ADVERTISEMENT

വൈപ്പിൻ∙ ഇടവേളയ്ക്കു ശേഷം വീണ്ടും വൈപ്പിൻ ദ്വീപ് ശുദ്ധജലത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ  പാതയിലേക്കെന്ന് സൂചന. പാചക ആവശ്യത്തിനു പോലും വെള്ളം കിട്ടാത്ത അവസ്ഥയിലാണ് പല പഞ്ചായത്തുകളിലും. ജല അതോറിറ്റി ഓഫിസുകളിൽ വെള്ളത്തിനു വേണ്ടിസമരം പതിവായിട്ടും ജനപ്രതിനിധികൾ പ്രശ്നത്തിൽ ഇടപെടുന്നുമില്ല. കോടിക്കണക്കിനു രൂപ ചെലവിട്ട് കൂറ്റൻ ജല സംഭരണികൾ സ്ഥാപിച്ച പഞ്ചായത്തുകളിലും സ്ഥിതി വ്യത്യസ്തമല്ല.

ഏറ്റവുമൊടുവിൽ മന്ത്രി ജലസംഭരണി ഉദ്ഘാടനം ചെയ്ത ഞാറയ്ക്കൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ മാസങ്ങളായി തുടരുന്ന ക്ഷാമത്തിന് മാറ്റമില്ല. എടവനക്കാട് പഞ്ചായത്തിന്റെ പല വാർഡുകളിലും ആഴ്ചകളായി വെള്ളമില്ല. കഴിഞ്ഞ ദിവസം പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ജല അതോറിറ്റി ഓഫിസിൽ നടത്തിയ സമരത്തെത്തുടർന്ന് എത്തിത്തുടങ്ങിയ വെള്ളത്തിന്റെ ശക്തി പിന്നീടുള്ള ദിവസങ്ങളിൽ കുറഞ്ഞു തുടങ്ങി. 

ഏക ആശ്രയം പൈപ്പ് വെള്ളം 

നാലുവശവും ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണെങ്കിലും ശുദ്ധജല സ്രോതസുകൾ ഏറെയുണ്ടായിരുന്ന പ്രദേശമാണ് വൈപ്പിൻ. എന്നാൽ പൈപ്പ് വെള്ളം എത്തിയതോടെ അത്തരം കിണറുകളും കുളങ്ങളും മൂടപ്പെടുകയോ മലിനമാക്കപ്പെടുകയോ ചെയ്‌തു. ആദ്യമൊക്കെ ആലുവയിലെ ശുദ്ധീകരണ പ്ലാന്റിൽ നിന്നു നേരിട്ടാണ് വൈപ്പിൻ ദ്വീപിന്റെ തെക്കേയറ്റം വരെ വെള്ളമെത്തിയിരുന്നത്.

പിൽക്കാലത്ത് ആവശ്യം പെരുകിയപ്പോൾ ചൊവ്വര –ഹഡ്‌കോ പദ്ധതികൾ ആവിഷ്‌കരിച്ചു. ചൊവ്വര പദ്ധതിയിൽ നിന്നുള്ള വെള്ളം പറവൂരിലെ ഗ്രൗണ്ട് ലെവൽ ടാങ്കിൽ സംഭരിച്ച ശേഷം വൈപ്പിനിലെ വിവിധ പഞ്ചായത്തുകളിലേക്ക് പമ്പു ചെയ്യുകയാണ്. നായരമ്പലം പഞ്ചായത്തു വരെ ഈ വെള്ളമെത്തും. ഞാറയ്ക്കൽ, എളങ്കുന്നപ്പുഴ പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നത് ഹഡ്കോ പദ്ധതിയിൽ നിന്നുള്ള വെള്ളമാണ്.   

വെള്ളം വഴി മാറ്റി വിടുന്നത് ആര് 

വൈപ്പിനിലേക്ക് വെള്ളം എത്തിക്കുന്നതിനായി ആവിഷ്കരിക്കപ്പെട്ട പദ്ധതികളിൽ നിന്നുള്ള വെള്ളം മറ്റിടങ്ങളിലേക്ക് വഴിമാറ്റി വിടുന്നതാണ് ക്ഷാമത്തിനുള്ള കാരണമെന്ന സംശയം ബലപ്പെടുന്നു. രാഷ്ട്രീയ  ഇടപെടൽ മുതൽ ഉദ്യോഗസ്ഥരുടെയും വാൽവ് ഓപ്പറേറ്റർമാരുടേയും താൽപര്യങ്ങൾ വരെ ഇതിനു പിന്നിലുണ്ടെന്നതും രഹസ്യമല്ല. ഏറ്റവുമൊടുവിൽ ഹഡ്കോ പദ്ധതിയിൽ നിന്നുള്ള ശുദ്ധജലം വഴി തിരിച്ചു വിടാൻ രഹസ്യ നീക്കം നടക്കുന്നതായുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

വടുതല പമ്പ് ഹൗസിൽ നിന്ന് വൈപ്പിനിലെ വിവിധ പഞ്ചായത്തുകളിലേക്ക് എത്തേണ്ട വെള്ളം ചിറ്റൂർ ഭാഗത്തേക്ക് തിരിച്ചു വിടാനുള്ള നീക്കത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ജനപ്രതിനിധികൾ വിഷയം ഏറ്റെടുത്തിട്ടുണ്ട്. നിലവിൽ വടുതലയിൽ നിന്ന് ചിറ്റൂർ ഭാഗത്തേക്കുള്ള ചെറിയ പമ്പ് മാറ്റി വലിയത് സ്ഥാപിക്കാനും പുതിയ ടാങ്ക് നിർമിക്കാനുമാണത്രെ. നീക്കം.

ഇതോടെ വൈപ്പിനിലെ എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ, നായരമ്പലം പഞ്ചായത്തിന്റെ തെക്കൻ മേഖല എന്നിവിടങ്ങളിലെ ജലക്ഷാമം രൂക്ഷമാവുമെന്നുള്ള കാര്യം ഉറപ്പാണ്. ഇത്തരം അനധികൃത ഇടപെടലുകൾ മുൻകാലങ്ങളിലും നടന്നിട്ടുണ്ടാവുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

വിതരണത്തിലെ ദുരൂഹത 

വൈപ്പിനിലെ ശുദ്ധജല ക്ഷാമത്തിനു പിന്നിൽ ദുരൂഹതകളും ബന്ധപ്പെട്ടവർക്കു പോലും വിശദീകരിക്കാൻ കഴിയാത്ത സംശയങ്ങളുമുണ്ടെന്ന ആക്ഷേപം ശക്‌തമാണ്. ഇപ്പോൾ അനുഭവപ്പെടുന്ന ക്ഷാമവും അതു ശരി വയ്‌ക്കുന്നതാണ്. പലപ്പോഴും പ്രത്യേകിച്ച്  കാരണമൊന്നുമില്ലാതെ പെട്ടെന്നാണ് മേഖലയിൽ വെള്ളം കിട്ടാതാവുക. വൈകാതെ അതു സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും.

പലപ്പോഴും ക്ഷാമത്തിനുള്ള കാരണം വ്യക്‌തമാക്കാൻ ഉദ്യോഗസ്‌ഥർക്ക് കഴിയാറില്ല. സമരം മുറുകുമ്പോൾ പൈപ്പുകളിൽ വെള്ളമെത്തുന്നതാണ് പതിവ്. എന്നാൽ ഇപ്പോൾ സമരങ്ങൾ കൊണ്ടും ഫലമില്ലാത്ത അവസ്ഥയാണ്. എംഎൽഎ അടക്കമുള്ളവരുടെ ഇടപെടലുകൾ ഉണ്ടാവാത്തതിനാൽ ഉദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ സമ്മർദമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com