ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു റേയ്ച്ചലും റിച്ചഡും കുടുംബ ജീവിതത്തിലേക്ക്; മാറ്റമില്ലാതെ ജൂത മതാചാരങ്ങൾ

1. വധൂവരന്മാരായ റേച്ചലും റിച്ചഡും, 2. റേയ്ച്ചൽ മലാഖൈയും റിച്ചഡ് സാക്കറി റോവും കൊച്ചിയിലെ റിസോർട്ടിൽ ജൂത ആചാരപ്രകാരമുള്ള ചടങ്ങിൽ വിവാഹിതരായപ്പോള്‍.
SHARE

കൊച്ചി ∙ ഇണയായും തുണയായും പരസ്പരം സ്നേഹിച്ച് ആദരിച്ച് ജീവിതാവസാനം വരെ ഭാര്യാഭർത്താക്കന്മാരായി ജീവിക്കാമെന്നു ജൂത പുരോഹിതനായ റബായി ആരിയൽ ടൈസനു മുൻപാകെ സത്യം ചെയ്ത് റേയ്ച്ചൽ മലാഖൈയും റിച്ചഡ് സാക്കറി റോവും ഭാര്യാ ഭർത്താക്കൻമാരായി. 15 വർഷങ്ങൾക്കു ശേഷം കേരളത്തിൽ നടന്ന ജൂത മതാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകൾക്കു സാക്ഷ്യം വഹിക്കാൻ ഒട്ടേറെ പേരാണ് കൊച്ചിയിൽ എത്തിയത്. 

ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മഞ്ജുഷ മിറിയം ഇമ്മാനുവൽ എന്നിവരുടെ മകളും യുഎസിൽ ഡേറ്റ സയന്റിസ്റ്റുമായ റേയ്ച്ചലും യുഎസ് പൗരനും നാസ എൻജിനീയറുമായ റിച്ചഡ് സാക്കറി റോവുമാണു കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വിവാഹിതരായത്. റബായി വായിച്ചു നൽകിയ കെത്തുബ എന്ന വിവാഹ ഉടമ്പടി കേട്ട ശേഷം, മുന്തിരിവീഞ്ഞു നിറച്ച സ്വർണക്കാസയിൽ സൂക്ഷിച്ച മോതിരം ഇരുവരും പരസ്പരം അണിയിച്ചു. 

കേരളത്തിലെ ജൂതപ്പള്ളികളെല്ലാം സംരക്ഷിത പൈതൃക മേഖലകൾ ആയതിനാൽ വധൂവരന്മാർക്കു പുറമേ വിരലിൽ എണ്ണാവുന്ന ബന്ധുക്കൾക്കു മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കൂ. ഇതിനാലാണ് ആചാരപരമായ ചടങ്ങുകൾ മുഴുവൻ അതിഥികൾക്കും കാണാൻ കഴിയും വിധം ജൂതപ്പള്ളിക്കു പുറത്തു സ്വകാര്യ റിസോർട്ടിൽ ചൂപ്പ (മണ്ഡപം) കെട്ടി നടത്തിയത്.

റബായി ആരിയൽ ടൈസൺ ഇസ്രയേലിൽ നിന്നാണു കൊച്ചിയിലെത്തിയത്. റിച്ചഡ് റോവിന്റെയും സാന്ദ്ര നേടൽക റോവിന്റെയും മകനാണ് റിച്ചഡ് സാക്കറി റോവ്. മതാചാര പ്രകാരം വരൻ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചാണ് ഇരുവരും കുടുംബ ജീവിതത്തിലേക്കു കടന്നത്. തുടർന്ന് വധൂവരന്മാരുടെ ഒപ്പം ബന്ധുക്കളും ഇസ്രയേലി പാട്ടിനൊപ്പം ചുവടു വച്ചതോടെ ചടങ്ങ് സമാപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS