കോതമംഗലം∙ ഇടമലയാർ ഗവ. യുപി സ്കൂളിൽ ഇന്നലെ പുലർച്ചെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ വ്യാപക നാശം. സ്കൂൾ കെട്ടിടത്തിന്റെ മുപ്പതോളം ജനൽപാളികൾ, സ്റ്റോർ റൂമിന്റെ വാതിൽ, ശുദ്ധജല സംഭരണി, പൈപ്പ് ലൈൻ, ശുചിമുറികളുടെ 3 വാതിൽ, കുട്ടികളുടെ പച്ചക്കറിത്തോട്ടം തുടങ്ങിയവ നശിപ്പിച്ചു.
ഭിത്തിക്കു പൊട്ടലുണ്ട്. സ്റ്റോറിലെ സാധനങ്ങൾ വലിച്ചുവാരിയിട്ടു. 3 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. പുലർച്ചെ രണ്ടുമണിയോടെ എത്തിയ 6 ആനകൾ അഞ്ചു വരെ എൽപി ബ്ലോക്കിൽ നാശമുണ്ടാക്കി. യുപി ബ്ലോക്കിൽ ഇരുത്തിയാണ് ഇന്നലെ കുട്ടികളെയെല്ലാം വാർഷിക പരീക്ഷ എഴുതിച്ചത്. വനത്തോടു ചേർന്ന സ്കൂളിൽ 30 ആദിവാസിക്കുട്ടികളാണു പഠിക്കുന്നത്. ചുറ്റുമതിൽ ഇല്ലാത്ത സ്കൂളിനു നേരെ 2016ൽ കാട്ടാന ആക്രമണം ഉണ്ടായപ്പോൾ സ്ഥാപിച്ച വൈദ്യുതവേലി നശിച്ചു.
ഇതിനാലാണ് ആനക്കൂട്ടത്തിനു സ്കൂൾ വളപ്പിൽ പ്രവേശിക്കാനായത്. വൈദ്യുതവേലി പുനഃസ്ഥാപിക്കാനും ചുറ്റും കാട് വെട്ടിത്തെളിക്കാനും സ്ഥലം സന്ദർശിച്ച ആന്റണി ജോൺ എംഎൽഎ വനപാലകർക്കു നിർദേശം നൽകി.