ADVERTISEMENT

തൃപ്പൂണിത്തുറ∙ വാഹന പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിൽ ഹിൽപാലസ് സ്റ്റേഷനിലെ എസ്ഐ ജിമ്മി ജോസിനു സസ്പെൻഷൻ. വാഹനപരിശോധനയ്ക്കു കൈ കാണിച്ചപ്പോൾ മുൻപിലേക്കു കയറ്റി ഇരുചക്ര വാഹനം നിർത്തിയ മനോഹരന്റെ മുഖത്ത് എസ്ഐ അടിച്ചതായി ദൃക്സാക്ഷികൾ സ്ഥിരീകരിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതോടെയാണ് എസ്ഐയ്ക്കെതിരെ സിറ്റി പൊലീസ് കമ്മിഷണർ അച്ചടക്ക നടപടിയെടുത്തത്.

എസ്ഐ ജിമ്മി ജോസ്

സംഭവം അന്വേഷിക്കാൻ ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ മനോഹരനാണു (53) ശനിയാഴ്ച രാത്രി ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണത്. വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും വാഹനം നിർത്താത്തതിനെ തുടർന്നാണു മനോഹരനെ കസ്റ്റഡിയിലെടുത്തത് എന്നാണു പൊലീസ് ഭാഷ്യം.

ഓടിയെത്തിയ എസ്ഐ, മനോഹരനെ പിടികൂടുകയും ഹെൽമറ്റ് ഊരിയതിനു പിന്നാലെ കവിളത്ത് അടിക്കുകയുമായിരുന്നു എന്നാണു ദൃക്സാക്ഷികളുടെ മൊഴി. മദ്യപിച്ചിട്ടില്ല എന്നു വ്യക്തമായിട്ടും പൊലീസ് ജീപ്പിൽ വലിച്ചുകയറ്റിക്കൊണ്ടുപോയി. സ്റ്റേഷനിൽ കുഴഞ്ഞുവീണയുടൻ പൊലീസ് ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മനോഹരന്റെ മരണം ഹൃദയാഘാതം മൂലമെന്നാണു തൃശൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.         

രമാദേവി

‘സാറേ പേടിച്ചിട്ടാണു നിർത്താഞ്ഞത്, പിടിച്ചു നിർത്തി മുഖത്തടിച്ചു’ 

ഇരുമ്പനം∙ ‘സാറേ ഞാൻ പേടിച്ചിട്ടാണു നിർത്താഞ്ഞത്’ എന്നായിരുന്നുവണ്ടി നിർത്തിയ ഉടൻ  മനോഹരൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ, വണ്ടി വയ്ക്കാനുള്ള സാവകാശം ലഭിക്കുന്നതിനു മുൻപേ പൊലീസ് മുഖത്തടിച്ചെന്നു ദൃക്‌സാക്ഷിയായ രമാദേവി പറഞ്ഞു. 'അവിടെ ബഹളം കേട്ടാണ് ഓടിച്ചെന്നത്. 3 പൊലീസുകാർ ഉണ്ടായിരുന്നു. വണ്ടി കൈകാണിച്ചാൽ നിർത്താൻ പാടില്ലേയെന്ന് അവർ ചോദിച്ചു.

വണ്ടി വയ്ക്കാനുള്ള സാവകാശം അവർ കൊടുത്തില്ല. വണ്ടി നിർത്തി ഹെൽമറ്റ് ഊരിയപാടെ പൊലീസ് മുഖത്ത് അടിക്കുകയായിരുന്നു. അടിച്ചപ്പോൾ മനോഹരൻനിന്നു വിറയ്ക്കുകയായിരുന്നു. പിന്നാലെ, മദ്യപിച്ചിട്ടുണ്ടോയെന്നു നോക്കുന്ന യന്ത്രം കൊണ്ടുവന്ന് ഊതിപ്പിച്ചു. പക്ഷേ,‍ മദ്യപിച്ചിട്ടില്ലായിരുന്നു. തുടർന്ന് പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടുപോയി'- ദൃക്സാക്ഷിയും അയൽവാസിയുമായ രമാദേവി പറയുന്നു. വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. രാത്രിതന്നെ സംസ്കരിച്ചു.

