വൈപ്പിൻ∙ എടിഎം കാർഡ് നഷ്ടപ്പെട്ടതിനെ തുടർന്ന് വിദേശ വിനോദ സഞ്ചാരി ഭക്ഷണത്തിനും താമസത്തിനും പണമില്ലാതെ ബുദ്ധിമുട്ടിൽ. സ്വിറ്റ്‌സർലൻഡ് സ്വദേശിയായ ഹൻസ് റൊഡോൾഫിന്റെ (75) എടിഎം കാർഡാണ് ചെറായിയിൽ നിന്നു കൊച്ചിയിലേക്കുള്ള യാത്രാ മധ്യേ നഷ്ടമായത്.പണമിടപാടിനു മറ്റ് മാർഗങ്ങളൊന്നും ഉപയോഗിക്കുന്ന ശീലമോ സംവിധാനങ്ങളോ ഇല്ലാത്ത ഇദ്ദേഹത്തിന് അത്തരം എല്ലാ കാര്യങ്ങൾക്കും എടിഎം കാർഡ് ആയിരുന്നു ആശ്രയം.
ചെറായി ബീച്ചിൽ ഹോം സ്റ്റേയിലാണ് താമസം. 2 മാസം കൂടി ഇവിടെ തങ്ങേണ്ടതുണ്ട്. ഭക്ഷണത്തിനും താമസത്തിനും പുറമേ മരുന്നുകൾ വാങ്ങാനും പണം ആവശ്യമുണ്ടെന്ന് ദീർഘകാലം സ്റ്റേജ് പരിപാടികളിലും മറ്റും ഹാസ്യതാരമായി ജോലി ചെയ്തിരുന്ന ഹൻസ് പറയുന്നു. കാർഡിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന അപേക്ഷയുമായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇദ്ദേഹം. 96052 62499.