ADVERTISEMENT

കൊച്ചി ∙ ബജറ്റ് ചർച്ച ചെയ്യാൻ ചേർന്ന കോർപറേഷൻ കൗൺസിൽ  യോഗവും ബഹളമയം. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പേരിൽ മേയർ എം. അനിൽകുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് കൗൺസിലർമാർ കൗൺസിലിൽ ബഹളം വച്ചു. തുടർന്നു ബജറ്റ് ചർച്ചയിൽ പങ്കെടുക്കാതെ യുഡിഎഫ് ഇറങ്ങിപ്പോയി. ബാനറുകളും പ്രതിഷേധ മുദ്രാവാക്യങ്ങളുമായി യുഡിഎഫ് കൗൺസിലർമാർ നടുത്തളത്തിൽ നിരന്നു. 13നു കൗൺസിൽ‌ യോഗവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പൊലീസ് മർദനത്തിൽ തലയ്ക്കും കാലിനും പരുക്കേറ്റ കോൺഗ്രസ് കൗൺസിലർ എ.ആർ. പത്മദാസ് തലയിൽ ബാൻഡേജും കാലിൽ പ്ലാസ്റ്ററുമായി ഇന്നലെ വീൽ ചെയറിൽ കൗൺസിൽ ഹാളിലെത്തി. യുഡിഎഫ് കൗൺസിലർമാർ വീൽചെയർ ചുമന്നാണ് അദ്ദേഹത്തെ ഒന്നാം നിലയിലുള്ള കൗൺസിൽ ഹാളിലെത്തിച്ചത്.

 എൽഡിഎഫ് കൗൺസിലർ പി.എസ്. വിജുവിന്റെ പ്രസംഗത്തിനിടെ പത്മദാസ് പൊലീസ് അതിക്രമത്തിനെതിരെ രോഷത്തോടെ പൊട്ടിത്തെറിച്ചു. ജനവിധിയിലൂടെ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട തന്നെ കൗൺസിലിൽ പ്രവേശിപ്പിക്കാതെ പൊലീസിനെ ഉപയോഗിച്ചു തല്ലിച്ചതയ്ക്കുകയാണു മേയർ ചെയ്തതെന്നും ജീവിതകാലം മുഴുവൻ കാലിൽ സ്റ്റീൽ കമ്പി ഇടേണ്ട അവസ്ഥയാണെന്നും പത്മദാസ് പറഞ്ഞു.പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയുടെ നേതൃത്വത്തിൽ യു‍ഡിഎഫ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.  പൊലീസ് അതിക്രമത്തിൽ പരുക്കേറ്റ പത്മദാസിനെ ബജറ്റ് ചർച്ചയിൽ സംസാരിക്കാൻ മേയർ അനുവദിച്ചില്ലെന്നു കെപിസിസി ജനറൽ സെക്രട്ടറിയും കൗൺസിലറുമായ ദീപ്തി മേരി വർഗീസ് ആരോപിച്ചു. എന്നാൽ ബജറ്റ് ചർച്ചയിൽ പ്രസംഗിക്കാൻ യുഡിഎഫ് അംഗങ്ങൾ പേരു നൽകിയിരുന്നില്ലെന്ന് എൽഡിഎഫ് പറയുന്നു.

പ്രഹസന ബജറ്റെന്ന് ബിജെപി

നികുതിയുടെ പേരിൽ നഗരവാസികളെ പിഴിയാനുള്ള ശ്രമമാണു ബജറ്റെന്നു ബിജെപി കൗൺസിലർമാർ പറഞ്ഞു. ബ്രഹ്മപുരം വിഷയത്തിൽ സമര രംഗത്തുള്ള പ്രതിപക്ഷവുമായി ഒരു ചർച്ച പോലും നടത്താതെ അവതരിപ്പിച്ച പ്രഹസന ബജറ്റാണിത്. വരവും ചെലവും തമ്മിൽ ഏറെ അന്തരമുള്ളതിനാൽ മിച്ച ബജറ്റെന്ന അവകാശവാദം പോലും പൊള്ളയാണ്. ബജറ്റ് ചർച്ചയില്ലാതെ അംഗീകരിച്ചു കിട്ടാനുള്ള ശ്രമങ്ങളാണ് എൽഡിഎഫ് നടത്തുന്നതെന്നു ബിജെപി പാർലമെന്ററി പാർട്ടി നേതാവ് സുധ ദിലീപ്കുമാർ പറഞ്ഞു.

സംഘർഷമുണ്ടാക്കിയത് യുഡിഎഫ്: മേയർ

ബ്രഹ്മപുരം തീപിടിത്തത്തിനു ശേഷം നടന്ന ആദ്യ കൗൺസിലിൽ യുഡിഎഫ് ബോധപൂർവം സംഘർഷമുണ്ടാക്കുകയായിരുന്നുവെന്നു മേയർ എം. അനിൽകുമാർ പറഞ്ഞു. താൻ വരുമ്പോൾ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പുറത്തു നിന്നുള്ള ആളുകളെയും കൂട്ടി കോർപറേഷൻ വളപ്പിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നുണ്ടായിരുന്നു.കമാൻഡോകളുടെ സംരക്ഷണത്തിലാണു കാറിൽ നിന്നു പുറത്തിറങ്ങാൻ കഴിഞ്ഞത്. കോർപറേഷന്റെ ചരിത്രത്തിൽ മുൻപ് ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. മേയറുടെ സംരക്ഷണത്തിനായി പുറത്തു കാത്തു നിന്നിരുന്ന എൽഡിഎഫ് പ്രവർത്തകർ സംയമനം പാലിച്ചതു കൊണ്ടാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായതെന്നും മേയർ പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com