വാഹന പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇരുമ്പനം സ്വദേശി മനോഹരൻ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടു നാട്ടുകാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനു മുൻപിലെ റോഡ് ഉപരോധിച്ചപ്പോൾ.

ഇല്ലാതാക്കിയതു കുടുംബത്തിന്റെ അത്താണിയെ

ഇരുമ്പനം∙ പൊലീസിന്റെ അതിക്രമം ഇല്ലാതാക്കിയതു കുടുംബത്തിന്റെ ഏക അത്താണിയെ. സ്വന്തം സ്പെയർ പാർട്സ് കടയടച്ചു വീട്ടിലെത്തിയ ശേഷം സാധനങ്ങൾ വാങ്ങാനെന്നു പറഞ്ഞു പോയ മനോഹരന്റെ മരണ വാർത്തയാണു പിന്നീടു വീട്ടുകാർ കേട്ടത്. ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ മനോഹരന്റെ മരണത്തോടെ കുടുംബത്തിന്റെ ഏക ആശ്രയം നിലച്ചു. ജീവിതത്തിൽ ഇന്നുവരെ പൊലീസ് സ്റ്റേഷനിൽ കയറാത്ത ആളാണു മനോഹരനെന്നു ബന്ധുക്കൾ പറയുന്നു. കോളനിയിൽ താമസമാക്കിയിട്ടു വർഷങ്ങളായി മനോഹരന്റെ കുടുംബം. ഇതു വരെ മോശമായ അഭിപ്രായം അദ്ദേഹത്തെക്കുറിച്ചില്ല.

വീടിന്റെ സമീപത്തു തന്നെയാണു മനോഹരന്റെ വാഹനത്തിനു കൈ കാണിച്ചത്. വാഹനം നിർത്തിയപാടെ മുഖത്തടിച്ചതോടെ പതറിയ മനോഹരന്റെ മുഖം ഇപ്പോഴും സമീപവാസികൾക്കു മറക്കാനാകുന്നില്ല. കർഷക കോളനിയിൽ പരസ്യ മദ്യപാനം ഉണ്ടെന്ന ഫോൺ വിളിയാണു പരിശോധനയ്ക്കു പൊലീസ് ഇവിടെ എത്താനുണ്ടായ കാരണം. ഒരു സംഘം സീപോർട്ട്– എയർപോർട്ട് റോഡിന്റെ ആരംഭത്തിലും മറ്റൊരു സംഘം എരൂർ വഴി വരുന്ന റോഡിലും നിലയുറപ്പിച്ചു. ഇതാണു കോളനിയിലേക്കുള്ള പ്രധാന റോഡുകൾ.  ഒരാഴ്ച മുൻപ് ബ്രഹ്മപുരത്തുണ്ടായ തീപിടിത്തത്തെത്തുടർന്ന് മനോഹരനു ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ശക്തമായ പുക ബാധിച്ച മേഖലകളിലൊന്നാണ് ഇരുമ്പനം.

മനോഹരന്റെ മരണ വാർത്ത കേട്ടയുടൻ കോളനി നിവാസികൾ ഉൾപ്പെടെ മനോഹരനെ അറിയാവുന്ന ഒട്ടേറെ പേരാണു ഹിൽപാലസ് പൊലീസ് സ്റ്റേഷനു മുൻപിൽ തടിച്ചുകൂടിയത്. സ്വന്തമായി ചേരാനെല്ലൂരിൽ സ്പെയർ പാർട്സ് കട നടത്തുകയായിരുന്നു. മൂത്ത മകൻ അർജുൻ ഇരുമ്പനം വൊക്കേഷനൽ എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ്. ഇളയ മകൻ സച്ചിൻ നാലാം ക്ലാസ് വിദ്യാർഥിയും. ഭാര്യ: സിനി.പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി അംഗം അരവിന്ദ ബാബു ഹിൽപാലസ് സ്റ്റേഷനിൽ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും വിവിധ രേഖകളും  അദ്ദേഹം പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളിൽ കുഴഞ്ഞു വീഴുന്നതായിട്ടാണു കാണുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം പറയാൻ സാധിക്കൂ. ഹൃദയാഘാതമാണു മരണകാരണം എന്നാണു പ്രാഥമികമായി അറിയാൻ കഴിഞ്ഞത്. സംഭവത്തിൽ പരാതി ഉണ്ടെങ്കിൽ അത് അന്വേഷിക്കും എന്നും അദ്ദേഹം പറഞ്ഞു.

തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ മരിച്ച മനോഹരന്റെ ഇരുമ്പനത്തെ വീട്ടിലെത്തിയ മന്ത്രി പി. രാജീവ് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു.

മനോഹരന്റെ വീട് സന്ദർശിച്ച് മന്ത്രി രാജീവ്

തൃപ്പുണിത്തുറ∙ പൊലീസ് കസ്റ്റഡിയിൽ മരിച്ച മനോഹരന്റെ ഇരുമ്പനത്തെ വീട് മന്ത്രി പി.രാജീവ് സന്ദർശിച്ചു. വൈകിട്ടോടെ മനോഹരന്റെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സർക്കാർ നയത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അടിയന്തര നടപടി ഉണ്ടാകുമെന്നതിനു തെളിവാണു എസ്ഐ ജിമ്മി ജോസിനെതിരെയുള്ള നടപടിയെന്നു മന്ത്രി പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം തുടർ നടപടികൾ ഉണ്ടാകും. സബ് കലക്ടർ അടക്കം രാവിലെ പൊലീസ് സ്റ്റേഷനിലെത്തി റിപ്പോർട്ട് ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹിൽപാലസ് പൊലീസ് സ്റ്റേഷന് മുൻപിൽ സമരപരമ്പര

തൃപ്പൂണിത്തുറ∙ ഹിൽപാലസ് പൊലീസ് സ്റ്റേഷനു മുൻപിൽ ഇന്നലെ സമരപരമ്പര അരങ്ങേറി. ശനിയാഴ്ച രാത്രി മുതൽ പുലർച്ചെ 2 വരെ സ്റ്റേഷന്റെ മുൻപിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. നാട്ടുകാർ ഇന്നലെ നടത്തിയ ഉപരോധത്തിൽ ഉന്തും തള്ളുമുണ്ടായി. അനൂപ് ജേക്കബ് എംഎൽഎ, മുളന്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് രാജു പി. നായർ എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുൻപിൽ നടത്തിയ പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചു.

ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ച മനോഹരന്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി.‍‍ഡി. സതീശൻ സന്ദർശനം നടത്തുന്നു.

സ്റ്റേഷനു മുൻപിലുള്ള റോഡ് നാട്ടുകാരും യുഡിഎഫ് പ്രവർത്തകരും ചേർന്ന് ഉപരോധിച്ചു. ബിജെപി, സിപിഐ പ്രവർത്തകരും സ്റ്റേഷനു മുൻപിൽ പ്രതിഷേധവുമായി എത്തി.  കേരളത്തിൽ ഏറ്റവും ക്രൂരമായ മർദനം നടക്കുന്ന പൊലീസ് സ്റ്റേഷനാണു തൃപ്പൂണിത്തുറയിലേതെന്നും നടന്നതു കസ്റ്റഡി മരണമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു.   മന്ത്രി പി. രാജീവും വി.ഡി. സതീശനും മനോഹരന്റെ വീടു സന്ദർശിച്ചു. പൊലീസ് കംപ്ലെയിന്റ് അതോറിറ്റി അംഗം അരവിന്ദബാബു ഇന്നലെ സ്റ്റേഷനിലെത്തി സിസിടിവികൾ ഉൾപ്പെടെ പരിശോധിച്ചു ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഉൾപ്പെടെ പറഞ്ഞിട്ടും രക്ഷയില്ല; ഡിജിപിമാരുടെ ഉത്തരവിനും പുല്ലുവില

തൃപ്പൂണിത്തുറ ∙ ജനങ്ങളോടു മാന്യമായി പെരുമാറാനും വാഹന പരിശോധനയിൽ ജാഗ്രത പുലർത്താനും പൊലീസ് മേധാവികളും സർക്കാരും പലവട്ടം പൊലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയെങ്കിലും നടപ്പാകുന്നില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണു മനോഹരന്റെ മരണം. മുഖ്യമന്ത്രി മുതൽ പല തലങ്ങളിലുള്ള ഉന്നതോദ്യോഗസ്ഥർ വരെ നൽകിയ നിർദേശങ്ങൾ പൊലീസ് പാലിക്കുന്നില്ല.

