കൊച്ചി∙ കോവിഡ്കാല മാന്ദ്യം കഴിഞ്ഞ് ടൂറിസം രംഗം ഉണർവിലേക്കു വരുമ്പോൾ പുതിയ പ്രശ്നം. ഉല്ലാസക്കപ്പലുകളിൽ മട്ടാഞ്ചേരി ക്രൂസ് ടെർമിനലിലെത്തുന്ന സഞ്ചാരികൾ ടാക്സി യൂണിയൻകാരുടെ വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും ടൂർ ഓപ്പറേറ്റർമാരുടെ ബസുകളിൽ ഉല്ലാസയാത്രകൾക്കു കൊണ്ടുപോകാൻ പാടില്ലെന്നും ആവശ്യം. ഏതു വാഹനത്തിൽ പോകണമെന്ന് തങ്ങൾക്കു തീരുമാനിക്കാൻ കഴിയില്ലെങ്കിൽ കൊച്ചിയെ ഒഴിവാക്കി മറ്റു തുറമുഖ നഗരങ്ങളിലേക്കു പോകുമെന്ന് ക്രൂസ് ലൈനറുകൾ അറിയിച്ചു.
സീസണിൽ 52 ക്രൂസ് ലൈനറുകളാണ് (ഉല്ലാസ കപ്പൽ) കൊച്ചിയിലെത്തുന്നത്. അതിഥികൾ ഒരു ദിവസം കൊച്ചിയിൽ ചെലവഴിക്കുന്നു. കപ്പലിൽ നിന്നു പുറത്തു വരുന്ന അതിഥികളെ ചെറിയ ഉല്ലാസ യാത്രകൾക്കായി ടൂർ ഓപ്പറേറ്റർമാർ എസി കോച്ചുകളിൽ കൊണ്ടു പോകും. കപ്പലുകളാണ് ടൂർ ഓപ്പറേറ്റർമാരെ നിശ്ചയിക്കുന്നത്. കൊച്ചി–ആലപ്പുഴ, കൊച്ചി–കുമരകം, സിറ്റി ടൂർ എന്നിങ്ങനെ ഒട്ടേറെ ഉല്ലാസ യാത്രകളുണ്ട്. സിറ്റി ടൂറിന്റെ ഭാഗമായാണ് ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും കുമ്പളങ്ങിയുമെല്ലാം സന്ദർശിക്കുന്നത്.
ചെറിയ ഉല്ലാസക്കപ്പലിൽ നിന്ന് 200 മുതൽ 800 പേർ വരെ കേരളം കാണാനിറങ്ങും. വലിയ കപ്പലെങ്കിൽ രണ്ടായിരത്തിലേറെ പേർ ഇറങ്ങും. ഇവരെ കൊണ്ടുപോകുമ്പോൾ പണം കേരളത്തിലാണു ചെലവഴിക്കപ്പെടുന്നത്. ഓരോ ബസിലും കാഴ്ചകൾ വിശദീകരിക്കാൻ ഗൈഡ് വേണം. ബസ് ഡ്രൈവർമാർ, റസ്റ്ററന്റുകൾ, ഗൈഡുകൾ, ഷോപ്പിങ്ങിനു പോകുന്ന കടകൾ, ക്ലീനർമാർ, വിനോദ പരിപാടികൾ അവതരിപ്പിക്കുന്ന കലാകാരൻമാർ തുടങ്ങി നൂറുകണക്കിനാളുകൾക്കു പ്രയോജനമാണ്.
ഇതേക്കുറിച്ച് ആലോചിക്കാൻ കലക്ടർ വിളിച്ച യോഗത്തിലെ ശുപാർശ ഇങ്ങനെയാണ്: കപ്പലിൽ നിന്ന് പുറത്തുവരുന്ന സഞ്ചാരികളിൽ 50% പേരെ ടൂർ ഓപ്പറേറ്റർമാർക്ക് കൊണ്ടുപോകാം, ബാക്കി 50% പേരെ ടാക്സിക്കാർക്കും. ഇതു സഞ്ചാരികൾക്കു വേണ്ടി പിടിവലിയും സംഘർഷവുമായി മാറുമോയെന്ന് ഇൗ രംഗത്തുള്ളവർ ആശങ്കപ്പെടുന്നു. അടുത്ത കപ്പൽ ഏപ്രിൽ 29നാണെത്തുന്നത്. ക്രൂസ് ലൈനറുകൾ വന്നാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് (എസ്ഒപി) വിരുദ്ധമാണ് സഞ്ചാരികളുടെ യാത്രാ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതെന്ന് ആക്ഷേപമുണ്ട്.