തൃപ്പൂണിത്തുറ ∙ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലേക്ക് പൊലീസ് കൂട്ടിക്കൊണ്ടു വന്നയാൾ കുഴഞ്ഞു വീണ് മരിച്ചു. ഇരുമ്പനം മനയ്ക്കപ്പടി ചാത്തൻവേലിൽ പറമ്പിൽ മനോഹരനാണു (53) മരിച്ചത്. സ്റ്റേഷനിൽ കുഴഞ്ഞു വീണ മനോഹരനെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലും തുടർന്നു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ ഇരുമ്പനം ഭാഗത്തു വച്ചു കൈ കാണിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്നു അടുത്ത സ്ഥലത്തു നിന്ന പൊലീസാണ് ഇദ്ദേഹത്തെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു വന്നത്. സ്റ്റേഷനിൽ എത്തിയപ്പോൾ രാത്രി ഒൻപതോടെ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ഭാര്യ : സിനി. മക്കൾ: അർജുൻ, സച്ചിൻ.