ADVERTISEMENT

കാക്കനാട്∙ വൻ അഗ്നിബാധയുണ്ടായ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നു കണ്ടെടുത്ത പെട്രോൾ അടങ്ങിയ കുപ്പിയെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം. മാലിന്യം കുന്നുകൂടി കിടക്കുന്ന സെക്ടർ 7ൽ നിന്നാണ് രണ്ടാഴ്ച മുൻപ് പൊലീസിന് പെട്രോൾ കുപ്പി ലഭിച്ചത്.  ചെറിയ അളവിൽ മാത്രമേ പെട്രോളുണ്ടായിരുന്നുള്ളു. ഒരു ലീറ്ററിന്റെ പ്ലാസ്റ്റിക് കുപ്പി ഇൻഫോപാർക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

സെക്ടർ ഏഴിലും അടുത്ത സെക്ടറുകളിലും അഗ്നിബാധ സമയത്തു ജോലി ചെയ്തിരുന്നവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. തീപിടിത്തം അട്ടിമറിയാകാനുള്ള സാധ്യതയ്ക്കു തെളിവില്ലെങ്കിലും പെട്രോൾ നിറച്ച കുപ്പിയുടെ സാന്നിധ്യം പൊലീസിനെ കുഴക്കുന്നുണ്ട്.  അഗ്നിബാധയ്ക്കു ശേഷം മറ്റെന്തെങ്കിലും ആവശ്യത്തിന് പെട്രോൾ കൊണ്ടുവന്നതാകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല.

പെട്രോൾ വാങ്ങിയ ശേഷം ആരെങ്കിലും ഉപേക്ഷിച്ച കുപ്പി മാലിന്യത്തിനൊപ്പം പ്ലാന്റിലെത്തിയതാകാൻ ഇടയുണ്ടെന്നും പൊലീസ് പറയുന്നു. ഇതിനിടെ ബ്രഹ്മപുരം പ്ലാന്റിൽ നിയോഗിച്ചിരുന്ന അഗ്നിരക്ഷാ സേന യൂണിറ്റുകളെ പിൻവലിച്ചു. മഴ പെയ്തതും പ്രദേശം ചതുപ്പിനു സമാനമായതും മുൻനിർത്തി തീപിടിത്ത സാധ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അഗ്നിരക്ഷാ സേനയെ പിൻവലിച്ചത്.  തൃക്കാക്കര അഗ്നിരക്ഷാ യൂണിറ്റിന്റെ നേതൃത്വത്തിൽ നിത്യേന പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്. അഗ്നിരക്ഷാ സേനയുടെ സിവിൽ ഡിഫൻസ് വൊളന്റിയർമാർ പ്ലാന്റിൽ സേവനം തുടരും.  ഇവരെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് നിയോഗിച്ചിരിക്കുന്നത്. വാച്ച് ടവറും വയർലെസ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com