ADVERTISEMENT

മട്ടാഞ്ചേരി∙ നാടകം ചുവപ്പിച്ച നാലക്ഷരങ്ങൾ; അതാണ് കെപിഎസി. ആ പേര് ബിയാട്രിസ് സ്വന്തം പേരിനോടു ചേർത്തിട്ട് 60 വർഷമാകുന്നു. നാടക വേദിയിൽ തിളങ്ങി നിന്ന കെപിഎസി ബിയാട്രിസും  61 വർഷമായി അരങ്ങിൽ സജീവമായി നിൽക്കുന്ന അമ്മിണി ഏണസ്റ്റും വീണ്ടും ഒരു നാടകദിനം വന്നണയുമ്പോൾ ഓർമകളുമായി ഒത്തുചേർന്നു. 

നാടകത്തിൽ ഒരുമിച്ച് അഭിനയിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും ജീവിതത്തിൽ ഇവർ കൂടപ്പിറപ്പുകളെ പോലെയാണ്. ആലുവ ശാരികയുടെ പെണ്ണാട്ടി എന്ന നാടകത്തിലെ അഭിനേത്രിയായ അമ്മിണി ഏണസ്റ്റ് ചെറായിയിൽ നാടകാവതരണത്തിനു പോകുന്ന വഴിയാണ് കൂവപ്പാടം ശാന്തി നഗർ കോളനിയിലെ കെപിഎസി ബീയാട്രീസിന്റെ വീട്ടിലെത്തിയത്. 

ലോക നാടകദിനാഘോഷത്തോട് അനുബന്ധിച്ച് ലോക നാടക വേദി നൽകുന്ന പുരസ്കാരത്തിന്റെ തിളക്കത്തിലാണ് ഇരുവരും. നാടക രംഗത്തെ ആചാര്യനായ എഡ്ഡിമാസ്റ്ററുടെ പേരിലുള്ള പുരസ്കാരം അമ്മിണി ഏണസ്റ്റും നാടക കലാകാരൻ ഐ.ടി.ജോസഫിന്റെ പേരിലുള്ള പുരസ്കാരം കെപിഎസി ബീയാട്രീസും നാളെ ഏറ്റുവാങ്ങും. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയിട്ടുള്ളവരാണ് ഇരുവരും. 

നാടകത്തിനു വേണ്ടി ജീവിതം മാറ്റിവച്ചവരാണ് അമ്മിണിയും ബീയാട്രീസും. 1962 മുതൽ മുപ്പതിനായിരത്തിലേറെ സ്റ്റേജുകളിൽ അഭിനയം കാഴ്ചവച്ചിട്ടുണ്ടെന്ന് അമ്മിണി പറയുമ്പോൾ 60 വർഷത്തിനിടെ ആയിരക്കണക്കിനു സ്റ്റേജുകൾ പിന്നിട്ടതിന്റെ ഓർമയിലാണ് ബിയാട്രിസ്. 1957 മുതൽ 1979 വരെ കെപിഎസിയിയുടെയും പിന്നീട് കേരളത്തിലെ ഒട്ടുമിക്ക സമിതികളുടെയും നാടകങ്ങളിൽ അഭിനയിച്ചു. അരങ്ങിൽ പാടി നൃത്തം ചെയ്യുന്ന നടി എന്ന നിലയിലും ശ്രദ്ധേയയായ ബീയാട്രീസ് പറയുന്നു: ‘75 വയസ്സ് വരെ അഭിനയിച്ചു. ഇപ്പോഴും നാടകത്തിൽ അഭിനയിക്കണമെന്നുണ്ട്. എന്തു ചെയ്യാം. യാത്ര ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടാണ് പ്രശ്നം’.

സീരിയലും സിനിമയും കുടുംബ സദസ്സുകളുടെ കീഴടക്കുന്നുണ്ടെങ്കിലും നാടകം കാണുന്നതിനുള്ള താൽപര്യം ആളുകൾക്ക് ഇപ്പോൾ കൂടി വരുന്നുണ്ടെന്ന് ബീയാട്രീസ് പറയുന്നു. ‘നാടകം ഉപേക്ഷിച്ച് സിനിമയും സീരിയലും ഒന്നും വേണ്ട. നാടകത്തിൽ അഭിനയിച്ചു കൊണ്ട് അരങ്ങിൽ മരിച്ചു വീഴണമെന്നാണ് ആഗ്രഹം’. അമ്മിണി ഏണസ്റ്റ് പറയുന്നു. അടുത്ത ജന്മം ഉണ്ടെങ്കിൽ അന്നും നാടക നടിയായി തന്നെ ജീവിക്കണം. പിതാവിന്റെ മരണം അറിഞ്ഞത് 18–ാം ദിവസമാണ്.

സഹോദരൻ മരിച്ചത് അറിഞ്ഞത് 15–ാം ദിവസവും. അന്നൊന്നും ഫോൺ ഇല്ലായിരുന്നു. നാടക അവതരണത്തിനുള്ള യാത്രയ്ക്കിടെ ഉണ്ടായ ഈ അനുഭവങ്ങൾ മറക്കാൻ പറ്റില്ല. അമ്മിണി പറഞ്ഞു.കോഴിക്കോട് സങ്കീർത്തനയുടെ തീപ്പൊട്ടൻ എന്ന നാടകത്തിൽ 3 വേഷങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ അമ്മിണി കോമഡി വേഷങ്ങളിലും ശ്രദ്ധേയയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com