സ്ഥലം മാറിപ്പോകുന്നതിന്റെ തലേന്ന് വന്ന് ബാക്കി കൈക്കൂലി കൂടി വാങ്ങി; കൈക്കൂലിപ്പണത്തിന് രസീതും ലഭ്യമാണ്!

HIGHLIGHTS
  • കൊടുത്തിട്ടുണ്ടോ കൈക്കൂലി, അറിഞ്ഞിട്ടുണ്ടോ അഴിമതി ഫോൺ ഇൻ പരിപാടിയിൽ പങ്കുവയ്ക്കപ്പെട്ട അനുഭവങ്ങൾ
ernakulam news
SHARE

കൊച്ചി ∙ സർക്കാർ സേവനങ്ങൾ ഇത്ര ദിവസത്തിനകം ലഭ്യമാക്കണമെന്നു ഓരോ ഓഫിസിന്റെയും ചുവരിൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ടെങ്കിലും നിശ്ചിത ദിവസത്തിനകം ആ സേവനങ്ങൾ നൽകുന്ന ഓഫിസുകൾ വിരളം. സേവനങ്ങൾ വൈകിപ്പിക്കുന്നതാണ് കൈക്കൂലിയുടെ ആദ്യ പടി. ‘വേണം, അഴിമതിയില്ലാ നാട്’ ഫോൺ പരിപാടിയിലേക്കു ലഭിച്ച പരാതികളിൽ പലതും കൈക്കൂലിയുടെ ആഴവും വൈവിധ്യവും വെളിപ്പെടുത്തുന്ന വയായിരുന്നു.

വിലപ്പെട്ടതാണ് ആ പോക്കുവരവ്

റോഡരികിലെ ഒന്നര ഏക്കർ സ്ഥലം മകളുടെ വിവാഹത്തിനു വേണ്ടി വിൽക്കാൻ നോക്കുമ്പോഴാണു സ്ഥലം പോക്കുവരവ് ചെയ്തിട്ട് 40 വർഷത്തിലേറെയായി എന്നറിയുന്നത്. അപ്പന്റെ പേരിലുണ്ടായിരുന്ന ഭൂമി മകന് എഴുതിക്കൊടുത്തതാണ്. അപ്പൻ മരിച്ചു. വിൽപത്രം കാണാനില്ല. കച്ചവടം എളുപ്പത്തിൽ നടക്കില്ല. കവളങ്ങാട് സ്വദേശിയെ സഹായിക്കാൻ സമീപത്തെ വില്ലേജ് ഓഫിസർ രംഗത്തുവന്നു.

2022 ലാണു സംഭവം. സഹായത്തിന് പ്രതിഫലം 60000 രൂപ. 10000 രൂപ ആദ്യഗഡുവായി മേശപ്പുറത്തുവച്ചു. വസ്തുവിന്റെ പോക്കുവരവു നടത്തിക്കൊടുത്തു. അപ്പോഴേക്കും ഉദ്യോഗസ്ഥനു സ്ഥലംമാറ്റമായി. സ്ഥലം മാറിപ്പോകുന്നതിന്റെ തലേന്ന് ബാക്കി 20000 രൂപകൂടി അദ്ദേഹം കൈപ്പറ്റി.

കൈക്കൂലിപ്പണത്തിന് രസീത് വരെ ലഭ്യം

വീട് സർവീസ് അപ്പാർട്മെന്റ് ആക്കി മാറ്റുമ്പോൾ സെപ്റ്റിക് ടാങ്കിന്റെ എണ്ണം കൂട്ടണോ ? ആലുവ പുളിഞ്ചോട് സ്വദേശിയുടെ ഇടപ്പള്ളിയിലെ വീട് സർവീസ് അപ്പാർട്മെന്റ് ആക്കി മാറ്റാൻ കൊച്ചി കോർപറേഷന്റെ ഇടപ്പള്ളി മേഖലാ ഓഫിസിൽ അപേക്ഷ നൽകി. ഒരു സെപ്റ്റിക് ടാങ്ക് കൂടി വേണമെന്ന് ഉദ്യോഗസ്ഥനു നിർബന്ധം. ഏതു നിയമത്തിനും പരിഹാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 6 മാസത്തിനുള്ളിൽ ഒരു സെപ്റ്റിക് ടാങ്ക് കൂടി നിർമിച്ചുകൊള്ളാമെന്ന് സത്യവാങ്മൂലം നൽകിയാൽ മതി.

3000 രൂപ അതിന്റെ പേരിൽ അദ്ദേഹത്തിന്റെ പോക്കറ്റിൽ വീണു. 3 വർഷം ആ ഫ്ലാറ്റ് സർവീസ് അപ്പാർട്മെന്റ് ആയി പ്രവർത്തിപ്പിച്ചു. ഒറ്റ സെപ്റ്റിക് ടാങ്കിൽത്തന്നെ. ഒരു ഉദ്യോഗസ്ഥനും പരിശോധനയ്ക്കു വന്നില്ല. 3 വർഷവും കൈക്കൂലി കൊടുത്തു. ഒരു വർഷം സംഘടനയ്ക്കുള്ള പിരിവായാണു വാങ്ങിയത്. അതിനു രസീതു കൊടുത്തു.

കൈക്കൂലി ഒഴിവായി; കയർത്തു പറഞ്ഞപ്പോൾ

വൈറ്റില കണ്ണാടിക്കാട് സ്വദേശി വൈറ്റിലയിൽ ഒരു മുറി കട സ്വന്തമായി വാങ്ങി. ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മാറ്റാൻ കോർപറേഷൻ വൈറ്റില മേഖലാ ഓഫിസിൽ അപേക്ഷ നൽകി. എല്ലാ രേഖകളും ഉള്ള സ്ഥിതിക്ക് 15 ദിവസത്തിനകം ഉടമാവകാശം മാറ്റി സർട്ടിഫിക്കറ്റ് നൽകാം.

പക്ഷേ വൈകുന്നു. കൈക്കൂലി കൊടുക്കില്ലെന്നു തീരുമാനിച്ചു. 5 പ്രാവശ്യം കോർപറേഷൻ ഓഫിസിൽ കയറിയിറങ്ങി, കയർത്തു സംസാരിച്ചു. ഒടുവിൽ മൂന്നാം മാസം ഉടമസ്ഥതാ സർട്ടിഫിക്കറ്റ് ലഭിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA