ആലങ്ങാട് ∙ കരുമാലൂർ മേഖലയിൽ വീണ്ടും മോഷ്ടാക്കളുടെ ശല്യം. മോട്ടർ, കോഴികൾ, നെയിം ബോർഡ് എന്നിവ മോഷണം പോയി. ഇന്നലെ രാവിലെയാണു കൊപ്രപ്പറമ്പിൽ അജിത് പീതാംബരന്റെ വീട്ടിൽ നിന്നു കൃഷി ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്ന മോട്ടർ മോഷണം പോയത്.രണ്ടു ദിവസം മുൻപ് കിഴക്കേപ്പൊക്കം മേഖലയിൽ നിന്നു 6 കോഴികളെ മോഷ്ടിച്ചു. കൂടാതെ സമീപത്തെ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥന്റെ വീടിനു മുന്നിലെ നെയിം ബോർഡും മോഷണം പോയി.
വളർത്തുനായ്ക്കൾ കുരയ്ക്കുന്നതു കേട്ട് എഴുന്നേറ്റ സമീപത്തെ വീട്ടുകാർ നോക്കിയപ്പോൾ സംശയാസ്പദമായ രീതിയിൽ ഒരാൾ വീടിനു മുൻപിൽ നിൽക്കുന്നതു കണ്ടതായി പറഞ്ഞു. ഇയാളുടെ ചിത്രം മൊബൈലിൽ പകർത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്നു സൗഹൃദം റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ആലങ്ങാട് പൊലീസിൽ പരാതി നൽകി.
പൊലീസ് പരിശോധന നടത്തി.പ്രദേശമായ കോട്ടപ്പുറം മേഖലയിൽ നിന്നു 4 പോത്തുകൾ മോഷണം പോയ സംഭവവും ഉണ്ടായിരുന്നു. തുടർച്ചയായി മോഷണങ്ങൾ നടക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ഭീതിയിലായിട്ടുണ്ട്. പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് ആവശ്യം.