കൊച്ചി ∙ അടുക്കളയിലേക്കിതാ ഒരു ‘ടെൻ ഇൻ വൺ’– തേങ്ങ പൊതിക്കാനും ചിരകാനും പിഴിയാനും പരക്കം പായേണ്ട. അടുക്കളയിൽ അത്യാവശ്യമായ 10 ഉപകരണങ്ങൾ ഒറ്റ യൂണിറ്റിൽ ചേർത്ത ‘ദശാവതാരം’ ദേശീയ ഇന്നവേഷൻ അവാർഡ് ജേതാവ് കോതമംഗലം സ്വദേശി ജോസഫ് പീച്ചനാട്ടിന്റേതാണ്.
എംജി സർവകലാശാല ജനുവരിയിൽ കേരളത്തിലെ മികച്ച 5 ഗവേഷകരെ കണ്ടെത്തി ആദരിച്ചവരിൽ ഒരാളാണു ജോസഫ്. അടുക്കളയിൽ കഷ്ടപ്പെടുന്ന വീട്ടമ്മമാരെ സഹായിക്കാൻ എന്തെങ്കിലും കണ്ടെത്താമോ എന്നു സ്റ്റാർട്ട് അപ് സിഇഒ അനൂപ് അംബിക ചടങ്ങിൽ ജോസഫിനോടു ചോദിച്ചു. അന്നു മുതലുള്ള പരിശ്രമം ദശാവതാരമായി. ഉപയോഗത്തിൽ ഇത് ‘സ്വിസ് നൈഫി’ന്റെ അടുത്തുനിൽക്കും.
വലതുകൈ കൊണ്ടു ലിവർ വലിച്ചുപൊക്കുന്നതാണു സാധാരണ തേങ്ങ പൊതിക്കൽ യന്ത്രം. അതേ ടെക്നോളജി ഇരു കൈയും ഉപയോഗിക്കുന്ന രീതിയിലാക്കിയിരിക്കുന്നു ഇൗ യന്ത്രത്തിൽ.
ലോകത്തുള്ള എന്തിനും ഉപയോഗിക്കാവുന്ന യന്ത്രം ചൈനാക്കാർ നിർമിച്ചിട്ടുണ്ടെങ്കിലും തേങ്ങ ഉടയ്ക്കാൻ യന്ത്രമില്ല. ദശാവതാരത്തിലെ ഒരു ഉപകരണം അതിനാണ്. ഇതിലിരുന്നു തേങ്ങ ചിരകാം. ചിരകിയ തേങ്ങ പിഴിഞ്ഞു പാലെടുക്കാം. ഇടിയപ്പം മാവ് നിറച്ചു പാത്രത്തിലേക്കു നൂലുനൂലായി ചുറ്റിച്ച് ഇടാം. പച്ചക്കറി അരിഞ്ഞെടുക്കാം, ഉപ്പേരി വറുക്കാൻ പാകത്തിനു കായ് അരിയാം. ചപ്പാത്തി പരത്താം. കത്തിയുടെ മൂർച്ച പോയാൽ രാകിയെടുക്കാം. ചെറിയ ടൂൾസ് സൂക്ഷിക്കാൻ ടൂൾ ബോക്സുമുണ്ട്.
ദശാവതാരം ഇതിനകം പല അടുക്കളകളിലേക്കും നിർമിച്ചു നൽകിയിട്ടുണ്ട്. തേങ്ങ പൊതിക്കൽ, ഉടയ്ക്കൽ ചിരകൽ, പാൽ പിഴിയൽ, ഇടിയപ്പം ഉണ്ടാക്കൽ എന്നീ 5 ഉപയോഗങ്ങൾ ചേർത്ത് ഉപകരണം വൈകാതെ മാർക്കറ്റിലിറങ്ങും. യന്ത്രത്തിന്റെ പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട് ജോസഫ്.
വിവിധ ആവശ്യങ്ങൾക്കുള്ള 61 ഉപകരണങ്ങൾ ഇതിനകം ജോസഫ് നിർമിച്ചിട്ടുണ്ട്. രോഗികളെ ഉയര വ്യത്യാസമുള്ള കാറിൽ നിന്നോ കട്ടിലിൽ നിന്നോ അനായാസം ഇറക്കാനും കയറ്റാനുമുള്ള ഓട്ടമാറ്റിക് വീൽ ചെയറിന് ഏറെ പ്രശംസ ലഭിച്ചിരുന്നു.