ADVERTISEMENT

ഞെട്ടരുത്; ഇടതു സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞയാഴ്ച കൊച്ചിയിലെത്തിയ മുഖ്യമന്ത്രിക്കു സുരക്ഷയൊരുക്കാൻ മറൈൻ ഡ്രൈവിൽ പൊലീസ് സംഘത്തെ എത്തിച്ചത് ആർസി റദ്ദാക്കപ്പെട്ട പൊലീസ് വാഹനത്തിൽ. വാഹന നമ്പർ: കെഎൽ 01 എഎഫ് 3129. ഏറെ പഴക്കം ചെന്ന ഈ ബസ് ജില്ലയിൽ പൊലീസിന്റെ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതു തുടരുകയാണ്. കൊച്ചി നഗരത്തിൽ പലയിടത്തേക്കും പൊലീസുകാരെ എത്തിക്കാൻ ഉപയോഗിക്കുന്ന കെഎൽ‌ 01 എവൈ 2309 ബസിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല. ‘ ഫിറ്റ്നസ് എക്സ്പയേഡ്’ എന്നു വാഹൻ പോർട്ടലിൽ രേഖപ്പെടുത്തിയ ബസിലാണു രാത്രികാലങ്ങളിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തും മറ്റും പൊലീസിനെ പട്രോളിങ്ങിനായി എത്തിക്കുന്നത്.

മറൈൻഡ്രൈവിൽ നടന്ന ‘ എന്റെ കേരളം മേള’യിൽ ആരോഗ്യവകുപ്പിന്റേതായി രണ്ട് ആംബുലൻസ് ഉണ്ടായിരുന്നു. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയുടെ കീഴിലുള്ള രണ്ട് ആംബുലൻസും നിയമപ്രകാരം കാലപ്പഴക്കം സംഭവിച്ചതാണ്. ഇതിൽ കെഎൽ 01 എൽ 2659 നമ്പർ വാഹനത്തിന് 25 വർഷവും 7 മാസവുമാണു പഴക്കം.എറണാകുളം ജെട്ടി ബസ് സ്റ്റാൻഡിൽ നിന്ന് ഓട്ടം പോകുന്ന കെഎൽ 15 – 8347 കെഎസ്ആർടിസി ബസ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതാണ് ( ഫിറ്റ്നസ് എക്സ്പയേഡ്).

കാലാവധി കഴിഞ്ഞ, നിരത്തിലിറക്കാൻ നിയമപ്രകാരം നിയന്ത്രണമുള്ള സർക്കാർ വാഹനങ്ങൾ ജില്ലയിൽ നിർബാധം ചീറിപ്പായുകയാണ്. ഇത്തരം വാഹനം അപകടത്തിൽപെട്ടാൽ ആരാകും ഉത്തരവാദി?ഇൻഷുറൻസ് തുകയ്ക്കു പോലും നിർവാഹമില്ലാത്ത സാഹചര്യത്തിലേക്കുള്ള പച്ചയായ നിയമലംഘനമാണിത്.

‘ പേര് വെളിപ്പെടുത്താത്ത സർക്കാർ ഡ്രൈവർ പറഞ്ഞത്’

‘ 2023 മാർച്ച് ഒന്നു മുതൽ കേന്ദ്ര സ്ക്രാപ്പേജ് നിയമ പ്രകാരം 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ ഓടിക്കാൻ ഞങ്ങൾ തയാറായിട്ടില്ല. എന്നാൽ ദിവസക്കൂലിക്ക് ആളെയെടുത്ത് ഇത്തരം വാഹനങ്ങൾ ജില്ലയിൽ പലയിടത്തും ഓടിക്കുന്നുണ്ട്. ഉത്തരവ് ലഭിച്ചില്ല എന്ന മട്ടിലാണു ചില വകുപ്പ് മേധാവികൾ ഇത്തരം വാഹനങ്ങൾ ഓടിക്കാൻ നിർബന്ധിക്കുന്നത്’.