∙ മുഖ്യമന്ത്രി പിണറായി വിജയൻ 2017 മേയ് 16നു പൊലീസിനു നൽകിയ നിർദേശം ഇതാണ്: ‘റോഡിൽ വാഹന പരിശോധന നടത്തുന്ന പൊലീസുകാർ വാഹനയാത്രികരെ അടുത്തു വിളിച്ചു രേഖകൾ ആവശ്യപ്പെടരുതെന്നു കർശന നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിന് അടുത്തെത്തി വേണം രേഖകൾ ആവശ്യപ്പെടാൻ. പരുഷമായ സ്വരത്തിൽ യാത്രക്കാരോടു സംസാരിക്കരുത്. എസ്ഐമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ മേഖലാതല യോഗത്തിൽ ഇക്കാര്യം നിർദേശിച്ചിട്ടുണ്ട്. ഒപ്പം രേഖാമൂലവും നിർദേശം നൽകി.’ ഇതിന്റെ ലംഘനമാണു ശനിയാഴ്ച ഉണ്ടായത്.

∙ 2017 ജനുവരി 31ൽ ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റ നൽകിയ നിർദേശം: ‘വാഹനങ്ങൾ പിടിച്ചെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥന് അധികാരമുണ്ട്. എന്നാൽ ഗതാഗത നിയമലംഘനം പോലുള്ള സംഭവങ്ങളിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പിടിച്ചെടുത്തശേഷം അതിനു രസീതു നൽകി വാഹനം വിട്ടയയ്ക്കാം’.

∙ മുൻ ഡിജിപി ടി.പി. സെൻകുമാർ 2015 ജൂൺ 02 ൽ പൊലീസിനു നൽകിയ നിർദേശം: ‘ഗതാഗതത്തിരക്കേറിയ സ്ഥലങ്ങളിൽ വാഹന പരിശോധന പാടില്ല. ഇടുങ്ങിയ റോഡുകൾ, വളവുകൾ എന്നിവിടങ്ങളിൽ പരിശോധന അരുത്. പരിശോധനയ്ക്കിടെ യോഗ്യമല്ലാത്ത പെരുമാറ്റമോ ദേഹോപദ്രവമോ പാടില്ല. അനാവശ്യമായി വാഹനം കസ്റ്റഡിയിലെടുക്കുകയോ വാഹനം ഓടിക്കുന്നവർക്കു സമയനഷ്ടം ഉണ്ടാക്കുകയോ ചെയ്യരുത്. അമിത വേഗം, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ചു വാഹനമോടിക്കൽ, ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിങ്, സിഗ്നൽ ലംഘനം, അപകടകാരണമാകുന്ന തരത്തിലുള്ള പാർക്കിങ്, രാത്രി ഹെഡ്‌ലൈറ്റിന്റെ തീവ്രത കുറയ്ക്കാതിരിക്കുക എന്നിവയ്ക്കു പരിശോധനയിൽ മുൻഗണന നൽകണം’.

∙ 2014 നവംബർ 17നു ഡിജിപി ആയിരുന്ന കെ.എസ്. ബാലസുബ്രഹ്മണ്യത്തിന്റെ നിർദേശം: ‘പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രശ്നങ്ങളാണു കാരണം. ഗ്രേഡ് എസ്ഐ, എസ്ഐ എന്നിവർ സിഐമാരുടെ അനുമതിയോടെ വേണം വാഹനപരിശോധന നടത്താൻ. പരിശോധന വിഡിയോയിൽ പകർത്തുന്നതു പ്രായോഗികമല്ല. മാന്യമായും സുതാര്യമായ രീതിയിലുമാണു പരിശോധന നടത്തേണ്ടത്’.  

എസ്ഐയെ സസ്പെൻഡ് ചെയ്തതുകൊണ്ടു പ്രശ്നം അവസാനിപ്പിക്കാൻ കഴിയില്ല. ആ യൂണിറ്റിൽ ഉണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകണം. കൊലക്കുറ്റത്തിനു കേസെടുക്കണം. അനൂപ് ജേക്കബ് എംഎൽഎ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com