ലഹരി മരുന്ന് ഇടപാട് സംഘത്തിലെ നൈജീരിയൻ യുവാവിനെ പിടികൂടി

HIGHLIGHTS
  • ഇന്ത്യയിലെത്തിയത് വിദ്യാഭ്യാസത്തിന് എന്ന വ്യാജേന
Handcuff
ഒകോൻഖോ ഇമ്മാനുവൽ ചിദുബേ
SHARE

കാക്കനാട്∙ രാജ്യാന്തര തലത്തിൽ ലഹരി മരുന്നു വിപണനം നടത്തുന്ന ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സംഘത്തിലെ പ്രധാനി നൈജീരിയൻ സ്വദേശി ഒകോൻഖോ ഇമ്മാനുവൽ ചിദുബേ (32) പൊലീസിന്റെ പിടിയിലായി. ഈ മാസം ആദ്യം ലഹരി മരുന്നുമായി പിടിയിലായ കാക്കനാട് സ്വദേശി ഷെമിം ഷായിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവിൽ നിന്നു ഒകോൻഖോ പിടിയിലായത്. 

ഷെമിം ഷായിൽ നിന്നു കണ്ടെടുത്ത പ്രത്യേക തരം ലഹരിമരുന്നിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണ് രാജ്യാന്തര കണ്ണികളിലേക്ക് എത്തിയത്.ഷെമിം ഷായ്ക്കു ലഹരി മരുന്ന് എത്തിച്ചതു വൻ ഇടപാടു സംഘമാണെന്നു ബോധ്യപ്പെട്ടതോടെ തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി.വി.ബേബിയുടെ നേതൃത്വത്തിൽ സമീപ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി വിപുലമായ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 

വിദേശികൾ ഉൾപ്പെടെ ബെംഗളൂരുവിൽ ക്യാംപ് ചെയ്താണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ലഹരി മരുന്ന് എത്തിച്ചിരുന്നത്. ഉപരി പഠനത്തിന് ഇന്ത്യയിലെത്തി എന്നാണ് ഒകോൻഖോയുടെ യാത്രാ രേഖകളിലുള്ളത്. എന്നാൽ ഇവിടെ വിദ്യാഭ്യാസം നടത്തിയതിനു തെളിവില്ല. ലഹരി ഇടപാടു തന്നെയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പൊലീസിന്റെ നിഗമനം. 

ഇൻഫോപാർക്ക് പൊലീസ് ഇൻസ്പെക്ടർ വിപിൻദാസ്, തൃക്കാക്കര എസ്ഐ പി.ബി.അനീഷ്, അമ്പലമേട് എസ്ഐ അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ലെജിത്, ജാബിർ, രഞ്ജിത്, സൈബർ സെൽ ഓഫിസർ വിപിൻ എന്നിവർ ദിവസങ്ങളോളം ബെംഗളൂരുവിൽ വിവിധ കേന്ദ്രങ്ങളിൽ ക്യാംപ് ചെയ്താണ് ഓകോൻഖോയുടെ നീക്കങ്ങൾ നിരീക്ഷിച്ചു പിടികൂടിയത്.

നേരത്തെ പിടിയിലായ ഷെമിം ഷായ്ക്കു പുറമേ മറ്റ് ഏജന്റുമാരും ഇവരുടെ കണ്ണികളായി കൊച്ചിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഐടി മേഖലയും പ്രഫഷനൽ കോളജ് പരിസരങ്ങളുമായിരുന്നു ഏജന്റുമാർ താവളമാക്കിയിരുന്നതെന്നും കണ്ടെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS