ADVERTISEMENT

കൊച്ചി ∙ എപ്പോൾ വേണമെങ്കിലും കത്തിപ്പടരാൻ കാത്തുകിടക്കുന്ന പ്ലാസ്റ്റിക് ബോംബ് പോലെയാണു ബ്രഹ്മപുരം. മാർച്ച് 2നു തുടങ്ങി 13 ദിവസം നീണ്ടുനിന്ന തീപിടിത്തത്തിൽ കുറെയേറെ പ്ലാസ്റ്റിക് മാലിന്യം കത്തിനശിച്ചു. അതിൽ നിന്നുയർന്ന വിഷപ്പുക കൊച്ചി നഗരത്തെയും പരിസരത്തെയും മുഴുവൻ മുക്കി. എന്നിട്ടും ബ്രഹ്മപുരം ഉയർത്തുന്ന ആശങ്കകൾ അവസാനിച്ചിട്ടില്ലെന്നാണ് ഇന്നലെയുണ്ടായ തീപിടിത്തം നൽകുന്ന മുന്നറിയിപ്പ്.

സെക്ടർ ഏഴിലെ ചെറിയ പ്രദേശത്താണു തീപിടിത്തമുണ്ടായതെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതർ പറയുന്നു. തീ നിയന്ത്രണവിധേയമാണെന്ന് അഗ്നിരക്ഷാ സേനയും അറിയിച്ചു. കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിന്റെ അടിവശത്തുകൂടി തീ പടരാനുള്ള സാധ്യത ബ്രഹ്മപുരത്ത് എപ്പോഴും നിലനിൽക്കുന്നുവെന്നതാണു വസ്തുത. ഒരിടത്തു തീയണയ്ക്കുമ്പോഴും മറ്റൊരു സ്ഥലത്തുനിന്നു തീനാളങ്ങൾ ഉയരുന്നത് ഇന്നലെയും കണ്ടു.

തീർത്തും അശാസ്ത്രീയമായാണു കൊച്ചി കോർപറേഷൻ ബ്രഹ്മപുരത്തു മാലിന്യം കൊണ്ടുവന്നു തള്ളിയിരുന്നത്. ജൈവ, അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി തള്ളുന്നതു വൻ ദുരന്തത്തിലേക്കു നയിക്കുമെന്നു ശാസ്ത്ര വിദഗ്ധർ പലതവണ മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്. ശാസ്ത്രീയമായി സംസ്കരിച്ചു മാലിന്യം പൂർണമായി നീക്കാതെ ബ്രഹ്മപുരത്തെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്ന് എസ്‌സിഎംഎസ് എൻജിനീയറിങ് കോളജിലെ എൻവയൺമെന്റൽ എൻജിനീയറിങ് വിഭാഗം പ്രഫസർ ഡോ. രതീഷ് മേനോൻ പറഞ്ഞു.

ബ്രഹ്മപുരം: സോണ്ട കമ്പനിക്കെതിരെ ആരോപണവുമായി നാട്ടുകാർ

കൊച്ചി ∙ ബ്രഹ്മപുരത്ത് ഇന്നലെ തീപിടിത്തമുണ്ടായതിനു പിന്നാലെ, ബയോമൈനിങ്ങിനു കരാറെടുത്ത സോണ്ട ഇൻഫ്രാടെക് കമ്പനിക്കെതിരെ ആരോപണവുമായി നാട്ടുകാർ. സോണ്ട പ്രതിനിധികളും കരാറുകാരും കഴിഞ്ഞ ദിവസം ബ്രഹ്മപുരത്തു സന്ദർശിച്ചെന്നും അവർ എന്തിനാണു ബ്രഹ്മപുരത്തു വന്നതെന്ന കാര്യം അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സോണ്ട കമ്പനി പ്രതിനിധികളുടെ സന്ദർശനത്തിനു പിന്നാലെ വീണ്ടും തീപിടിത്തമുണ്ടായതിൽ ദുരൂഹതയുണ്ട്. തീയിട്ടതാണോയെന്നു സംശയമുണ്ടെന്നും നാട്ടുകാർ പറഞ്ഞു. തീപിടിത്തത്തിനു ശേഷവും ബ്രഹ്മപുരത്തു പ്ലാസ്റ്റിക് മാലിന്യം തള്ളാൻ ശ്രമിച്ചിരുന്നു.

ഇതു നാട്ടുകാർ തടഞ്ഞു. ആദ്യ തവണ 13 ദിവസം നീണ്ട തീപിടിത്തത്തിനു ശേഷം രണ്ടു തവണയായി ചെറിയ തോതിൽ തീപിടിച്ചിരുന്നു. തീപിടിത്തം തടയാനുള്ള നടപടി സർക്കാർ സ്വീകരിച്ചില്ല. ഇന്നലെ തീപിടിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞ ശേഷമാണു തീ കെടുത്താനുള്ള നടപടി ആരംഭിച്ചത്. അഗ്നിരക്ഷാ സേനയുടെ വൻ സന്നാഹം ബ്രഹ്മപുരത്തു തമ്പടിച്ചിരുന്നെന്നു പറയുമ്പോഴും ഒരു അഗ്നിരക്ഷാ യൂണിറ്റ് മാത്രമാണു തുടക്കത്തിൽ തീയണയ്ക്കാനുണ്ടായിരുന്നതെന്നു നാട്ടുകാർ പറയുന്നു.കഴിഞ്ഞ തവണത്തെ പുക മൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങളിൽനിന്നു നാട്ടുകാർ ഇതുവരെ കരകയറിയിട്ടില്ല. ഇതിനിടയിലാണു വീണ്ടും കത്തിയത്. പുക കൊച്ചി നഗരത്തിൽ എത്തിയാൽ മാത്രമേ കോർപറേഷനും സർക്കാരും എന്തെങ്കിലും ചെയ്യൂ. ഇനിയും ഇതു സഹിക്കാൻ തയാറല്ലെന്നും നാട്ടുകാർ പറഞ്ഞു.

പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്നു സമർപ്പിക്കും

കൊച്ചി∙  ബ്രഹ്മപുരം തീപിടിത്ത കേസിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ ഇന്നു സർക്കാരിനു സമർപ്പിക്കും. ഈ മാസം രണ്ടിനുണ്ടായ തീപിടിത്തത്തിനു പിന്നിൽ സ്വാഭാവിക കാരണങ്ങളാണെന്നും അട്ടിമറിയില്ലെന്നുമാണാ അന്വേഷണത്തിന്റെ കണ്ടെത്തൽ എന്നറിയുന്നു. സംസ്ഥാന പൊലീസ് മേധാവി മുഖേന ചീഫ് സെക്രട്ടറിക്കാണു റിപ്പോർട്ട് നൽകുക.   പ്ലാന്റിലെ സിസിടിവി ദൃശ്യങ്ങൾ, സംഭവസ്ഥലത്തുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി, ബ്രഹ്മപുരത്തും പരിസരത്തുമുണ്ടായിരുന്നവരുടെ ഫോൺ കോൾ വിശദാംശങ്ങൾ ഉൾപ്പെടെ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്‌ത പൊലീസ് അൻപതോളം പേരെ ചോദ്യം ചെയ്തിരുന്നു. തീപിടിച്ച ദിവസം ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തെയും പരിസരത്തെയും ഉപഗ്രഹദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചാണു പൊലീസ് അന്വേഷണം പൂർത്തിയാക്കിയത്. ‌

ബ്രഹ്മപുരത്തെ മാലിന്യക്കൂനകൾക്കു തീപിടിക്കാൻ വേണ്ട സ്വാഭാവിക സാഹചര്യങ്ങളെല്ലാം അവിടെയുണ്ടെന്നും തീപടർന്നു കത്തുന്നതു വേഗത്തിലാക്കാൻ സഹായിക്കുന്ന ചതുപ്പുവാതകങ്ങളാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യനിർമിതമാണു തീയെങ്കിൽ വീണ്ടും ഉണ്ടാകാൻ ഇടയില്ല എന്ന നിഗമനത്തിലാണു പൊലീസ് അന്വേഷണം എത്തിയതെന്നാണു വിവരം.  ഇന്നലെ വീണ്ടും ബ്രഹ്മപുരത്തു തീപിടിച്ചതു സ്വാഭാവിക കാരണങ്ങളാൽ തീയുണ്ടാകാം എന്ന തങ്ങളുടെ കണ്ടെത്തലിനെ ശരിവയ്ക്കുന്നതായും പൊലീസ് കരുതുന്നു. തൃക്കാക്കര എസിപി പി.വി. ബേബിയുടെ നേതൃത്വത്തിലാണു കേസ് അന്വേഷണം നടത്തിയത്. സംഭവത്തിൽ ഇൻഫോ പാർക്ക് പൊലീസാണു കേസ് എടുത്തിരിക്കുന്നത്.

പുക ശമിച്ചെന്ന് അധികൃതർ

കൊച്ചി ∙ ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്നുണ്ടായ പുക രാത്രി 8 മണിയോടെ പൂർണമായും ശമിച്ചുവെന്നു അധികൃതർ അറിയിച്ചു. തീ സന്ധ്യയോടെ തന്നെ നിയന്ത്രിച്ചിരുന്നു. റീജനൽ ഫയർ ഓഫിസർ ജെ.എസ്. സുജിത്കുമാർ, ജില്ല ഫയർ ഓഫിസർ കെ. ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അഗ്നിരക്ഷാ സേനയുടെ പ്രവർത്തനം. മേയർ എം. അനിൽകുമാർ, എംഎൽഎമാരായ പി.വി. ശ്രീനിജൻ, ഉമ തോമസ്, കലക്ടർ എൻ.എസ്.കെ. ഉമേഷ്, സബ് കലക്ടർ വിഷ്ണുരാജ്, കോർപറേഷൻ സ്ഥിര സമിതി ചെയർമാൻമാരായ പി.ആർ. റെനീഷ്, വി.എ. ശ്രീജിത്ത്, വടവുകോട്– പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com