35 അടി താഴ്ചയുള്ള കിണറ്റിൽ എൺപതുകാരൻ കുടുങ്ങി; രക്ഷാപ്രവർത്തനം നടത്തിയത് അഗ്നിരക്ഷാസേന
Mail This Article
മൂവാറ്റുപുഴ∙ കിണർ വൃത്തിയാക്കാൻ കിണറ്റിൽ ഇറങ്ങിയ വയോധികൻ കരയ്ക്കു കയറാനാകാതെ കുടുങ്ങി. 35 അടി താഴ്ചയുള്ള കിണറ്റിൽ ശ്വാസം എടുക്കാനാകാതെ അവശനായ വയോധികനെ ഒടുവിൽ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു. പായിപ്ര നിരപ്പ് കാരച്ചാലിൽ വീട്ടിൽ ചാക്കോയെ (80) ആണ് അഗ്നിരക്ഷാ സേന മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ കിണറ്റിൽ നിന്നു പുറത്തെടുത്തത്.
വീട്ടിലെ കിണർ വൃത്തിയാക്കാനും മോട്ടർ പമ്പുമായി ഘടിപ്പിച്ചിരിക്കുന്ന പൈപ്പിലെ അറ്റകുറ്റപ്പണികൾക്കുമായി എൺപതു വയസ്സുള്ള ചാക്കോ 35 അടി ആഴമുള്ള കിണറ്റിൽ ഇറങ്ങിയത്. എന്നാൽ തിരികെ കയറാൻ കഴിയാതെ കിണറ്റിൽ കുടുങ്ങുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ മുഹമ്മദ് ഇക്ബാൽ, സീനിയർ ഫയർ ഓഫിസർമാരായ സിദ്ദിഖ് ഇസ്മായിൽ, സി.എ.നിഷാദ്, ഫയർ ഓഫിസർമാരായ ഇബ്രാഹിം, വിമൽ വിഷ്ണു, അനസ് മുഹമ്മദ്, ടോമി പോൾ എന്നിവർ എത്തിയാണു രക്ഷാപ്രവർത്തനം നടത്തിയത്.