15 വർഷം കഴി‍ഞ്ഞിട്ടും ഓട്ടം

കെഎൽ01 എഡി 3101 ആംബുലൻസ് എറണാകുളം ജനറൽ ആശുപത്രിയിലേതാണ്. 19 വർഷം പഴക്കമുള്ള ഈ വാഹനത്തിന്റെ ടാക്സ് 2019ൽ തീർന്നതായാണു രേഖ. 18, 19 വർഷമായ മറ്റു രണ്ട് ആംബുലൻസ് കൂടി ജനറൽ ആശുപത്രിയിൽ ഇപ്പോഴും സജ്ജമാക്കി നിർത്തിയിട്ടുണ്ട്. കലക്ടറേറ്റിലെ ഡവലപ്മെന്റ് കമ്മിഷണർ ഓഫിസിലെ ഔദ്യോഗിക വാഹനത്തിനു 17 വർഷമാണു പഴക്കം. ചില സർക്കാർ വകുപ്പുകൾ 15 വർഷം കഴിഞ്ഞ വാഹനങ്ങൾ കേന്ദ്ര നിയമപ്രകാരം ഓടിക്കാതെ നിർത്തിയിട്ടുണ്ടെങ്കിലും പലയിടത്തും ഇതു പാലിക്കപ്പെടുന്നില്ല.

പൊളിക്കൽ കേന്ദ്രങ്ങളായില്ല

കേന്ദ്ര നിർദേശ പ്രകാരം വാഹനം പൊളിക്കേണ്ടതു റജിസ്ട്രേഡ് വെഹിക്കിൾ‌ സ്ക്രാപ്പിങ് ഫെസിലിറ്റി ( ആർവിഎസ്എഫ്– സ്ക്രാപിങ് സെന്ററുകൾ) മുഖേനയാണ്. ഇതിനു കേന്ദ്രം 150 കോടി രൂപയാണു സംസ്ഥാനത്തിനു നൽകിയത്. ആർവിഎസ്എഫുകൾ തുടങ്ങാനുള്ള ചുമതല കെഎസ്ആർടിസിക്കാണ്.   കെഎസ്ആർടിസി സംസ്ഥാനത്തു 4 കേന്ദ്രങ്ങളിൽ ഇതിനു സ്ഥലം കണ്ടെത്തി, താൽപര്യപത്രം ക്ഷണിച്ചു. പ്രീ ബിഡ് യോഗം ചേർന്നു. ഇതിനപ്പുറം കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. മാത്രമല്ല, സർക്കാർ വാഹനങ്ങൾ സ്ക്രാപ്പേജ് നയം അനുസരിച്ചു എങ്ങനെ പൊളിക്കണം എന്ന കാര്യത്തിൽ നയ രൂപരേഖ പോലും തയാറായിട്ടില്ല.

കേന്ദ്ര സ്ക്രാപ്പേജ് പോളിസി ( പൊളിക്കൽ നയം)

സ്ക്രാപ്പേജ് പോളിസിയുടെ ( പൊളിക്കൽ നയം) ഭാഗമായി 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ 2023 ഫെബ്രുവരി 28നു മുൻപു പൊളിക്കണമെന്നായിരുന്നു നിർദേശം. പൊളിക്കൽ നയം നടപ്പാക്കുന്നതിനു കാലതാമസം തേടി സംസ്ഥാനം കേന്ദ്രത്തിനു കത്തു നൽകിയിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല. പൊളിക്കൽ നയമനുസരിച്ച് 6153 സർക്കാർ വാഹനങ്ങളാണു സംസ്ഥാനത്തു പൊളിക്കേണ്ടി വരിക. ഇതിൽ ഫെബ്രുവരിയിൽ തന്നെ പൊളിക്കാനുള്ള 2506 വാഹനങ്ങളുടെ കണക്കെടുപ്പും നടന്നു. 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതു മോട്ടർ വാഹന വകുപ്പ് നിർത്തി.

ഇതറിയാതെ വൻതുക മുടക്കി വാഹനം പുതുക്കിപ്പണിതു ഫിറ്റ്നസിനായി മോട്ടർ വാഹന വകുപ്പിനെ സമീപിക്കുന്ന സംഭവവും ഏറെയാണ്. ജില്ലയിൽ ആരോഗ്യവകുപ്പിന്റേതായി 12 ആംബുലൻസ് ഉൾപ്പെടെ 45 വാഹനം പൊളിക്കാൻ ഓട്ടം നിർത്തേണ്ടതാണ്. എന്നാൽ ഇതു ലംഘിച്ച് ആംബുലൻസ് പോലും പലയിടത്തും ഓടുന്നുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com