പിറവം∙ അപകടത്തിൽ പരുക്കേറ്റു ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്നയാൾക്കു കെഎസ്ആർടിസി ബസ് ജീവനക്കാരും യാത്രക്കാരും രക്ഷകരായി. പാമ്പാക്കുട സ്വദേശി ബാബുവാണു ഇന്നലെ പുലർച്ചെ അഞ്ചൽപ്പെട്ടിക്കു സമീപം അപകടത്തിൽ പെട്ടത്.പാൽ ഉൽപന്നങ്ങളുടെ വിതരണക്കാരനായ ബാബു ഗുഡ്സ് ഓട്ടോറിക്ഷയിൽ പോകുന്നതിനിടയിൽ വാഹനം റോഡരികിലെ മതിലിൽ ഇടിച്ചു മറിഞ്ഞു. 5.30നു കൂത്താട്ടുകുളത്തു നിന്നു കൊച്ചിയിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ ബിനു ജോണിന്റെ ശ്രദ്ധയിൽ മറിഞ്ഞു കിടക്കുന്ന വാഹനം പെട്ടു.
ബസ് നിർത്തി കണ്ടക്ടർ പി.ബി. പ്രേംലാലുമൊത്തു നടത്തിയ പരിശോധനയിൽ വാഹനത്തിനും മതിലിനുമിടയിൽ കുരുങ്ങി അബോധാവസ്ഥയിലായ ബാബുവിയെ കണ്ടെത്തി. ബസ് യാത്രക്കാരുടെ സഹായത്തോടെ ബസിൽ കയറ്റി പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷ ഉറപ്പാക്കിയാണു ബസ് പുറപ്പെട്ടത്. ബാബുവിനെ പിന്നീടു കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.