ADVERTISEMENT

പലരും കരുതും പോലെ ഒട്ടേറെ തോക്കുകളും നിറയെ വെടിയുണ്ടകളും ഉള്ള ആുധപ്പുരയല്ല പൊലീസ് സ്റ്റേഷൻ. ഉള്ള തോക്കുകൾ തോന്നിയപോലെ ഉപയോഗിക്കാനുമാവില്ല. ഓരോ പ്രദേശത്തെയും ക്രിമിനൽ സാഹചര്യം, ചരിത്രം, കലാപ സാധ്യതകൾ എന്നിവ കണക്കിലെടുത്താണ് പൊലീസ് സ്റ്റേഷനിലെ ആയുധങ്ങളുടെ എണ്ണവും സ്വഭാവവും നിശ്ചയിക്കുന്നത്. പൊലീസിനു മുൻപിൽയുവ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരന്വേഷണം... 

കൊച്ചി∙ ‘‘പൊലീസിനു തോക്കു കൊടുത്തിരിക്കുന്നത് എന്തിനാണ്? വെടിവയ്ക്കാനല്ലേ...?’’ കഴിഞ്ഞ ദിവസങ്ങളിൽ പലരും ചോദിച്ച ചോദ്യമാണിത്. എന്നാൽ എന്താണു സത്യാവസ്ഥ? കൊട്ടാരക്കര ട്രാജഡിക്കു ശേഷം കേരള പൊലീസിന്റെ സമൂഹമാധ്യമക്കൂട്ടായ്മയിൽ ഒരു പൊലീസ് ഓഫിസർ എഴുതിയ കുറിപ്പുണ്ട്: ‘‘ കൊല്ലപ്പെട്ടതു ഡോക്ടറാണ്, കൊന്നത് അധ്യാപകനും. ആരുടെയോ ആക്രമണത്തിൽ പരുക്കേറ്റു ജീവൻ രക്ഷിക്കണമെന്നു പൊലീസിന്റെ എമർജൻസി നമ്പറായ 112 ൽ വിളിച്ചു സഹായം അഭ്യർഥിച്ചയാളാണ് ഈ അധ്യാപകൻ. ഇയാളുടെ ബന്ധുക്കളെയും കൂട്ടി വൈദ്യസഹായം നൽകാൻ പോയതാണു പൊലീസ്.

പരാതിക്കാരൻ ആക്രമണകാരിയായി ഡോക്ടറെ കുത്തി. പൊലീസിനെയും കുത്തി. ഡോക്ടർ മരിച്ചു. പ്രതിഷേധം അലയടിച്ചു. കോടതി പോലും ചോദിക്കുന്നു– വെടിവയ്ക്കരുതോ...?’’ ഇത്രയും കുറിച്ച ശേഷം ആ പൊലീസ് ഉദ്യോഗസ്ഥൻ ഒരു ചോദ്യം കൂടി ചോദിക്കുന്നുണ്ട്. ‘‘ഇതിലും ഗുരുതരമായ സാഹചര്യത്തി‍ൽ ഒന്നിൽ കൂടുതൽ പേരുടെ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ വെടിയുതിർക്കേണ്ടിവന്ന എത്ര പൊലീസ് ഉദ്യോഗസ്ഥരെ നിയമം സംരക്ഷിച്ചിട്ടുണ്ട്?’’

കൺമുൻപിൽ ഒരാളെ കൊല്ലുമ്പോൾ അക്രമിയെ വെടിവച്ചാൽ മേലധികാരിയും കോടതിയും തന്നെ സംരക്ഷിക്കുമോയെന്നാണ് അതു നോക്കിനിൽക്കുന്ന യൂണിഫോമിട്ട ഒരു പൊലീസുകാരൻ ആദ്യം ചിന്തിക്കുന്നതെങ്കിൽ ഒന്നു മനസ്സിലാക്കണം, നമ്മുടെ പൊലീസിനു കാര്യമായെന്തോ സംഭവിച്ചിട്ടുണ്ട്. വെടിവച്ചിടേണ്ടവനെ വെടിവയ്ക്കണം. സർവീസിൽനിന്നു വിരമിച്ചതു കൊണ്ടല്ല ഇതു പറയുന്നത്. യൂണിഫോമിട്ട കാലത്തും എന്റെ നിലപാട് ഇതുതന്നെയാണ്. കൊട്ടാരക്കര സംഭവത്തിൽ പൊലീസ് വെടിവയ്ക്കണമായിരുന്നോ എന്ന ചർച്ചയുടെ പോലും ആവശ്യമില്ല. അക്രമി ഒരാളല്ലേ? ആക്രമിക്കപ്പെട്ടത് വനിതാ ഡോക്ടറല്ലേ? നിങ്ങൾ യൂണിഫോമിട്ട നാലു പൊലീസുകാർ അവിടെ നോക്കിനിൽക്കുന്നില്ലേ? വെടിയൊന്നും വയ്ക്കേണ്ട, അക്രമിയെ ഒന്നു പിടിച്ചുമാറ്റാമായിരുന്നില്ലേ?

ഇതിനു വ്യക്തമായ മറുപടി ലഭിക്കാൻ നാം പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലണം. അവിടെ എത്ര തോക്കുണ്ട്?, എത്ര വെടിയുണ്ടയുണ്ട്? അതെടുത്തു പ്രയോഗിക്കാൻ അധികാരമുള്ള എത്ര പൊലീസ് ഉദ്യോഗസ്ഥരുണ്ട്, വെടിവയ്ക്കേണ്ട സാഹചര്യത്തെക്കുറിച്ചു നിയമം പറയുന്നതെന്താണ്? നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥനെ പ്രതിയാക്കാൻ കഴിയുന്ന പഴുതുകൾ നിയമത്തിലുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കണം.

ഒരോ പ്രദേശത്തെയും ക്രിമിനൽ സാഹചര്യം, ചരിത്രം, കലാപ സാധ്യതകൾ എന്നിവ മുൻകൂട്ടി മനസ്സിലാക്കിയാണ് ഓരോ പൊലീസ് സ്റ്റേഷനിലും സൂക്ഷിക്കേണ്ട ആയുധങ്ങളുടെ സ്വഭാവവും എണ്ണവും സംബന്ധിച്ച മാനദണ്ഡമുണ്ടാക്കിയിട്ടുള്ളത്. ഒരോ പൊലീസ് ജില്ലയിലും അതിന്റെ കണക്കുകൾ സൂക്ഷിക്കുന്ന അധികാരിയാണു ഡിവൈഎസ്പി (ആംസ്). ആയുധങ്ങളുടെ പ്രവർത്തനക്ഷമതയും എണ്ണവുമെല്ലാം നിശ്ചയിച്ചു മേലധികാരികൾക്കു റിപ്പോർട്ട് ചെയ്യുന്നതും അദ്ദേഹമാണ്. ആയുധമെന്നു പറയുമ്പോൾ അതു തോക്കുമാത്രമല്ല, ലാത്തിയും കണ്ണീർവാതകവും വിലങ്ങുമെല്ലാം ഈ കണക്കിൽ ഉൾപ്പെടും.

പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണത്തിന് അനുസരിച്ചു ലഭിക്കുന്ന രണ്ടായുധങ്ങളാണു ലാത്തിയും റൈഫിളും. സ്റ്റേഷന്റെ അംഗസംഖ്യയും പ്രദേശത്തിന്റെ ക്രിമിനൽ സ്വഭാവവും അനുസരിച്ച് 20 മുതൽ 35 വരെ റൈഫിളുകൾ കേരളത്തിലെ ഒരോ പൊലീസ് സ്റ്റേഷനിലുമുണ്ടാവും. സ്റ്റേഷൻ പാറാവുകാരന്റെ കൈവശം സൂക്ഷിക്കുന്ന റൈഫിൾ പ്രവർത്തനക്ഷമമായിരിക്കും. മറ്റു റൈഫിളുകൾ തുടച്ചുമിനുക്കി എണ്ണയിട്ടു വയ്ക്കണമെന്നാണു ബ്രിട്ടിഷ്കാരുടെ കാലം മുതലുള്ള ചട്ടമെങ്കിലും പലപ്പോഴും അതിനു കഴിയാറില്ല.സിആർപിസി 144 അനുസരിച്ചു നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവരുന്ന കാലത്താണു അതിന്റെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളിലെ തോക്കുകളുടെ പ്രവർത്തനക്ഷമതയെപ്പറ്റി മേലധികാരികൾ പോലും ചിന്തിക്കുന്നത്.

