കൊച്ചി∙ ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നു കോർപറേഷൻ വീടുകളിൽ നിന്നു പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതു പുനഃരാരംഭിച്ചിട്ടില്ലെങ്കിലും നഗരത്തിൽ പലയിടങ്ങളിലും പ്ലാസ്റ്റിക് കുന്നു കൂടുന്നു. ഭക്ഷണ മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും ഇടകലർത്തി തള്ളുന്നതു മൂലം ഇതിന്റെ സംസ്കരണം വലിയ ബുദ്ധിമുട്ടായി മാറുകയാണ്. ക്ലീൻ കേരള കമ്പനി വഴിയാണു നിലവിൽ കോർപറേഷൻ പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നത്. പ്രതിദിനം 10–20 ടൺ പ്ലാസ്റ്റിക് മാലിന്യം മാത്രമാണു നിലവിൽ ക്ലീൻ കേരള കമ്പനി കൊണ്ടു പോകുന്നത്. അജൈവ മാലിന്യത്തിനൊപ്പം ഭക്ഷണ മാലിന്യവും ഇടകലർന്നു വരുന്നതു മൂലം ക്ലീൻ കേരള കമ്പനിക്കു വലിയ പ്രതിസന്ധിയാണുള്ളത്. അജൈവ മാലിന്യ സംസ്കരണത്തിനായി ചില സ്വകാര്യ കമ്പനികളുമായും കോർപറേഷൻ ചർച്ച നടത്തുന്നുണ്ട്.
ക്ലീൻ കേരള കമ്പനി ശേഖരിക്കുന്ന അജൈവ മാലിന്യം ഗോഡൗണിൽ എത്തിച്ചു തരംതിരിച്ചാണു റീസൈക്ലിങ്ങിനായി വിവിധ കമ്പനികളിലേക്ക് അയയ്ക്കുന്നത്. ഭക്ഷണമാലിന്യം അജൈവ മാലിന്യവുമായി ഇടകലരുന്നതു മൂലം ദുർഗന്ധമുണ്ടാകുകയും ഇതു ഗോഡൗണിൽ കൊണ്ടു പോയി തരംതിരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകുകയും ചെയ്യുന്നു. ഇതു മൂലം ഭക്ഷണമാലിന്യമടങ്ങിയ പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനി ശേഖരിക്കുന്നില്ല. അടുക്കള മാലിന്യവുമായി കൂട്ടിക്കലർത്തി പ്ലാസ്റ്റിക് മാലിന്യം റോഡരികിൽ തള്ളരുതെന്നു കോർപറേഷൻ പലതവണ ആവശ്യപ്പെട്ടിരുന്നു. എങ്കിലും പല സ്ഥലങ്ങളിലും ആളുകൾ ഇത്തരം മാലിന്യം തള്ളുന്നു. ബ്രഹ്മപുരത്തേക്കു പ്ലാസ്റ്റിക് കൊണ്ടു പോകാൻ കഴിയാത്തതിനാൽ ഇതു നീക്കുകയെന്നതു കോർപറേഷനു വലിയ വെല്ലുവിളിയാണ്.
വീടുകളിൽ നിന്നു തരംതിരിച്ച മാലിന്യത്തിന്റെ ശേഖരണം തുടങ്ങുമ്പോൾ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണു പ്രതീക്ഷ. ഏപ്രിൽ ഒന്നു മുതൽ നഗരത്തിൽ ഹരിത കർമസേനയുടെ പ്രവർത്തനം ആരംഭിക്കാനാണു കോർപറേഷൻ ലക്ഷ്യമിടുന്നത്. ഏപ്രിൽ 15നകം 25 മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എംആർഎഫ്) സൗകര്യങ്ങൾ തുറക്കാനും സർക്കാർ കോർപറേഷനോടു നിർദേശിച്ചിട്ടുണ്ട്.ഈ കേന്ദ്രങ്ങൾ ആരംഭിച്ചാൽ അജൈവ മാലിന്യം തരംതിരിക്കുന്നത് ഇവിടേക്കു മാറ്റും. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വീടുകളിൽ മാലിന്യം തരംതിരിക്കുന്ന രീതി പ്രായോഗികമായി നടപ്പാകാൻ ഇനിയും സമയമെടുത്തേക്കും. തരംതിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ബോധവൽക്കരിക്കാൻ ജനപ്രതിനിധികളും എൻഎസ്എസ് വൊളന്റിയർമാരും ഉൾപ്പെടെയുള്ള സംഘം വീടുകളിൽ പ്രചാരണം നടത്തുന്നുണ്ട്.