മലയാറ്റൂർ∙ പണ്ടിയാൻചിറ നിവാസികൾ വന്യമൃഗങ്ങളൂടെ ആക്രമണ ഭീഷണിയിൽ. കഴിഞ്ഞ ദിവസം പൂണേലി ജോഷിയുടെ ഒരു കാളക്കുട്ടിയെയും പശുക്കിടാവിനെയും അജ്ഞാത ജീവി കൊന്നു ഭക്ഷണം ആക്കിയതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്. കണ്ണിമംഗലത്ത് വനഭാഗത്തോടു ചേർന്നാണ് കിടാരികളുടെ ജഡം കണ്ടെത്തിയത്. ഇവയുടെ മാസം കുറെ ഭാഗം അജ്ഞാത ജീവി ഭക്ഷിച്ചിട്ടുണ്ട്.
ബാക്കി ഉപേക്ഷിച്ചു പോയ നിലയിലാണ്. പുലിയായിരിക്കാം ഇവയെ ആക്രമിച്ചു കൊന്നത് എന്ന നിഗമനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും. പുലിയുടേതെന്നു കരുതുന്ന കാൽപാടുകൾ പരിസരത്ത് കാണാം. കിടാരിക്കൂട്ടത്തെ ആളൊഴിഞ്ഞ പുൽപ്രദേശങ്ങളിൽ മേയാൽ വിട്ടിരിക്കുകയായിരുന്നു. ഇതിൽ 2 എണ്ണം തിരികെ വരാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ജഡം കണ്ടത്.
2 ആഴ്ച മുൻപും പൂണേലി ജോഷിയുടെ ഒരു കിടാരിയെ പുലിയെന്നു കരുതുന്ന അജ്ഞാത ജീവി കൊന്നു തിന്നിരുന്നു. അതിനാൽ പുലിയുടെ സാന്നിധ്യം വനത്തിന്റെ സമീപ ഭാഗത്ത് തന്നെ ഉണ്ടെന്ന ഭീതിയിലാണ് നാട്ടുകാർ. രാത്രി വീട്ടിൽ നിന്നു പുറത്തിറങ്ങാൻ വീട്ടുകാർ ഭയക്കുന്നു. മലയാറ്റൂർ മലയ്ക്കു സമീപത്തുള്ള പണ്ടിയാൻചിറ ഭാഗത്ത് 10 വീട്ടുകാരാണുള്ളത്.
ഒരു മാസം മുൻപ് കാട്ടാനക്കൂട്ടം ഇവരുടെ കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. റബർ, തെങ്ങ്, വാഴ എന്നിവയാണ് കൂടുതലും നശിച്ചത്. 6 ആനകൾ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. കാട്ടുപന്നിയുടെ ശല്യവും നേരത്തെ ഈ ഭാഗത്ത് ഉണ്ടായിട്ടുണ്ട്.