നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി മമ്മൂട്ടിയുടെ 'വിദ്യാമൃതം-3'

SHARE

കൊച്ചി∙ പഠനത്തില്‍ മിടുക്കുകാട്ടുന്ന സാമ്പത്തികമായി പിന്നോക്കം നില്കുന്ന കുട്ടികള്‍ക്ക് കരുതലും കൈത്താങ്ങുമായി വീണ്ടും നടന്‍ മമ്മൂട്ടി. പ്ലസ് ടു ജയിച്ച നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് എം.ജി.എം.ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരമൊരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നല്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍.  200വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ധാരണാപത്രം മമ്മൂട്ടിക്ക് എം.ജി.എം.ഗ്രൂപ്പ് ടെക്നിക്കൽ കോളജസ് വൈസ് ചെയര്‍മാന്‍ വിനോദ് തോമസ് കൈമാറി. 

mammootty-2

എന്‍ജിനീയറിങ്,ഫാര്‍മസി,ബിരുദ,ഡിപ്ലോമ കോഴ്‌സുകളിലാണ് തുടര്‍പഠന സഹായം ലഭ്യമാക്കുന്നത്. എം.ജി.എം ഗ്രൂപ്പിന്റെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,എറണാകുളം,മലപ്പുറം,കണ്ണൂര്‍ ക്യാമ്പസുകളിലായാണ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനത്തിന് സൗകര്യമൊരുക്കും. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്‌കരിച്ച 'വിദ്യാമൃതം'പദ്ധതിയുടെ മൂന്നാംഘട്ടമാണിത്. 'വിദ്യാമൃതം-3' എന്നാണ് പേര്. 

mammootty-1

വീട്ടിലെ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടര്‍പഠനത്തിന് തടസ്സമാകുന്നുണ്ടെന്നും അവരുടെ സ്വപ്‌നങ്ങള്‍ സഫലമാക്കുന്നതിന് വഴിയൊരുക്കുകയാണ് 'വിദ്യാമൃത'ത്തിന്റെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു. കേരളത്തിലെ തന്നെ മികച്ച വിദ്യാഭ്യാസസ്ഥാപനമെന്ന് പേരെടുത്ത എം.ജി.എമ്മില്‍ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ കണ്ടെത്തുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനസൗകര്യമൊരുക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എം.ജി.എം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ഗീവര്‍ഗീസ് യോഹന്നാന്‍ പറഞ്ഞു.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പി.രാജ്കുമാര്‍, ഫുട്‌ബോള്‍ താരം സി.കെ.വിനീത്, കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ എസ്.ജോര്‍ജ്, റോബര്‍ട്ട് കുര്യാക്കോസ് എം ജി എം റിലേഷൻസ് മാനേജർ നിധിൻ ചിറത്തിലാട്ട് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംസ്ഥാന പ്രസിഡന്റ് അരുൺ എന്നിവരും പങ്കെടുത്തു. പദ്ധതിയുടെ വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9946483111, 9946484111, 9946485111

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA