പിറവം∙ വേനൽ കടുത്ത് ശുദ്ധജല ക്ഷാമം രൂക്ഷമാകുമ്പോഴും പൊതു കിണറുകൾ അവഗണനയിൽ. പതിറ്റാണ്ടുകൾക്കു മുൻപു വരെ നാട്ടിലെ പ്രധാന ജലസ്രോതസുകൾ ആയിരുന്നവയാണ് ഇവയിൽ പലതും. ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ വിതരണം കാര്യക്ഷമമായതോടെയാണു പലരും പൊതു കിണറുകൾ മറന്നത്. ചിലതൊക്കെ റോഡ് വികസനത്തിന്റെ ഭാഗമായി നികത്തപ്പെട്ടു. ശേഷിക്കുന്നവയാകട്ടെ മാലിന്യങ്ങൾ വലിച്ചെറിയുന്നതിനുള്ള കേന്ദ്രമായി മാറി.
ഇത്തരം കിണറുകളിൽ മാലിന്യങ്ങൾ കെട്ടിക്കിടന്നു ജീർണ്ണിക്കുന്നതു മൂലം സമീപത്തുള്ള കിണറുകളുംജലം മലിനമാകുന്നതായാണു പരാതി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇത്തരം കിണറുകൾ സംരക്ഷിക്കുന്നതിനു നടപടി സ്വീകരിക്കുന്നില്ല. പിറവം അഗ്നിരക്ഷാ സേന നിലയത്തിനു സമീപത്തുള്ള കിണറിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് അവഗണനയ്ക്കുള്ള ഉദാഹരണമാണ്.
പിറവം പഞ്ചായത്തായിരിക്കെ 1964 ൽ നിർമിച്ച കിണറാണിത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് രാത്രി കിണറിൽ കൊണ്ടിടുന്നത്. അകലെ നിന്നുള്ളവരും ഇവിടെ മാലിന്യം കൊണ്ടിടുന്നതായി പരിസരവാസികൾ പറയുന്നു. കിണർ സംരക്ഷിക്കുകയോ അല്ലെങ്കിൽ കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ചു മറയ്ക്കുകയോ വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.