ADVERTISEMENT

കൊച്ചി∙ മറൈൻഡ്രൈവിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയും തുടർന്നു ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നെടുക്കുകയും ചെയ്ത 2 യുവാക്കൾ അറസ്റ്റിലായി. വയനാട് ബത്തേരി ബീനാച്ചി പറമ്പത്ത് താഹിർ (21), കണ്ണൂർ തളിപ്പറമ്പ് തെക്കനത്ത് ആഷിൻ തോമസ് (25) എന്നിവരാണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്. വീട്ടിൽ നിന്നു 2 മോതിരവും ഒരു മാലയും അടങ്ങുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്നു പറഞ്ഞു മുളവുകാട് പൊലീസ് സ്റ്റേഷനിൽ പരാതി പറയാൻ ദമ്പതികൾ വന്നപ്പോഴാണു പ്രണയം നടിച്ചുള്ള പീഡനവിവരവും അതിന്റെ മറവിൽ നടന്ന സ്വർണക്കവർച്ചയും പൊലീസ് പുറത്തു കൊണ്ടുവന്നത്.

ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത മകളെ ചോദ്യം ചെയ്തതോടെയാണു കൂടുതൽ വിവരങ്ങൾ ലഭിച്ചത്. മറൈൻഡ്രൈവിൽ വച്ചു പെൺകുട്ടിയെ, നാട്ടിൽ മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന താഹിർ പരിചയപ്പെടുകയും ചാറ്റിങ്ങിലൂടെ പ്രണയക്കുരുക്കിൽ വീഴ്ത്തുകയുമായിരുന്നു. വിഷ്ണു എന്നു സ്വയം പരിചയപ്പെടുത്തിയ ഇയാൾ പിന്നീട്, പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്നു കൂട്ടാളിയായ ആഷിൻ തോമസിനോടൊപ്പമെത്തി പീഡനവിവരം പുറത്തറിയിക്കുമെന്നു ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ ആഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു. തട്ടിയെടുത്ത ആഭരണങ്ങൾ ആഷിനാണ് പണയംവച്ചതും വിറ്റതും.

ഒളിവിൽ പോയ താഹിറിനെ വയനാട്ടിലെ വീട്ടിൽ നിന്നു പൊലീസ് പിടികൂടുകയായിരുന്നു. താഹിറിനെക്കൊണ്ട് ആഷിനെ ഫോൺ ചെയ്യിച്ചു ഹൈക്കോടതി ജംക്‌ഷനിലെത്തിച്ചു പിടികൂടി. ആഭരണങ്ങൾ വിറ്റു ലഭിക്കുന്ന പണം കൊണ്ടു പ്രതികൾ ലഹരിമരുന്നു വാങ്ങുകയും ആർഭാടജീവിതം നയിക്കുകയായിരുന്നു. മുളവുകാട് എസ്‌ഐ എൻ.ജെ.സുനേഖ്, എഎസ്‌ഐ ശ്യാംകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ്, സിബിൽ ഭാസി, അരുൺ ജോഷി, അലോഷ്യസ്, സിന്ധ്യ, ശാലിനി, മിന്നു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com