പിറവം∙ സപ്ലൈകോ സബേർബൻ മാളിലെ സൂപ്പർ മാർക്കറ്റിൽ കുത്തരിയുടെയും ജയ അരിയുടെയും വിതരണം നിലച്ചിട്ടു 3 ആഴ്ച പിന്നിട്ടു. പട്ടണങ്ങളിലെ ഷോപ്പിങ് അനുഭവം ഗ്രാമങ്ങളിലും എന്ന പ്രഖ്യാപനത്തോടെ സംസ്ഥാനത്ത് സപ്ലൈകോ ആദ്യമായി ആരംഭിച്ചതാണു സബേർബൻ മാൾ. മേഖലയിൽ അരി എത്തിക്കുന്ന പ്രാദേശിക ഡിപ്പോയിൽ നിന്ന് പർച്ചേസ് ഓർഡർ വൈകുന്നതാണു കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. സബേർബൻ മാളിനു പുറമേ സമീപ പ്രദേശങ്ങളിലുള്ള സപ്ലൈകോ ബസാറുകളിലും അരിയ്ക്കു ക്ഷാമമുള്ളതായാണു വിവരം.
മിക്കയിടത്തും പച്ചരി മാത്രമാണ് ഇൗ ദിവസങ്ങളിൽ കരുതലുള്ളത്. റേഷൻ കാർഡിനു സബ്സിഡി നിരക്കിൽ ലഭിക്കുന്ന 5 കിലോഗ്രാം വിഹിതവും ഇപ്പോൾ പച്ചരിയാണു നൽകുന്നത്. പൊതുവിപണിയിൽ അരി വില കിലോഗ്രാമിനു ശരാശരി 50 രൂപ നിരക്കിൽ തുടരുമ്പോൾ സപ്ലൈകോ സ്റ്റോറുകളിൽ കുത്തരിയ്ക്കു 42 രൂപയും ജയ അരിക്കു 38 രൂപയുമായിരുന്നു വില. സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്കു ഇതേറെ ആശ്വാസമായിരുന്നു. ഇൗ ദിവസങ്ങളിലെല്ലാം നിരവധി പേർ കുത്തരി അന്വേഷിച്ച് സപ്ലൈകോ സ്റ്റോറിൽ എത്തുന്നുണ്ട്.
പിറവത്ത് കരവട്ടെ കുരിശ് ജംക്‌ഷനു സമീപം പ്രവർത്തിച്ചിരുന്ന സപ്ലൈകോ സ്റ്റോർ ചെലവു ചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞ വർഷം സബേർബൻ മാളിലേക്കു ലയിപ്പിച്ചിരുന്നു. ഇതോടെ ശരാശരി 5000 റേഷൻ കാർഡ് ഉടമകൾ എല്ലാ മാസവും ഇവിടെ നിന്നു സാധനങ്ങൾ വാങ്ങിയിരുന്നതായാണ് അധികൃതർ പറയുന്നത്. പിറവത്തിനു പുറമേ സമീപ പഞ്ചായത്തുകളിൽ നിന്നുള്ള ഒട്ടേറെ ഉപയോക്താക്കൾ സബേർബൻ മാളിലെ സൂപ്പർ മാർക്കറ്റ് ആശ്രയിക്കുന്നുണ്ട്. അരിക്കു പുറമേ മുളക്, മല്ലി തുടങ്ങിയവയുടെ വിതരണവും നാളുകളായി നിലച്ചിരിക്കുകയാണ്.