പിറവം∙ പെരുവംമൂഴി റോഡിൽ ഉൗരമന നാച്ചേരിത്താഴത്തിനു സമീപം സ്വകാര്യബസും വാനും കൂട്ടിയിടിച്ചു ബസ് ഡ്രൈവർ ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബസ് ഡ്രൈവർ പൂതൃക്ക സ്വദേശി അമൽ (30) സീറ്റിൽ നിന്നു തെറിച്ചു വീണു. നിയന്ത്രണം വിട്ട ബസ് ഉരുണ്ട് റോഡരികിലെ സംരക്ഷണഭിത്തിയിൽ ഇടിച്ചു നിന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. ഇന്നലെ വൈകുന്നേരം 3.45നായിരുന്നു അപകടം. മൂവാറ്റുപുഴയിൽ നിന്നു പിറവത്തിനു വരികയായിരുന്നു ബസ്. പിക്കപ് വാൻ ക്വാറിയിൽ നിന്നു മണലുമായി പെരുംവംമൂഴിയിലേക്കു പോവുകയായിരുന്നു.
നാച്ചേരിത്താഴത്തുള്ള വളവിലാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ തെറിച്ചു വീണും മുഖവും ശരീരവും സീറ്റിൽ ഇടിച്ചുമാണു യാത്രക്കാർക്കു പരുക്ക്. ഡ്രൈവർക്കു പുറമെ കക്കാട് സ്വദേശിനി എ.എസ്. അശ്വനി(20),അഞ്ചൽപ്പെട്ടി സ്വദേശിനി നമിത കെ.തങ്കച്ചൻ(20),മാമലശേരി സ്വദേശിനി മിനി ബിജു(47),കിഴുമുറി സ്വദേശിനി സാലി സതി(51),രാമമംഗലം സ്വദേശിനി വി.യു.മേരി(60) എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവാഹനങ്ങളും റോഡിനു മധ്യത്തിലായതോടെ ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് എത്തിയാണു വാഹനങ്ങൾ നീക്കിയത്. പെരുവംമൂഴി റോഡ് വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതോടെ ഇൗ റൂട്ടിൽ ഗതാഗതം ദുഷ്കരമാണ്.