ADVERTISEMENT

കൊച്ചി∙ ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും ഒരു മലയാളി നഴ്സിനെ കണ്ടുമുട്ടാം എന്ന അവസ്ഥയാണ്. വിവിധ രാജ്യങ്ങളിലേക്കു ചേക്കേറുന്ന മലയാളി നഴ്സുമാരുടെ എണ്ണത്തിൽ അത്രമേൽ വർധനയാണ് അടുത്തകാലത്ത് ഉണ്ടായിട്ടുള്ളത്.  കേരളത്തിൽ നിന്ന് ഓരോ വർഷവും പഠിച്ചിറങ്ങുന്ന പതിനയ്യായിരത്തോളം നഴ്സുമാരിൽ പകുതി പേരും നാടുവിടുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 2030ൽ ലോകത്താകെ ആവശ്യമായി വരുന്നത് ഏകദേശം 90 ലക്ഷം നഴ്സുമാരെയാണ്.

കേരളത്തിൽ നഴ്സുമാർ ഇന്നു കൂടുതലായും ലക്ഷ്യമിടുന്നത് യുകെ, കാനഡ, ഓസ്ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങൾ. മികച്ച ശമ്പള പാക്കേജ്, കുട്ടികളുടെ വിദ്യാഭ്യാസം, ജീവിത നിലവാരം, ചെയ്യുന്ന ജോലിക്കു ലഭിക്കുന്ന അംഗീകാരം തുടങ്ങിയവയാണ് പ്രധാന ആകർഷണം. നഴ്സിങ് മിഡ്‌വൈഫറി കൗൺസിൽ ഡേറ്റ പ്രകാരം 2021–22 വർഷത്തിൽ യുകെയിൽ നഴ്സിങ് ജോലിക്ക് യോഗ്യരായ ഇന്ത്യൻ നഴ്സുമാരുടെ എണ്ണം 37,815 ആണ്. മുൻ വർഷം 28,192, നാലുവർഷം മുൻപ് 17,730 എന്നിങ്ങനെയാണ് കണക്കുകൾ.

യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നഴ്സുമാരും ഹെൽത്ത് കെയർ പ്രഫഷനലുമായി 6.40 ലക്ഷം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. രണ്ടു വർഷത്തിനകം 50,000 നഴ്സുമാർക്ക് ജോലി നൽകുമെന്നാണ് യുകെ അറിയിച്ചിട്ടുള്ളത്. സർക്കാർ കണക്കുകൾ പ്രകാരം 2020 ൽ കേരളത്തിൽ നിന്നു ഗൾഫ് രാജ്യങ്ങളിലേക്ക് ജോലികിട്ടി പോയത് 7,143 നഴ്സുമാരാണ്. 2021ൽ ഇത് 9,098 ആയി ഉയർന്നു. നോർക്ക വഴി കേരളത്തിൽ നിന്ന് യുകെയിലേക്കും ജർമനിയിലേക്കും ഈ വർഷം പോകാനൊരുങ്ങുന്നത് അഞ്ഞൂറിലധികം നഴ്സുമാരാണ്.

ബിഎസ്‌സി നഴ്സിങ് പഠിച്ച ആളുകളെ നാട്ടിൽ കിട്ടാനില്ലെന്നു ആശുപത്രികൾ  പറയുന്നു. ശമ്പളം കൂട്ടി മികച്ച നഴ്സുമാരെ നിലനിർത്താനുള്ള ശ്രമങ്ങൾ പല  ആശുപത്രികളും തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള വേതനം, സ്ഥാനക്കയറ്റം, ക്ഷേമപദ്ധതികൾ, ചെയ്യേണ്ട ജോലികൾക്കുള്ള കൃത്യമായ മാർഗനിർദേശം എന്നിവ ഉറപ്പ് വരുത്തി നഴ്സുമാരെ നാട്ടിൽ പിടിച്ചു നിർത്തേണ്ട സാഹചര്യമാണുള്ളതെന്നു നഴ്സുമാരുടെ സംഘടനകളും അഭിപ്രായപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com