ഇതിനു പുറമേ, സ്റ്റേഷൻ ഹൗസ് ഓഫിസർക്കും (ഇൻസ്പെക്ടർ), എസ്ഐമാർക്കും സർവീസ് റിവോൾവറും പിസ്റ്റളും ഉണ്ടാവും. അപകടകാരികളായ പ്രതികളുമായി ആശുപത്രിയിലോ കോട‌തിയിലോ പോകേണ്ടിവരുന്ന സന്ദർഭങ്ങളിൽ മേലധികാരിയുടെ രേഖാമൂലമുള്ള അറിവോടെ മാത്രമാണു സിവിൽ പൊലീസുകാർക്കു റിവോൾവർ സൂക്ഷിക്കാൻ കഴിയുന്നത്. എന്നാൽ ഈ ആവശ്യത്തിനു സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കു കൈമാറാനുള്ള തോക്കുകൾ വളരെ കുറച്ചേ കേരള പൊലീസിന്റെ പക്കലുള്ളൂ. ഉള്ള കൈത്തോക്കുകൾ വിഐപി ഡ്യൂട്ടിക്കും ഗൺമാൻമാരുടെ ഡ്യൂട്ടിക്കും പോകുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥർ കൈവശം വയ്ക്കും.

ബാക്കിയുള്ളവർക്ക്, ഭീകരനായ ഏതു പ്രതിയെയും നേരിടാൻ ലാത്തി ഉപയോഗിക്കാം. അതാണു കേരള പൊലീസിന്റെ ഭരണപരമായ നയം. ഇന്ത്യയിലെ എല്ലാ സംസ്ഥാന പൊലീസ് സേനകളുടെയും സ്ഥിതി ഇതല്ല. ഇതര സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പൊലീസിന്റെ ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെയും വ്യാജ ഏറ്റുമുട്ടലുകളുടെയും വാർത്തകർ ശ്രദ്ധിച്ചാൽ ഇക്കാര്യം മനസ്സിലാകും. പരിഷ്കൃത സമൂഹത്തിനു മാത്രമേ പരിഷ്കൃത പൊലീസിനെ ലഭിക്കുകയുള്ളൂ എന്നതാണു സാമൂഹിക ശാസ്ത്ര തത്വം.

സജ്ജനാർ സ്റ്റൈൽ കേരളത്തിൽ വിലപ്പോകുമോ?

1996 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥാനാണു കർണാടകയിലെ ഹുബ്ബള്ളി സ്വദേശി വിശ്വനാഥ് ചന്നപ്പ സജ്ജനാർ. വാറങ്കലിൽ 2 എൻജിനീയറിങ് വിദ്യാർഥിനികൾക്കു നേരെ ആസിഡ് ഒഴിച്ച 3 യുവാക്കളെ പൊതുജന പ്രതിഷേധത്തിന്റെ തുടർച്ചയായി പൊലീസ് അറസ്റ്റ് ചെയ്തു. പിറ്റേന്നു പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 3 പേരും കൊല്ലപ്പെട്ടു. ജനങ്ങൾ എസ്പി സജ്ജനാരെ പൂമാലയിട്ടു മധുരം നൽകി സ്വീകരിച്ചു. ആന്ധ്രയിൽ സജ്ജനാർ എസ്പിയും കമ്മിഷണറുമായി ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം ഗുണ്ടകളും മുഷ്കന്മാരായ പ്രതികളും വെടിയേറ്റു മരിക്കുന്നതു പതിവായി. ഇങ്ങനെയൊരു ഓഫിസറെ കേരളത്തിൽ വച്ചു പൊറുപ്പിക്കുമോ? പൊറ‌ുപ്പിക്കാൻ പാടുണ്ടോ? ആലോചിക്കുക.

