ADVERTISEMENT

കിഴക്കമ്പലം∙ കോടികൾ ഫണ്ട് അനുവദിച്ചിട്ടും നിയമക്കുരുക്കിൽപ്പെട്ട് ശോച്യാവസ്ഥയിൽ ആയിരിക്കുകയാണ് കൊച്ചി–തേക്കടി സംസ്ഥാന പാതയുടെ ഭാഗമായ കിഴക്കമ്പലം –നെല്ലാട് റോഡ്. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകളിലൊന്നായ ഈ 14 കിലോമീറ്റർ റോഡിന്റെ കഷ്ടകാലം തുടങ്ങിയിട്ട് പത്തു വർഷത്തിലേറെയായി. 

അടുത്തിടെ എംഎൽഎയുടെ നേതൃത്വത്തിൽ 10 കോടി രൂപ ഉന്നത നിലവാരത്തിലുള്ള ടാറിങ് പൂർത്തീകരിക്കുന്നതിനായി അനുവദിച്ചിട്ടുണ്ട്. എന്നാൽ നിയമക്കുരുക്കിൽപ്പെട്ട് ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. നിയമക്കുരുക്ക് വർധിക്കുന്നതോടെ ഇതു വഴിയുള്ള യാത്ര ദുരിതമായി. റോഡിലെ കുഴിയിൽ വീണു പരുക്കേൽക്കുന്നവരുടെ എണ്ണവും വർധിച്ചു.

കിഫ്ബി വഴി റോഡ് നിർമാണത്തിനായി 32.6 കോടി രൂപയാണ് 2018ൽ വകയിരുത്തിയിരുന്നത്. പദ്ധതിയുടെ ഭാഗമായ മനയ്ക്കക്കടവ്–പള്ളിക്കര, പട്ടിമറ്റം– പത്താംമൈൽ റോഡിന്റെ ഉന്നത നിലവാരത്തിലുള്ള ടാറിങ് പൂർത്തീകരിച്ചു. കിഴക്കമ്പലം–നെല്ലാട് ഭാഗത്തെ ടാറിങ് കരാറുകാരൻ ഉപേക്ഷിച്ചു. എന്നാൽ 10 കോടി രൂപയോളം മാത്രമാണ് കരാറുകാരനു നൽകിയിട്ടുള്ളത്. ബാക്കിയുള്ള 22 കോടി രൂപ ലഭിക്കുന്നതിനായി കരാറുകാരൻ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇൗ വിഷയം പരിഹരിച്ചാൽ മാത്രമേ പുതിയ ഫണ്ട് അനുവദിച്ചതിലെ ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ കഴിയു. കേരള റോഡ് ഫണ്ട് ബോർഡ് വഴിയാണ് 10 കോടി രൂപ മുടക്കി റോഡ് ഉന്നത നിലവാരത്തിൽ ടാറിങ്ങിനുള്ള പദ്ധതി. കഴിഞ്ഞ വർഷം റോഡ് അറ്റകുറ്റപ്പണിക്കായി 2.44 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ കുഴിയുള്ള പകുതി ഭാഗം പോലും മൂടുവാൻ കരാറുകാർക്ക് കഴിഞ്ഞില്ല.

റോ‍ഡ് നിർമാണം അനന്തമായി നീളുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് റോഡ് സംരക്ഷണ സമിതി രക്ഷാധികാരി ബിജു മഠത്തിപ്പറമ്പിൽ പറഞ്ഞു. സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഒട്ടേറെ പ്രതിഷേധ പരിപാടികളാണ് ഇതിനോടകം നടത്തിയത്. മഴക്കാലത്തിനു മുൻപ് റോഡ് നിർമാണം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ട്വന്റി20 ഭരിക്കുന്ന 4 പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പ്രധാന റോഡാണിത്. രാഷ്ട്രീയ താൽപര്യങ്ങളാണ് റോഡ് ടാറിങ് വൈകിപ്പിക്കുന്നതിനു കാരണമെന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com