ADVERTISEMENT

വൈപ്പിൻ∙ ഫിഷറീസ് വകുപ്പ് വൈപ്പിൻ നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച തീരസദസ്സിൽ 147 അപേക്ഷകൾ തീർപ്പാക്കി. വിവിധ വിഭാഗങ്ങളിലായി 464 അപേക്ഷകളാണ് ലഭിച്ചത്. 87,14,505 രൂപയുടെ ധനസഹായവും സദസ്സിൽ വിതരണം ചെയ്തു. പട്ടയം ലഭിക്കുന്നതിനു ലഭിച്ച 14 അപേക്ഷകളിലും ഭൂമി പോക്കു വരവ് ചെയ്യാൻ സാധിക്കുന്നില്ലെന്ന പരാതിയിലും റവന്യ‌ു വകുപ്പുമായി ആലോചിച്ച് അടിയന്തരമായി നടപടി സ്വീകരിക്കും. ലൈഫ് ഭവന പദ്ധതിയിൽ നേരിടുന്ന കാലതാമസം ഉന്നയിച്ച് ലഭിച്ച 22 പരാതികൾ പ്രധാന്യത്തോടെ പരിഗണിക്കുമെന്നും അധികൃതർ അറിയിച്ചു. വള്ളം, വല, എൻജിൻ എന്നിവ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന അപേക്ഷ പരിഗണിച്ച‌ു നടപടി സ്വീകരിക്കും.

മണ്ണെണ്ണ പെർമിറ്റുമായി ബന്ധപ്പെട്ടു ലഭിച്ച അപേക്ഷകൾ മത്സ്യഫെഡ് പരിശോധിച്ച് നടപടി സ്വീകരിക്കും. സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി 12 അപേക്ഷകൾ ലഭിച്ചു. ഭവന നവീകരണം, സാനിറ്റേഷൻ, ശുദ്ധജലം, ഡ്രയിനേജ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടത്തും. ലാപ്‌ടോപ് ലഭ്യമാക്കുക, തടി വള്ളത്തിന്റെ എണ്ണം കൂട്ടുക, തടി വള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ലഭിച്ച അപേക്ഷകൾ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പരിഹരിക്കാനാണ് ശ്രമം. വീടുകളിൽ വെള്ളം കയറുന്നതു മൂലം ഉണ്ടാകുന്ന നാശനഷ്ടം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച 23 അപേക്ഷകളിൽ വീരൻപുഴയുടെ ആഴം കൂട്ടുന്നതിനും കായലിലെയും റോഡുകളിലെയും മണലും ചെളിയും നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി.

ക്ഷേമനിധി അംഗത്വം, ക്ഷേമനിധി പെൻഷൻ, ചികിത്സ സഹായം, മത്സ്യ തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ ലഭിച്ചു. കടൽ ഭിത്തി, തീരദേശ ഹൈവേ, പാലം നിർമാണം, ഫിഷ് ലാൻഡിങ് സെന്റർ നിർമാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 20 പരാതികൾ കിട്ടി. കടൽഭിത്തി നിർമാണം, തീരദേശ സംരക്ഷണം, പുലിമുട്ട് സ്ഥാപിക്കൽ, തുടങ്ങിയ വിഷയങ്ങളിൽ ലഭിച്ച 54 അപേക്ഷകളിൽ മേജർ ഇറിഗേഷൻ വകുപ്പുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കും. തീരദേശ ഹൈവേ നിർമാണത്തിനുള്ള അലൈൻമെന്റ് മാറ്റുന്നതിന് 19 നിവേദനം ലഭിച്ചു.

ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 113 അപേക്ഷകൾ പരിഹരിച്ചു. ജോലിക്കിടെ മരിച്ച മത്സ്യത്തൊഴിലാളികളായ ഏഴിക്കര കോഴിപ്പുറത്ത് വീട്ടിൽ ബാബു, എളങ്കുന്നപ്പുഴ പാണിക്കശ്ശേരി വീട്ടിൽ പി.ബി.ഷാജി എന്നിവരുടെ കുടുംബങ്ങൾക്ക് അപകട ഇൻഷുറൻസ് പദ്ധതി വഴി അനുവദിച്ച 10 ലക്ഷം രൂപ വീതം ചടങ്ങിൽ കൈമാറി. ബാബുവിന്റെ ഭാര്യ വിനീത, ഷാജിയുടെ ഭാര്യ ഷീജ എന്നിവർ സഹായം ഏറ്റുവാങ്ങി. വിവിധ അപേക്ഷകൾ പരിശോധിച്ച് വിവാഹ ധനസഹായമായി 138 ഗുണഭോക്താക്കൾക്ക് 10,000 രൂപ വീതം വിതരണം ചെയ്തു.

മരണാനന്തര ധനസഹായമായി 21 പേർക്ക് 15,000 രൂപ വീതം നൽകി. സാഫ് വനിതാ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്ക് പ്രവർത്തന മൂലധനമായി 8,99,505 രൂപയും നൽകി.മത്സ്യഫെഡിന്റെ നേതൃത്വത്തിൽ എടവനക്കാട്, പഴങ്ങാട്, പള്ളിപ്പുറം, കുഴുപ്പള്ളി എന്നിവിടങ്ങളിലുള്ള എഫ്ഡിഡബ്ല്യുസിഎസ് സൊസൈറ്റികൾക്കായി 41,20,000 രൂപയും വിതരണം ചെയ്തു. മത്സ്യത്തൊഴിലാളികൾക്കായി കോസ്റ്റ് ഗാർഡ് നൽകുന്ന 25 ലൈഫ് ജാക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. മത്സ്യമേഖലയിൽ നിന്ന് വിവിധ രംഗങ്ങളിൽ പ്രാവീണ്യം തെളിയിച്ച 8 പേരെയും കലാകായിക, വിദ്യാഭ്യാസ മേഖലകളിൽ മികവ് തെളിയിച്ച 15 പേരെയും ചടങ്ങിൽ അനുമോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com