പൊതുജന രക്ഷ, സ്വയരക്ഷയെന്ന നെല്ലും പതിരും

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 96 മുതൽ 106 വരെയുള്ള വകുപ്പുകൾ വിശദമായി ചർച്ച ചെയ്യുന്നതാണ് ഈ വിഷയം. മറ്റൊരാളുടെ ജീവൻ രക്ഷിക്കാനോ അതിനുള്ള ശ്രമത്തിനിടയിൽ സ്വന്തം ജീവൻ രക്ഷിക്കാനോ ഒരു പൊലീസ് ഉദ്യോഗസ്ഥനു ‘മതിയായ ശക്തി’ പ്രയോഗിക്കാം. ലഭ്യമായ ആയുധം പ്രയോഗിക്കാം. 10 വർഷത്തിലധികം തടവുശിക്ഷ ലഭിക്കാവുന്ന ഏതെങ്കിലും ഒരു കുറ്റകൃത്യം തടയാനാണ് ഒരുദ്യോഗസ്ഥൻ ഇതു ചെയ്യുന്നതെങ്കിൽ അതു നിയമം മൂലം സാധൂകരിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

പക്ഷേ, ‘മതിയായ ശക്തി’ എന്ന പ്രയോഗമാണു പ്രശ്നം. അപകടകരമായ ഒരു സാഹചര്യത്തിൽ അക്രമിയെ പ്രതിരോധിക്കാൻ പ്രയോഗിക്കേണ്ട ‘മതിയായ ശക്തി’ എത്രയെന്നു തീരുമാനിക്കുന്നത് ആ സാഹചര്യം നേരിടുന്ന ഉദ്യോഗസ്ഥനാണ്. എന്നാൽ അദ്ദേഹം ‘മതിയായ ശക്തി’ പ്രയോഗിക്കുന്നതിനിടെ അക്രമി കൊല്ലപ്പെട്ടാൽ ഇതേ ‘മതിയായ ശക്തി’യുടെ അളവുകോൽ കോടതിയിൽ തർക്കവിഷയമാവും. പലപ്പോഴും ഉദ്യോഗസ്ഥൻ ആയുധം പ്രയോഗിച്ച് അക്രമിയെ നിർവീര്യനാക്കിയ സംഭവത്തിന്റെ ന്യായാന്യായങ്ങൾ കോടതി പരിഗണിച്ചു വിധി പറയുന്നത് വർഷങ്ങൾക്കു ശേഷമായിരിക്കും.

മതിയായ ശക്തി

ബറേലിയിൽ (യുപി) യുവാവ‌ിനെ വെടിവച്ചു കൊന്ന എസ്‌ഐ: യുധീഷ്ഠർ സിങ്ങിനു 31 വർഷത്തിനു ശേഷമാണു കോടതി ജീവപര്യന്തം തടവു വിധിച്ചത്. വ്യാജ ഏറ്റുമുട്ടലിലാണു ബിരുദ വിദ്യാർഥിയായ മുകേഷ് ജോഹ്റി (21) കൊല്ലപ്പെ‌ട്ടതെന്നു കോടതി വിധിച്ചു. സർവീസ് റിവോൾവർ ഉപയോഗിച്ച ഉദ്യോഗസ്ഥനും കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കൾക്കും കേസിൽ സ്വന്തം വാദങ്ങളുണ്ട്. പക്ഷേ, കേസ് തീർപ്പാക്കാൻ 31 വർഷമെടുത്തു. ന്യായമായ സാഹചര്യത്തിൽ ‘മതിയായ ശക്തി’ മാത്രം പ്രയോഗിച്ച ഉദ്യോഗസ്ഥർ പോലും പിന്നീടു കോടതിയുടെ മുൻപിൽ കുറ്റക്കാരായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com