ADVERTISEMENT

വരാപ്പുഴ ∙ ജില്ലയിൽ തന്നെ തിരക്കേറിയ വരാപ്പുഴ മാർക്കറ്റിൽ ശുചിമുറി സൗകര്യവും മാലിന്യ സംസ്കരണ സംവിധാനവും ഏർപ്പെടുത്താത്തതിനെക്കുറിച്ചു പഞ്ചായത്ത് സെക്രട്ടറിയോടും മാർക്കറ്റ് നടത്തിപ്പുകാരോടും വിശദീകരണം തേടി ജില്ല ലീഗൽ സർവീസസ് അതോറിറ്റി.മാർക്കറ്റിലെ ദുരവസ്ഥയെ കുറിച്ചു ‘മലയാള മനോരമ’ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണു ജില്ല ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി രഞ്ജിത് കൃഷ്ണ പ്രശ്നത്തിൽ സ്വമേധയാ ഇടപെട്ടത്.

ജഡ്ജിയുടെ നിർദേശപ്രകാരം പറവൂർ താലൂക്ക് ലീഗൽ സർവീസസ് സെക്രട്ടറി വി.ഇ.വർഗീസാണു പഞ്ചായത്തിനും മാർക്കറ്റ് നടത്തിപ്പുകാർക്കും നോട്ടിസ് അയയ്ക്കുന്നത്.ഇന്നലെ മാർക്കറ്റിൽ എത്തിയ പാരാലീഗൽ വൊളണ്ടിയർ ആശാ ഷാബു മാർക്കറ്റിലെ വൃത്തിഹീനമായ ശുചിമുറികളും, അശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനവും പരിശോധിച്ചു തെളിവുകൾ ശേഖരിച്ചു.

ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിയെയും മാർക്കറ്റ് നടത്തിപ്പുകാരെയും വിളിച്ചുവരുത്തി വിശദീകരണം തേടും. സംഭവത്തിൽ പരാതിക്കാരായ വരാപ്പുഴ സ്വദേശികളായ ശ്യാം ലാൽ, നിജീഷ് എന്നിവരെയും തെളിവെടുപ്പിനായി വിളിപ്പിക്കും.വരാപ്പുഴ മാർക്കറ്റിനുള്ളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാൻ വെവ്വേറെ ശുചിമുറി കെട്ടിടം വർഷങ്ങൾക്കു മുൻപ് നിർമിച്ചതാണ്.

എന്നാൽ ഉപയോഗശൂന്യമായി കിടക്കുന്ന ഇൗ കെട്ടിടത്തിൽ നിലവിൽ മാലിന്യങ്ങൾ തള്ളുകയാണ്. ഇതിനുപുറമെ സാമൂഹിക വിരുദ്ധർ മദ്യപിക്കാനും മറ്റും എത്തിച്ചേരുന്നതും ഇൗ കെട്ടിടത്തിലാണ്.മുൻപ് ചെറിയ തുക ഇൗടാക്കിയാണ് ശുചിമുറികൾ ഉപയോഗിക്കാൻ നൽകിയിരുന്നത്. എന്നാൽ നടത്തിപ്പ് പാളിയതോടെയാണ് ഇവിടെ മാലിന്യങ്ങൾ തള്ളുന്ന കേന്ദ്രമായി മാറിയത്. വരാപ്പുഴ ടൗണിൽ മറ്റൊരിടത്തും പൊതു ശുചിമുറികൾ ഇല്ലെന്നതും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.

ഇതിനുപുറമെ മാർക്കറ്റിനോടു ചേർന്നുള്ള ഒഴിഞ്ഞ പറമ്പുകളിലും, ശുചിമുറി മാലിന്യ കെട്ടിടത്തിലുമാണു മാലിന്യങ്ങൾ തള്ളുന്നത്. മാർക്കറ്റ് നടത്തിപ്പുകാർ ക്യാമറകളും മറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ടും പ്രയോജനമുണ്ടായില്ല. മാർക്കറ്റിലെ മാലിന്യസംസ്കരണത്തിന് എല്ലാ വർഷവും ബജറ്റിൽ തുക അനുവദിക്കാറുണ്ടെങ്കിലും ശാസ്ത്രീയമായ സംസ്കരണ പ്ലാന്റ് ഇതുവരെ സ്ഥാപിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com