎഇ സംഘടനയായ റെഡ് ക്രെസന്റ് നൽകിയ 19 കോടി രൂപയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണു സന്തോഷ് ഈപ്പന്റെ കമ്പനിയായ യൂണിടാക് പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇഡിയുടെ കേസ്. ഇതിന്റെ ഭാഗമായി നടത്തിയ കള്ളപ്പണ, ഡോളർ ഇടപാടുകളിൽ സന്തോഷ് ഈപ്പന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന മൊഴികളാണ് യു.വി.ജോസ് നൽകിയത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഇതേ കേസിൽ റിമാൻഡിലാണ്. ശിവശങ്കറിന്റെ റിമാൻഡ്, വിചാരണക്കോടതി ഏപ്രിൽ 4 വരെ നീട്ടി. സന്തോഷ് ഈപ്പനെയും ഇന്നലെ റിമാൻഡ് ചെയ്ത് രണ്ടു ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. ഇതേ കേസിൽ 4 തവണ ചോദ്യം ചെയ്യലിനു വിധേയനായ സി.എം.രവീന്ദ്രൻ സാക്ഷിയാണോ പ്രതിയാണോയെന്ന കാര്യം ഇഡി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ ലഭിക്കാൻ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കു കമ്മിഷൻ നൽകിയെന്നും ഡോളറാക്കിയാണു തുക കൈമാറിയതെന്നും സന്തോഷ് പറയുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, എം.ശിവശങ്കർ, സി.എം.രവീന്ദ്രൻ എന്നിവർക്കുള്ള കോഴയാണു സന്തോഷ് ഈപ്പൻ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കു കൈമാറിയതെന്നാണു കേസിലെ കൂട്ടുപ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവരുടെ കുറ്റസമ്മത മൊഴി.

സ്വപ്ന സുരേഷാണു സന്തോഷ് ഈപ്പനെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനു പരിചയപ്പെടുത്തിയത്. ലൈഫ് മിഷൻ സിഇഒ യു.വി.ജോസിനെ നേരിട്ടുകണ്ടു സംസാരിക്കാൻ സന്തോഷ് ഈപ്പനു നിർദേശം നൽകിയതു ശിവശങ്കറാണ്. യു.വി.ജോസിനോടും ഇക്കാര്യം ശിവശങ്കർ സംസാരിച്ചിട്ടുണ്ട്. ഇവരെ ഒരുമിച്ചു ചോദ്യം ചെയ്യുന്നതോടെ കോഴ ഇടപാടിന്റെ ഉള്ളുകള്ളികൾ പുറത്തുവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com